ജിയോയ്ക്ക് പിന്നാലെ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് എയര്‍ടെല്ലും. കൊച്ചിയിലാണ് ഇപ്പോള്‍ 5 ജി എത്തിയിട്ടുള്ളത്. 5ജി പ്ലസ് എന്ന പേരിലാണ് എയര്‍ടെല്ലിന്റെ 5ജി സേവനങ്ങള്‍ കേരളത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. കൊച്ചി നഗരത്തില്‍ റിലയന്‍സ് ജിയോയുടെ ട്രൂ 5 ജി സേവനം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് എയര്‍ടെലും രംഗത്തെത്തുന്നത്.
കൊച്ചി നഗരത്തില്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ സേവനം ലഭ്യമാണ്. കടവന്ത്ര, പനമ്പിള്ളി നഗര്‍, കലൂര്‍, കച്ചേരിപ്പടി, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, തോപ്പുംപടി, രവിപുരം എന്നിവിടങ്ങളിലെല്ലാം സേവനം ലഭ്യമാകും.
നെറ്റ്വര്‍ക് പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് സേവനം എറണാകുളം നഗരത്തിലാകെ ലഭ്യമാക്കും. അടുത്ത ഘട്ടത്തില്‍ കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും 5ജി സേവനം ലഭ്യമാക്കാനാണ് എയര്‍ടെല്ലിന്റെ പദ്ധതി. 4 ജിയേക്കാള്‍ 30 ഇരട്ടിയോളം വേഗമുള്ള 5ജിയില്‍ സെക്കന്‍ഡില്‍ 1.2 ജിബി വരെ വേഗമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷന്‍, മികച്ച വിഡിയോ സ്ട്രീമിംഗ് മള്‍ട്ടിപ്പിള്‍ ചാറ്റിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ജിയോ തങ്ങളുടെ 5ജി സേവനങ്ങള്‍ ചേര്‍ത്തലയിലും ആരംഭിച്ചിരുന്നു. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും ജിയോ പുതുതായി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
എയര്‍ടെല്‍ 4ജി സിം ഉപയോഗിക്കുന്നവര്‍ക്ക് നിലവിലെ ഡേറ്റ പ്ലാനുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ സിം മാറാതെ 5ജി സേവനം ഉപയോഗപ്പെടുത്താം. 5ജി ഹാന്‍ഡ് സെറ്റുള്ളവര്‍ക്ക് നിലവില്‍ 5ജി ഓപ്ഷന്‍ ലഭ്യമായിരിക്കും.
എയര്‍ടെലിന്റെ താങ്ക്‌സ് ആപ്പിലും താരിഫുകളും സേവനങ്ങളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട് ഫോണില്‍ 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ സാധിക്കും. റീ ചാര്‍ജും തെരഞ്ഞെടുക്കാം. ലൊക്കേഷനില്‍ എയര്‍ടെല്‍ 5ജി പ്ലസിന്റെ ലഭ്യതയും ഇതിലൂടെ പരിശോധിക്കാം.