രാ.പ്രസാദ്
മലയാളത്തിൽ മനോഹരമായ സഞ്ചാരസാഹിത്യകൃതികൾ എഴുതപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ പ്രമുഖൻ പൊറ്റക്കാട് ആണെങ്കിലും
എഴുത്തു വഴിയിൽ മാറി സഞ്ചരിച്ച എഴുത്തുകൾ വേറെയുണ്ട്.
അവയിൽ രാജൻ കാക്കനാടൻ എഴുതിയ 'ഹിമവാന്റെ മുകൾത്തട്ടിൽ' എന്ന പുസ്തകം ഹിമവാനെ പോലെ തലയുയർത്തി നിൽക്കുന്നു.
ഹിമവാന്റെ തണുത്തുറഞ്ഞ ഹൃദയത്തിലൂടെ നടത്തുന്ന ഒരു കാവ്യയാത്രയാണത്. നമ്മളെ ഒത്തിരി അനുഭവിപ്പിക്കുന്ന ഒരു ചെറിയ പുസ്തകം .പിന്നെ രവീന്ദ്രന്റെ യാത്രാരേഖകൾ ഉണ്ട്. ഭാഷ കൊണ്ടും നിരീക്ഷണം കൊണ്ടും നമ്മെ ആനന്ദിപ്പിച്ചവ. ചരിത്രവിശകലനം കൊണ്ട് മുസഫർ നമ്മെ പേർഷ്യൻ ഭൂമികയിലൂടെ ആഴത്തിൽ കൊണ്ടു പോയിട്ടുണ്ട്.
സംവിധായകനും ഛായാഗ്രഹകനുമായ വേണു നടത്തിയ ഇന്ത്യൻ യാത്രകൾ മനോഹരമാണ്. യാത്രയുടെ രാജപാത വിട്ട് മാറി നടന്നവരാണ് ഇവരെല്ലാം. നല്ല യാത്രാവിവരണങ്ങൾ ഒരേസമയം ആത്മകഥകൾ കൂടിയാണ്. യാത്രികന്റെ മനസ്സിലൂടെ അനുഭവങ്ങൾ പങ്കിട്ട് വായനക്കാരെ ഒപ്പം കൊണ്ടു പോകുന്നവ. ഇപ്പോൾ മലയാളത്തിൽ അത്തരമൊരു യാത്രാവിവരണം സഞ്ചാരമാരംഭിച്ചിരിക്കുന്നു .
അമ്മു വള്ളിക്കാട്ടിന്റെ ഈജിപ്ഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. 'ഹൈറോഗ്ലിഫിസ്' എന്നാണ് പുസ്തകത്തിൻറെ പേര്.
ഈജിപ്തിലേക്ക്, പിരമിഡുകളിലേക്ക്, നൈൽ നദിയുടെ ഹൃദയത്തിലേക്ക്, അതിൻ്റെ സംസ്കാരങ്ങളിലേക്ക്, ചരിത്രങ്ങളിലക്ക് ഒക്കെയും നടത്തുന്ന ഒരു യാത്ര. അതേ സമയം ഇതൊരു ആത്മാന്വേഷണയാത്ര കൂടിയാകുന്നു. ആത്മാന്വേഷണം എന്ന് പറയുമ്പോൾ അതിന് വിശാലമായ ഒരു അർത്ഥം ഇവിടെ സ്വീകരിക്കേണ്ടതുണ്ട്. ഒരു കവിക്ക് തന്നെത്തന്നെ കണ്ടെത്താൻ ഉതകുന്നതാണ് ഓരോ വഴികളും. ദൂരെയുള്ള നഗരങ്ങളിലേക്ക്, നക്ഷത്രങ്ങളിലേക്ക്, പ്രപഞ്ചങ്ങളിലേക്ക് പോകുന്ന ഒരാൾ മനസ്സുകൊണ്ട് സ്വന്തം നാടിൻ്റെ മടിത്തട്ടിലേക്കും മണങ്ങളിലേക്കും ചരിത്രത്തിലേക്കും കൂടിയാണ് സഞ്ചരിക്കുന്നത്. അമ്മുവിൻ്റെ യാത്രക്കുറിപ്പുകൾ അത് തെളിയിക്കുന്നു
ഇവിടെ വിശ്വാസങ്ങളുണ്ട്. പ്രതീക്ഷകളുണ്ട്. പ്രണയമുണ്ട്. സഹാനുഭൂതിയുണ്ട്. എന്തിന് ജാതിപരമായും മതപരമായും ലിംഗപരമായും മനുഷ്യരെ വേർതിരിക്കുന്ന മനോഭാവങ്ങളോടുള്ള കലഹിക്കലുണ്ട്. എല്ലാറ്റിനും ഉപരി കവിതയുടെ തലത്തിലേക്ക്, എന്തിന് കവിത തന്നെയായി ഈ യാത്രയെഴുത്ത് മാറുന്നുണ്ട്. ചിത്രകാരനെ പോലെ വർണ്ണങ്ങൾ വാരിചൊരിയുന്ന ധൂർത്തുണ്ട്. .ചലച്ചിത്രകാരനെ പോലെ ദൃശ്യങ്ങൾക്ക് ജീവനേകുന്നുണ്ട് .
മനുഷ്യമനസിനെ പുതുക്കിപ്പണിതു കൊണ്ട്, ഭാഷയെത്തന്നെ തന്നെ ടൂൾ ആക്കി ഒരു എൻജിനീയറിങ് വിരുത് പ്രകടമാക്കുന്നുമുണ്ട് എഴുത്തുകാരി.
കവി, അങ്ങനെ തന്നെ വിളിക്കട്ടെ, സാമൂഹിക അവസ്ഥകളിൽ നിന്നും ഒരു നിമിഷം പോലും മാറി നിൽക്കുന്നില്ല. അവർ വാക്കുകൾ കൊണ്ട് മഹാശിലകൾ ഉയർത്തി നമുക്ക് മുന്നിൽ പിരമിഡുകൾ പണിയുന്നു. അതിനുള്ളിലെ തണുത്ത ഇരുട്ടിലൂടെ ഒപ്പം നടത്തുന്നു .മൂവായിരം വർഷം ആയുസ്സുള്ള, മൃതദേഹങ്ങളുടെ മരണാനന്തരജീവിതം കാട്ടിത്തരുന്നു .നശിച്ച ക്ഷേത്രങ്ങളിലെ അനാഥരായ ദൈവങ്ങളെ എഴുത്ത് എന്ന മ്യൂസിയത്തിൽ കാട്ടിത്തരുന്നു.
ഒരു ഗൈഡിനെ പോലെയോ, ഒരു സുഹൃത്തിനെ പോലെയോ. ചിലപ്പോഴൊക്കെ ജീവിതത്തിൻറെ കൈപ്പിടിയിൽ നിന്ന് കുതറിമാറി ഓടുന്ന ഒരു കുട്ടിയെ പോലെ അമ്മുവിൻ്റെ വാക്കുകൾ ഓടിപ്പോകുന്നു. നടക്കുകയും നൃത്തമാടുകയും ചിരിക്കുകയും മോഹിക്കുകയും ചെയ്യുന്നു .
ദേശത്തിനും ഭാഷയ്ക്കും നിറത്തിനും അപ്പുറമുള്ള മനുഷ്യരെ അതു സ്നേഹിക്കുന്നു .ദേശം, കല, ചരിത്രം, രാഷ്ട്രീയം, വികസനം, വ്യക്തിപരവും സാമൂഹ്യപരവുമായ ദുഃഖങ്ങൾ തുടങ്ങിയ എടുപ്പുകളെ അത് ചർച്ചയിൽ കൊണ്ടുവരുന്നു എഴുത്തുകാരി, അവരുടെ സംസാരങ്ങളിലൂടെ ദേശകാലങ്ങൾ,ലംഘിക്കുന്ന മാനവികതയിലേക്ക് നമ്മെ നയിക്കുന്നു.
പുസ്തകത്തിൻറെ ആമുഖത്തിൽ ഇന്ദുമേനോൻ, കൃത്യമായ ഒരു ചൂണ്ടുപലക എഴുത്തുകാരിയിലേക്കും അവരുടെ എഴുത്തിലേക്കും സ്ഥാപിക്കുന്നുണ്ട്.
ഒറ്റയിരിപ്പിൽ വായിച്ചു പോകാവുന്നതും, എന്നാൽ പല അധ്യായങ്ങളും നമ്മൾ വീണ്ടും വായിച്ചു പോകുന്നതും, ഈ പുസ്തക വായനാവേളയിൽ അതിശയമല്ല. എല്ലാറ്റിലുമുപരി ഒരു സ്ത്രീ എഴുതുന്നതിന്റെ സഹജസൗന്ദര്യം ഈ എഴുത്തിനെ ഹൃദ്യമാക്കുന്നുണ്ട്. യാത്രകൾ വെറും യാത്രകൾ അല്ല എന്നും, അതും എഴുത്തുകാരിയായ ഒരു സ്ത്രീ നടത്തുമ്പോൾ, സ്വന്തം കാലത്തോടുള്ള ചരിത്രപരമായ ഒരു സംസാരം കൂടിയായി മാറുന്നതും നമുക്ക് കാണാം
കാഴ്ചയ്ക്ക് അപ്പുറമുള്ള ഒരു ജീവിതത്തെ വായിച്ചെടുക്കാൻ അമ്മു വള്ളിക്കാട്ട് നമ്മെ ശീലിപ്പിക്കുന്നുണ്ട്. ഈ പുസ്തകത്തിൻ്റെ പ്രാധാന ദൗത്യവും അതു തന്നെയാണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട ലിപികൾ കണ്ടെടുത്ത് ഡി-കോഡ് ചെയ്യും പോലെ, ''ഹൈറോഗ്ളിഫിക്സ്' എന്ന പുസ്തകത്തിൻ്റെ വായനയും കൗതുകവും ആകാംക്ഷയും നിറയ്ക്കുന്നുണ്ട്.
പേര് സൂചിപ്പിക്കും പോലെ, കാഴ്ചകൾ ഭ്രമാത്മകവും ആനന്ദകരവുമായി മാറുന്ന അനുഭവത്തിൽ നിന്നും അമ്മു ജീവിതത്തെ തെളിയിച്ച് എടുക്കുന്നു. അത് പങ്കിടുന്നു.
ആയിരം വർഷം കഴിഞ്ഞാൽ നമ്മൾ ആരാധിക്കുന്ന ദേവന്മാർ മ്യൂസിയം പീസുകൾ ആയി സന്ദർശകരെ കാത്തു നിന്നേക്കാം എന്ന് അമ്മു ദീർഘദർശനം ചെയ്യുന്നു . മനോഹരമായ ഈ യാത്രാവിവരണം ആസ്വദിക്കാൻ ഞാൻ വായനക്കാരെ ക്ഷണിക്കുന്നു.