advertisement
Skip to content

ഡിസംബർ തുടങ്ങി. ഇനി തുണിക്കടകളിൽ വെള്ളയും ചുവപ്പും തുണികൾ ധരിച്ച് ബൊമ്മകൾ നമ്മെ നോക്കി നിൽക്കും. വഴിയരികിലും കടകളിലും വീടുകളിലും കടലാസു നക്ഷത്രങ്ങൾ വിരിഞ്ഞിറങ്ങും. രാത്രിയിലെ തണുപ്പിൽ പല്ലുകൂട്ടിയിടിക്കും, കുളിക്കാൻ, ‘ഡേയ് ഇത്തിരി ചൂടുവെള്ളം അടുപ്പത്ത് വയ്ക്ക്… ഹൊ എന്തൊരു തണുപ്പ്’ എന്നു പറയും, നേരം വെളുത്തു പുറത്തേക്കിറങ്ങിയാൽ പൂത്തുനിൽക്കുന്ന പനിനീർച്ചെടിക്കു ചുറ്റും വെളുത്ത പുകമഞ്ഞു രൂപപ്പെടുത്തുന്ന വലയം നോക്കി ഒരു ചൂടു കട്ടൻ കുടിക്കാം, ആഹാ പ്രമാദം അല്ലേ?


എന്നാൽ അതങ്ങനെയല്ലാതെയും ചിലരുണ്ട്. അവർക്ക് ഡിസംബർ മാസം വിഷാദത്തിന്റെ കാലമാണ്, പ്രത്യേകിച്ചും തണുപ്പുരാജ്യങ്ങളിൽ. സൂര്യൻ പുറത്തിറങ്ങാൻ കൂട്ടാക്കാത്ത ദിനരാത്രങ്ങളിലൂടെ ജീവിതം മുന്നോട്ടുരുളുമ്പോൾ അകാരണമായ വിഷാദം മനുഷ്യരിൽ അങ്കുരിക്കും. ‘സീസണൽ അഫക്റ്റീവ് ഡിസോഡർ’(SAD) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. മുറിയടച്ചു അകത്തു കൂടുന്ന ഇത്തരം മനുഷ്യർ ഭയത്തോടെ കഴിച്ചുകൂട്ടുന്ന ദിവസങ്ങളാണിനി അവർക്കു മുന്നിൽ. ഈ അവസ്ഥയെ നേരിടാൻ, കഴിയുന്നത്ര മുറിക്കു പുറത്തേക്കിറങ്ങുക എന്നതാണ് മുഖ്യമായ കാര്യം. പിന്നെ, ബന്ധങ്ങൾ മുറുകെപ്പിടിക്കുക എന്നതും.

ശരിയാണ്, ഈ സീസണൽ അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബന്ധങ്ങൾ ഉണ്ടാകുന്നതും അതു നിലനിർത്താനാകുന്നതും ചെറിയ കാര്യമല്ല. അതിന് ജനുവരിയും ഡിസംബറും കാത്തിരിക്കേണ്ടതുമില്ല. ഇന്നു മനുഷ്യർ നേരിടുന്ന പ്രധാന പ്രശ്നം തനിക്കാരുമില്ല, താൻ ഒറ്റയ്ക്കാണ് എന്ന ചിന്തയാണ്. ബന്ധുക്കൾ കണക്കാണ്, സുഹൃത്തുക്കൾക്ക് അസൂയയാണ്, കൂടെ ജോലി ചെയ്യുന്നവർ പാരകളാണ് എന്നൊക്കെ ചിന്തിച്ച്, സ്വന്തം വിഷമങ്ങൾ ഉള്ളിലടക്കി ലോകം മുഴുവൻ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നൊക്കെ ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക. ഒന്നു ചിരിച്ചാൽ പോലും പകുതി പ്രശ്നങ്ങൾ അവശേഷിക്കില്ലെന്നത് അനുഭവം.

അപ്പോൾ പിന്നെ, മഞ്ഞുനാടുകളിൽ കഴിയുന്ന പ്രിയപ്പെട്ട മലയാളികളേ നിങ്ങൾ ‘SAD’ അടിച്ച് നിരാശപ്പെട്ട് അകത്തു കൂടാതിരിക്കുക. ജീവിതം അത്ര മോശമൊന്നുമല്ലന്നേ…!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest