കേരളത്തിൽ ഡിസംബറിനകം സേവനം നൽകാൻ നീക്കവുമായി കമ്പനികൊച്ചി: കേരളത്തിൽ ഈവർഷം ഡിസംബറിനകം തന്നെ 5ജി സേവനം ഉറപ്പാക്കാനുള്ള ഊർജിതനീക്കവുമായി ബി.എസ്.എൻ.എൽ. വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ബി.എസ്.എൻ.എൽ 5ജി സർവീസ് ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അന്നുണ്ടായില്ലെങ്കിലും ഡിസംബറിന് മുമ്പേ കേരളത്തിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 5ജി നൽകാനാണ് ബി.എസ്.എൻ.എല്ലിന്റെ ശ്രമം.സംസ്ഥാനത്ത് ബി.എസ്.എൻ.എല്ലിന്റെ 11,500 ടവറുകളിൽ 6,000ലേറെ എണ്ണത്തിലും 4ജി ജോലികൾ പുരോഗമിക്കുകയാണ്. ആദിവാസിമേഖലയിലുൾപ്പെടെ വിദൂരപ്രദേശങ്ങളിൽ 170 പുതിയ ടവറുകൾ നിർമ്മാണത്തിലാണ്. 200 ടവറുകൾ കൂടി പരിഗണനയിലുണ്ട്. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ള 915 എണ്ണത്തിൽ മാത്രമാണ് സംസ്ഥാനത്ത് 4ജി സൗകര്യം.4ജിയിൽ സോഫ്‌റ്റ്‌വെയർ അപ്ഗ്രേഡിംഗ് നടത്തി പെട്ടെന്നുതന്നെ 5ജിയിലേക്ക് മാറാനാകുമെന്നതാണ് ബി.എസ്.എൻ.എല്ലിന്റെ ആത്മവിശ്വാസം. റിലയൻസ് ജിയോയാണ് 5ജി സർവീസ് ആദ്യമായി കേരളത്തിൽ ആരംഭിച്ചത്. എയർടെല്ലും വീയും പിന്നാലെയുണ്ട്.ഇന്ത്യയുടെ ആത്മനിർഭർ 5ജി
ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഇന്ത്യൻ നിർമ്മിതമായ പുതിയ സാങ്കേതിക വിദ്യയിൽ മാത്രം ഇനി അപ്ഗ്രഡേഷൻ മതിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത നിലപാട് കാരണം മറ്റ് സേവനദാതാക്കൾ 5ജിയിലേക്ക് മാറുമ്പോഴും ബി.എസ്.എൻ.എൽ മൗനത്തിലായിരുന്നു.ടാറ്റാ കൺസൾട്ടൻസി സർവീസസിനും (ടി.സി.എസ്) കേന്ദ്രത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലിമാറ്റിക്സിനും ഇതിന്റെ ചുമതലയും നൽകി. ദൗത്യത്തിൽ ഇവർ വിജയിച്ചതായാണ് റിപ്പോർട്ട്. ട്രയലും തുടങ്ങി. ബി.എസ്.എൻ.എൽ സ്വിച്ചിംഗ് സെന്ററുകളിൽ സിസ്റ്റം സ്ഥാപിക്കാൻ കേന്ദ്ര അനുമതിക്ക് കാക്കുകയാണ് ടി.സി.എസ്.വിജയിച്ചാൽ ആഗോള ബ്രാൻഡ്4ജി, 5ജി ടെക്നോളജി സാംസംഗ് (കൊറിയ), നോക്കിയ (ഫിൻലൻഡ്), എറിക്സൺ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി.ഇ (ചൈന) എന്നീ പ്രധാന കമ്പനികൾക്ക് മാത്രമേയുള്ളൂ. ഇന്ത്യൻ ടെക്നോളജി വിജയിച്ചാൽ ടെലികോംമേഖലയിൽ ടി.സി.എസ് ആഗോള ബ്രാൻഡായി മാറും.