advertisement
Skip to content

മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

തൃശ്ശൂര്‍ : മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ പി വിശ്വനാഥന്‍ ( 83) അന്തരിച്ചു. ഇന്ന് രാവിലെ 9.30 യോടെ തൃശ്ശൂരിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലിരിക്കയായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുതവണ എം എല്‍ എയുമായിരുന്നു.

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ച വിശ്വനാഥന്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയായിരുന്നു കെ.പി വിശ്വനാഥന്‍. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001 ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1994 വരെ കെ. കരുണകരന്റെയും 2004 മുതല്‍ 2005 വരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി വെച്ചു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.എം സ്ഥാനാര്‍്ത്ഥിയായിരുന്ന സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹത്തിന് തൃശൂര്‍ ഏര്‍പ്പെടുത്തിയ മികച്ച പാര്‍ലമെന്റേറിയന്‍ അവാര്‍ഡും (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ഡി.സി.സി സെക്രട്ടറി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗം, ഖാദി ബോര്‍ഡ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ചെയര്‍മാന്‍, ഡയറക്ടര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ എതിര്‍ഗ്രൂപ്പുകാരനായ കെ പി വിശ്വാനാഥന്‍ ശക്തനായ നേതാവായി വളര്‍ന്നത് അദ്ദേഹത്തിന്റെ നേതൃപാഠവംകൊണ്ടുമാത്രമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest