സത്യം പറഞ്ഞാൽ വാർത്തകൾക്കു പഞ്ഞമില്ലാത്ത ഒരാഴ്ചയാണു കടന്നു പോയത്. അതിൽ ഹീറോ ആരെന്നു ചോദിച്ചാൽ തിരിഞ്ഞും മറിഞ്ഞും നോക്കണ്ട, സാക്ഷാൽ ബിജു കുര്യൻ തന്നെ! സാധാരണ വിശുദ്ധനാടിലേക്കു പോയി മുങ്ങുന്നവരെ ആരും തിരക്കാറുമില്ല, ആരും അറിയാറുമില്ല. പക്ഷേ, ബിജു ആ ആചാരമൊക്കെ കടത്തിവെട്ടി നയതന്ത്ര ഇമേജിലാണ് ഇസ്രായിലേക്കു മുങ്ങിയത്. കൃഷി പഠിക്കാനാണ് സംഘം പോയത്. കൂടെയുള്ളവർ ആരും കൃഷിയെ സ്നേഹിക്കുന്നവരല്ല എന്നാണ് എന്റെ നിഗമനം. ഒന്ന് ചോദിക്കട്ടെ, കൃഷി രണ്ടുദിവസം കൊണ്ടു പഠിക്കാൻ പറ്റുമോ? ഇല്ലല്ലോ, അപ്പോ ബിജുവിനെ കുറ്റം പറയരുത്. ബിജു വരും, കൃഷി പഠിച്ച് മിടുക്കനായി ബിജുവരും! അപ്പോൾ ഇനി ഈ ബിജു നമുടെ മുന്നിൽ തുറന്നു വെക്കുന്ന ചില ചോദ്യങ്ങളുണ്ട്, അതിനെക്കുറിച്ചു ചിന്തിക്കാം.
നമ്മുടെ നാട്ടിൽ കൃഷി ചെയ്താലും അത്രയ്ക്കിത്രയേ കിട്ടാനുള്ളൂ. അപ്പോൾ ജീവിതം കൂടുതൽ സുഖകരമാക്കാൻ നല്ല മാർഗം നാടുവിടലാണ്. ഈ ചിന്തയില്ലാത്ത എത്ര മലയാളികളുണ്ട്? ഇനി വിദേശത്ത് പോകണ്ട എന്നുവെച്ചാൽ, ഒരു ശരാശരിക്കാരൻ എങ്ങനെ സർക്കാർ സർവ്വീസിൽ എത്തും? പിന്നെ സ്വകാര്യ സംരംഭങ്ങൾ, നേരായ മാർഗത്തിൽ ചരിച്ചാൽ അവ എത്ര വിജയിക്കും? എന്നാൽ വഴിയേതും സ്വീകരിച്ചാൽ ഇന്നലെ രാത്രി കണ്ടപോലെ ഒരു ഇ. ഡി. റെയ്ഡ് പ്രതീക്ഷിക്കാം. അതും പോട്ടെ, നാട്ടിലൊരു പലചരക്കുകടയങ്ങു തുടങ്ങുമെന്ന് ചങ്കിൽ കൈവെച്ചു പറയാൻ ധൈര്യമുണ്ടോ? തുടങ്ങുന്നെങ്കിൽ സൂപ്പർമാർക്കറ്റ് തന്നെ തുടങ്ങണം. ഇന്നലെ കണ്ട ഒരു വാർത്തയിൽ, സ്വന്തം തുണിക്കടയിലെ ജീവനക്കാർ തന്നെ സംഘടിതമായി അവിടുന്ന് തുണി അടിച്ചു മാറ്റുന്നു. കണ്ടുപിടിച്ചപ്പോൾ വില തവണകളായി തരാമെന്ന് ഒത്തുതീർപ്പ്! അതേ ജീവനക്കാർ ആ സ്ഥാപനത്തിൽ വീണ്ടും തുടരുക! ഇതൊക്കെ വേറെ ഏതെങ്കിലും വെള്ളരിക്കാപ്പട്ടണത്തിൽ നടക്കുമോ? പിന്നെ, എങ്ങനെങ്കിലും ജീവിച്ചാൽ മതി എന്നുള്ളവർക്കും പരമ്പരാഗത സ്വത്തുള്ളവർക്കും വലിയ കുഴപ്പമില്ലാതെ പോകാം.
പണ്ട് ഉരുവിൽക്കയറി നമ്മുടെ പൂർവികർ ഗൾഫ് നാടുകളിൽ എത്തിയത് കുടുംബം ഒന്നു പച്ച പിടിക്കാനായിരുന്നു. ഇന്ന് ഗൾഫ് രാജ്യങ്ങൾ ലക്ഷക്കണക്കിനു മനുഷ്യർക്ക് അഭയമാണ്. അതുകൊണ്ടൊക്കെത്തന്നെ എനിക്കു ബിജുവിനോട് ആരാധനയാണ്. അയാൾക്കെതിരെ നടപടികൾ എടുക്കേണ്ടിവരുന്നത് ഒരു സർക്കാർ പ്രതിനിധി ആയി യാത്ര ചെയ്ത് മുങ്ങിയതുകൊണ്ടാണ്. ഏതായാലും ബിജു പലരുടേയും കണ്ണു തുറപ്പിച്ചു കാണണം!