advertisement
Skip to content

എഐ മത്സരത്തിനായി ആപ്പിളും

അപ്രതീക്ഷിതമായി രംഗത്തെത്തി ടെക്നോളജി ലോകത്തെ അമ്പരപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേര്‍ച് സംവിധാനമായ ചാറ്റ്ജിപിടി അഴിച്ചുവിട്ടത് അടുത്ത തലമുറയിലെ കിടമത്സരങ്ങളിലൊന്നാണ് എന്ന് ടെക്നോളജി ലോകം കരുതുന്നു. ചാറ്റ്ജിപിടിയുടെ അഭൂതപൂര്‍വമായ വിജയം കണ്ട് ഞെട്ടിയുണര്‍ന്ന ഗൂഗിള്‍ തങ്ങളുടെ എഐ സംവിധാനമായ ബാര്‍ഡിനെ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതിന് വേണ്ടത്ര പക്വതയാര്‍ജിക്കാനായോ എന്നു സംശയമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും, പുതിയ നീക്കങ്ങള്‍ ആപ്പിള്‍ കമ്പനിയെയും ഉണര്‍ത്തിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയാനായി കമ്പനിയുടെ ജോലിക്കാര്‍ക്ക് 'എഐ സമ്മിറ്റ്' വിളിച്ചിരിക്കുകയാണ് ആപ്പിള്‍.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പല സമ്മേളനങ്ങളും മാറ്റിവച്ച ആപ്പിള്‍ ഇപ്പോള്‍ തങ്ങളുടെ അഭിമാന സ്ഥാനങ്ങളിലൊന്നായ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ വച്ച് കമ്പനിയുടെ ജോലിക്കാര്‍ക്ക് മാത്രമായാണ് മീറ്റിങ് വിളിച്ചിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക് ഗുര്‍മന്‍ പറയുന്നു. ആപ്പിളിന്റെ ഈ വര്‍ഷത്തെ എഐ സമ്മിറ്റ് ചാറ്റ്ജിപിടിയുടെ അതിവേഗ വളര്‍ച്ചയുടെ പശ്ചാത്തലത്തിലായിരിക്കും നടക്കുക. ലേഖനങ്ങള്‍, തമാശകള്‍, കവിതകള്‍ തുടങ്ങിയവ മുതല്‍ കംപ്യൂട്ടര്‍ കോഡുകളിലെ തെറ്റുതിരുത്താന്‍ പോലും ഉപയോഗിക്കാവുന്ന ഒന്നായ ചാറ്റ്ജിപിടി ഒരു കൊടുങ്കാറ്റുപോലെയാണ് ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. 'മനുഷ്യത്വമുള്ള' ഉത്തരങ്ങളാണ് ചാറ്റ്ജിപിടിയില്‍ നിന്ന് ലഭിക്കുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നു.

കാലോചിതമായി നവീകരിച്ചില്ലെങ്കില്‍ ടെക്നോളജി മേഖലയില്‍ ഏതൊരു കമ്പനിയും നിസാര സമയം കൊണ്ട് കാലഹരണപ്പെടാമെന്ന് വ്യക്തമായി അറിയാം ആപ്പിളിന്. ആപ്പിള്‍ വാങ്ങിയ കമ്പനികളിലൊന്ന് അത്യാധുനിക എഐ ഗവേഷണം നടത്തിവന്ന വിലിന്‍ക്സ് (Vilynx) ആണ്. ബാർസിലോന കേന്ദ്രമായിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. കംപ്യൂട്ടര്‍ വിഷന്‍ കമ്പനിയായ സെനോര്‍.എഐയും (Xnor.ai) ആപ്പിള്‍ ഏറ്റെടുത്തിരുന്നു. ഇത് പ്രവര്‍ത്തിച്ചിരുന്നത് വാഷിങ്ടനിലാണ്. ചാറ്റിജിപിടിയും ഗൂഗിളിന്റെ ബാര്‍ഡും അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് റിമോട്ട് ഡേറ്റാ സെന്ററുകളെ കേന്ദ്രീകരിച്ചാണെങ്കില്‍ സെനോര്‍.എഐക്ക് ഒരു ഉപകരണത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ട്.

തങ്ങള്‍ പുറത്തിറക്കുന്ന ഉപകരണങ്ങളില്‍ നൂതന എഐ മെഷീന്‍ ലേണിങ് കേന്ദ്രീകൃത ഫീച്ചറുകള്‍ ധാരാളമായി ഉള്‍ക്കൊള്ളിച്ചു തുടങ്ങിയിരിക്കുകയാണ് ആപ്പിളെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, ഗൂഗിളിന്റെ ഡേറ്റാ ശാസ്ത്രജ്ഞനായ സാമി ബെന്‍ജിയോയെ (Bengio) 2021ല്‍ ആപ്പിള്‍ ജോലിക്കെടുത്തിരുന്നു. ഇദ്ദേഹമാണ് ആപ്പിളിന്റെ എഐ ഗവേഷണം നയിക്കുന്നതെന്നാണ് സൂചന. കമ്പനിയുടെ മെഷീന്‍ ലേണിങ്, എഐ സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് ജോണ്‍ ഗിയനാനാന്‍ഡ്രിയയുടെ (Giannandrea) കീഴിലാണ് സാമി പ്രവര്‍ത്തിക്കുന്നത്. ആപ്പിളിന്റെ എഐ സമ്മിറ്റ് ഒരു സ്വകാര്യ സമ്മേളനമായതിനാല്‍ ഇതില്‍ നിന്ന് എന്തു പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് മുന്‍കൂട്ടി പറയാനാവില്ല. ഗൂഗിളിനെ പോലെ ആപ്പിൾ തങ്ങളുടെ അടുത്ത ചുവടുവയ്പ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവിടുമോ എന്നും അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest