പുത്തുമല: വയനാട് ദുരന്തത്തിൽ മരണപ്പെട്ട എട്ട് പേരുടെ മൃതദേഹങ്ങള്‍ പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോടെ സംസ്കരിച്ചു. ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളാണ് ഇവയെല്ലാം. ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് ഇന്ന് രാത്രി 10.20 ന് ആയിരുന്നു സംസ്കാരം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്.
ചൂരൽ മല സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മന്ത്രിമാരായ ഒ.ആർ കേളു, കെ. രാജൻ, എ.കെ ശശീന്ദ്രൻ, എം.ബി രാജേഷ്, ടി സിദ്ധീഖ് എം.എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.