advertisement
Skip to content

കേഴുക പ്രിയ നാടേ…!

എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത്? അത്യാവശ്യ ഘട്ടത്തിൽ നൽകേണ്ട പ്ലേറ്റ്ലറ്റിന് പകരം ആരുടേയോ കുതന്ത്രത്തിൽ അതേ നിറം വരത്തക്കവിധം നാരങ്ങനീര് നിറച്ചുവച്ച പ്ലേറ്റ്ലറ്റ് ബാഗ് ആണ് രോഗിയുടെ ശരീരത്തിൽ കുത്തിവച്ചത്.

Anil Kumar CP

ഇന്നലെയാണ് ആ വാർത്ത കണ്ടത്, അങ്ങ് ഉത്തരപ്രദേശത്ത് ഡെങ്കിപ്പനി ബാധിച്ച് അത്യാസന്ന നിലയിലായ യുവാവിന് പ്ലേറ്റ്ലറ്റിന് പകരം ഡ്രിപ്പായി നൽകിയത് നാരങ്ങാജ്യൂസ്! ഒരു വാർത്തയിൽ അത് മുസമ്പിയാണ്. ഏതായാലും ആ യുവാവ് ഇന്നു ജീവനോടില്ല. 32 വയസ്സിൽ നാരങ്ങ അയാളുടെ ജീവൻ അപഹരിച്ചു. 26 വയസ്സുള്ള യുവതി വിധവയുമായി. അത്ര ലഘൂകരിക്കാമോ ഈ വാർത്തയെ?
നമ്മൾ ഒരുമാതിരി ചെറിയ കാര്യങ്ങൾക്കൊന്നും അങ്ങനെയിങ്ങനെ ആശുപത്രിയിൽ പോകാത്തവരാണ്. പൊതുവേ ഗവൺമെന്റ് ആശുപത്രികളിലെ  തിരക്കും പരാധീനതകളും അവിടേക്കു പോകാൻ മടി സൃഷ്ടിക്കും, അപ്പോൾ കുറച്ച് കാശ് കൊടുത്താലെന്താ നമുക്ക് പ്രൈവറ്റിൽ പോകരുതോ എന്നാവും ചിന്ത. അതു കേരളത്തിലായാലും, യോഗിയുടെ നാട്ടിലായാലും അങ്ങനെതന്നെ. അപ്പോൾ കാശുകൊടുത്താൽ ചികിത്സ കിട്ടണം, സൗഖ്യമാകണം...

എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത്? അത്യാവശ്യ ഘട്ടത്തിൽ നൽകേണ്ട പ്ലേറ്റ്ലറ്റിന്  പകരം ആരുടേയോ കുതന്ത്രത്തിൽ അതേ നിറം വരത്തക്കവിധം നാരങ്ങനീര് നിറച്ചുവച്ച പ്ലേറ്റ്ലറ്റ് ബാഗ് ആണ് രോഗിയുടെ ശരീരത്തിൽ കുത്തിവച്ചത്.

ഇവിടെ സാധ്യതകൾ പലതാണ്. ഒന്നുകിൽ ആശുപത്രിയിലെ സ്റ്റോക്ക് മറിച്ചുവിറ്റതാകാം. എന്നിട്ട് പകരം നാരങ്ങാനീര് കാലി പ്ലേറ്റ്ലെറ്റ് ബാഗിൽ നിറച്ചു വച്ചതാകാം. അതുമല്ലെങ്കിൽ ആ ആശുപത്രി യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ  പണം തട്ടാൻ വേണ്ടി ചെയ്തതുമാകാം. പിന്നൊരു സാധ്യത മരിച്ച വ്യക്തിയോടു വ്യക്തിപരമായി വിദ്വേഷമുള്ള ആരോ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതുമാകാം. അന്വേഷണം നടക്കുന്നു. ഗവൺമെൻറ് ആശുപത്രി പൂട്ടി സീൽ ചെയ്തു. പക്ഷേ, മരിച്ച വ്യക്തി ഇനി തിരിച്ചു വരില്ല. ആ ഡ്രിപ്പിട്ട നഴ്സിന് നാരങ്ങാനീരും പ്ലേറ്റ്ലറ്റും തമ്മിൽ തിരിച്ചറിയാനായില്ലേ എന്ന മറ്റൊരു ചോദ്യം ബാക്കിയുണ്ട്! ഏതായാലും ആശുപത്രികളും കാലന്റെ ഹെഡ്ക്വർട്ടേഴ്‌സ്   ആയി മാറിയാൽ ജനങ്ങൾ എന്തു ചെയ്യും?

പിന്നെ, ചേർത്തുവായിക്കാൻ മറ്റൊരു വാർത്തയുണ്ട് നമ്മുടെ സ്വന്തം നാട്ടിൽ നിന്ന്. 2017-ൽ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് സർക്കാർ ഓഡിറ്റിൽ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്ന ഒരു കത്രിക എല്ലാവരുടേയും കണ്ണുവെട്ടിച്ച് അവരുടെ വയറ്റിൽ ഒളിവിൽ പോയത്. വർഷങ്ങൾക്കിപ്പുറം സംഗതി കണ്ടെത്തി വീണ്ടുമൊരു ഓപ്പറേഷൻ നടത്തി പ്രതിയായ കത്രികയെ പുറത്താക്കിയിട്ടുണ്ട്! പക്ഷേ, അപ്പോഴും പ്രശ്നം ബാക്കി, ആ കത്രിക ആരുടേത്? ആശുപത്രിയിലെ സ്റ്റോക്ക് വേരിഫിക്കേഷൻ പ്രകാരം ആ കത്രിക എങ്ങും നഷ്ടമായിട്ടില്ല എന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുമുണ്ട്! എന്റെ  ബലമായ സംശയം ഈ കത്രികയ്ക്ക് മാജിക് അറിയുമെന്നാണ്! ഒരേസമയം യുവതിയുടെ വയറ്റിലും, വാർഷിക കണക്കെടുപ്പിലും കത്രിക പ്രത്യക്ഷപ്പെടണമെങ്കിൽ അതു വേണമല്ലോ!

ജീവൻ നഷ്ടപ്പെടുന്നതും, കഠിന വേദന സഹിക്കേണ്ടി വരുന്നതും വിധി എന്നു കരുതാം, പക്ഷേ ഇമ്മാതിരി കോത്താഴത്തെ റിപ്പോർട്ടുകൾ പുറത്തുവിട്ട് മനുഷ്യരെ വിഡ്ഢി ആക്കാതിരിക്കാനെങ്കിലുമുള്ള വിവേകം ഡിപ്പാർട്ട്മെന്റ്  കാണിക്കണം.

തൽക്കാലം ഇത്രയും മതി. ഇന്നുമൊരു പെൺകുട്ടിയെ പ്രേമമെന്ന പേരിൽ കഴുത്തറുത്ത് ബലികൊടുത്തിട്ടുണ്ട്! മതി... കേഴുക പ്രിയ നാടേ, നിന്റെ  മക്കളെ ഓർത്ത്...!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest