കലിഫോർണിയ: എഐ (നിർമിത ബുദ്ധി) സംവിധാനങ്ങൾ നിർമിക്കാൻ ഗൂഗിൾ ഡീപ്മൈൻഡ് വരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ആണ് ഗൂഗിൾ ഡീപ്മൈൻഡ് പ്രഖ്യാപനം നടത്തിയത്. ഗൂഗിൾ ബ്രെയിനെയും ഡീപ്മൈൻഡിനെയും സംയോജിപ്പിച്ചാണ് ഗൂഗിൾ ഡീപ്മൈൻഡ് രൂപീകരിക്കുന്നത്. ഗൂഗിളിന്റെ അനുബന്ധ സ്ഥാപനമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് റിസർച്ച് ലബോറട്ടറിയാണ് ഡീപ്മൈൻഡ് ടെക്നോളജീസ്.
2014ൽ ഗൂഗിൾ ഏറ്റെടുക്കുന്നതിന് മുന്പ് 2010 ലാണ് ഇത് സ്ഥാപിതമായത്. ബ്രിട്ടീഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനും സംരംഭകനുമായ ഡെമിസ് ഹസാബിസാണ് ഡീപ്മൈൻഡിന്റെ സ്ഥാപകനും സിഇഒയും. 2015ൽ ഗൂഗിളിന്റെ കോർപറേറ്റ് പുനർനിർമ്മാണത്തിന് ശേഷം ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റ് ഇൻകോർപ്പറേറ്റിന്റെ പൂർണഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി ഡീപ് മൈൻഡ് മാറുകയായിരുന്നു. ഡെമിസ് സ്ഥാപിച്ച കന്പനിയായ ഡീപ്മൈൻഡിനെ 50 കോടി ഡോളറിനാണ് ഗൂഗിൾ ഏറ്റെടുത്തത്. ഗൂഗിൾ ബ്രെയിനാവട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി പ്രവർത്തിക്കുന്ന ഗൂഗിളിലെ ഗവേഷണ സംഘമാണ്.
ഗൂഗിൾ ഡീപ്മൈൻഡ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യം വിശാലവും ഒന്നിലധികം ഉത്പന്നങ്ങളെ ഉൾക്കൊള്ളുന്നതുമാണ്. ആദ്യത്തെ വലിയ ഉത്പന്നങ്ങൾ മികച്ച മൾട്ടിഡയമെൻഷണൽ എഐ മാതൃകകളുടെ ഒരു പരന്പരയായിരിക്കുമെന്നു സുന്ദർ പിച്ചൈ സൂചിപ്പിച്ചു. മൾട്ടി മോഡൽ എഐ എന്ന വാക്കാണ് ഗൂഗിൾ ഡീപ്മൈൻഡിന്റെ ലക്ഷ്യത്തെക്കുറിച്ച് വിശദമാക്കാൻ സുന്ദർ പിച്ചൈ ഉപയോഗിച്ചത്. മൾട്ടിമോഡൽ എഐ എന്നത് ടെക്സ്റ്റ് ഉള്ളടക്കം മാത്രമല്ല. വിഷ്വൽ, ഓഡിറ്ററി, വീഡിയോ ഇൻപുട്ടുകൾ എന്നിവ ഉപയോഗിച്ച് കംപ്യൂട്ട് ചെയ്യാൻ കഴിയുന്ന ഒരു എഐയെയാണ് സൂചിപ്പിക്കുന്നത്. ഗൂഗിൾ ഡീപ്മൈൻഡിലൂടെ എഐയുടെ മേഖലയിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ രീതിയിൽ പരമാവധി സ്വാധീനം നേടുകയാണു തങ്ങളുടെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്എഐ ചാറ്റ്ജിപിടിയുടെ വിജയമാണ് ഗൂഗിൾ ഡീപ്മൈൻഡ് ആരംഭിക്കാൻ പ്രേരിപ്പിച്ചത്. ഗൂഗിൾ റിസർച്ചിൽ നിന്നുള്ള വിദഗ്ധരും ആൽഫബെറ്റ് ഡീപ് മൈൻഡിലെ ബ്രെയിൻ ടീമും ചേർന്നാണ് ഗൂഗിൾ ഡീപ് മൈൻഡിൽ പ്രവർത്തിക്കുക. ഗൂഗിൾ റിസർച്ച്, ഗൂഗിൾ ഡീപ്മൈൻഡ് എന്നിവയുടെ ചീഫ് സയന്റിസ്റ്റായി ജെഫ് ഡീൻ പ്രവർത്തിക്കും. ജെഫ് ഡീനും ഡെമിസ് ഹാബിസും ചേർന്ന് പുതിയ ലോകക്രമം സൃഷ്ടിക്കുമെന്നാണ് ഗൂഗിൾ ഡീപ്മൈൻഡ് രൂപീകരണ സമയത്ത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞത്.
ഗൂഗിൾ ഡീപ്മൈൻഡ് രൂപീകരിച്ചെങ്കിലും അൽഗരിതങ്ങളും സിദ്ധാന്തവും സ്വകാര്യതയും സുരക്ഷയും ക്വാണ്ടം കംപ്യൂട്ടിംഗും അടക്കമുള്ള മേഖലകളിലുടനീളമുള്ള കംപ്യൂട്ടർ സയൻസിലെ അടിസ്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ഗൂഗിൾ റിസർച്ച് അതിന്റെ സുപ്രധാന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എഐ മനുഷ്യർക്കു പ്രശ്നം സൃഷ്ടിക്കില്ലെന്നും മനുഷ്യരുടെ സ്വഭാവത്തിലെ നന്മയും തിന്മയും പ്രതിഫലിപ്പിക്കുന്നതുമാണ് എഐ എന്നും അദ്ദേഹം പറഞ്ഞു.
കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ നാടകീയമായി മെച്ചപ്പെടുത്തുന്ന, വ്യവസായങ്ങളെ രൂപാന്തരപ്പെടുത്തുന്ന, ശാസ്ത്രത്തിന്റെ പുരോഗതിയെ മുന്നോട്ടു നയിക്കുന്ന, വൈവിധ്യമാർന്ന കമ്യൂണിറ്റികളെ സേവിക്കുന്ന എഐ ഗവേഷണങ്ങളും ഉത്പന്നങ്ങളും എത്തിക്കുന്നതിനുള്ള യഥാർഥ അവസരമാണു ഗൂഗിൾ ഡീപ്മൈൻഡ് രൂപീകരിച്ചതിലൂടെ ലഭിച്ചിരിക്കുന്നതെന്നാണ് ഗൂഗിൾ റിസർച്ച്, ഗൂഗിൾ ഡീപ്മൈൻഡ് എന്നിവയുടെ ചീഫ് സയന്റിസ്റ്റായ ജെഫ് ഡീൻ വിശേഷിപ്പിച്ചത്.