ബിനോയി സെബാസ്റ്റ്യന്‍
ഡാലസ്: ആഗോള സീറോ മലബാര്‍ സഭയുടെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോണ്‍സയുടെ തിരുനാളിനു കൊപ്പേല്‍ സെന്റ്. അല്‍ഫോണ്‍സാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ പരിസമാപ്തി. സഭയുടെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയിലും നേര്‍ച്ചസദ്യയിലും വിവിധ സഭകളെ പ്രതിനിധീകരിച്ചു ആയിരങ്ങള്‍ പങ്കെടുത്തു.






നോര്‍ത്തമേരിക്കയിലെ വിശുദ്ധയുടെ തീത്ഥാടനകേന്ദ്രമായ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 29 വരെ നടന്ന തിരുനാള്‍ മഹോത്‌സവത്തിന്റെ ഭാഗമായി വിജയ് യേശുദാസും പ്രശസ്ത തെലുങ്ക് ഡ്രമ്മര്‍ മെഹറും ചേര്‍ന്നവതരിപ്പിച്ച ഗാനസന്ധ്യ, ഭാഷാപിതാവായ തുഞ്ചത്തെഴുത്തഛന്റെ ജീവിതത്തെ ആസ്പദമാക്കി ഭാരതകലാ തിയറ്റേഴ്‌സ് അവതരിപ്പിച്ച എഴുത്തഛന്‍ എന്ന ചരിത്രനാടകം തുടങ്ങി ഒരോ ദിവസവും വ്യത്യസ്ഥ കലാപ്രകടനങ്ങള്‍ തിരുനാളിനു മിഴിവേകി. സമാപനദിവസം തിരുനാളില്‍ പങ്കെടുത്ത ഏവര്‍ക്കും കേരളത്തില്‍ നിന്നും എത്തിച്ച ക്രൂശിതരൂപവും വെന്തിങ്ങയും കൊന്തയും അടങ്ങിയ പാക്കേജും സമര്‍പ്പിച്ചു.
വിശ്വാസദീപ്തിയുടെയും സമര്‍പ്പണത്തിന്റെയും അകമ്പടിയില്‍ അത്ഭുതകരമായ വളര്‍ച്ച നേടിയ കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ നിലവില്‍ തൊള്ളായിരം കുടുംബങ്ങള്‍ ആംഗങ്ങളായുണ്ട്. ഇതോടൊപ്പം അനുബന്ധമായി സമീപനഗരമായ ഫ്രിസ്‌ക്കോയില്‍ പുതിയ ഒരു ദേവാലയം ആരംഭിച്ചിട്ടുണ്ട്.
ഉത്‌സാഹഭരിതരും കര്‍മ്മോന്മുഖരും സത്യവിശ്വാസികളുമായ യുവജനങ്ങളുടെ സംഗമമാണ് ആഘോഷസമ്പൂര്‍ണ്ണമായ തിരുനാള്‍ വിജയത്തിനു കാരണമെന്ന് മാര്‍ ജോയി അലപ്പാട്ട് അഭിപ്രായപ്പെട്ടു. ഒരു വിശ്വാസമുഹത്തിന്റെ ആത്മീയവും സാമുദായികവുമായ വളര്‍ച്ച യേശുവിനെ തിരിച്ചറിഞ്ഞുള്ള ജീവിതത്തിന്റെ അടിത്തറയിലും പ്രതിബദ്ധതയിലുമാണെന്ന് ദേവാലയ സമുഹം തെളിയിക്കുന്നുവെന്ന് ദീര്‍ഘകാലം ഇടവക വികാരിയായിരുന്ന റവ. ഫാ. ജോണ്‍സ്റ്റി തച്ചാറ(വികാരി, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച്, ന്യൂയോര്‍ക്ക്) പറഞ്ഞു.
റവ. ഫാ. കുര്യന്‍ നടുവിലച്ചേലില്‍ (ചിക്കാഗോ രൂപതാ പ്രോക്യൂറേറ്റര്‍), വികാരി റവ. ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജിമ്മി എടക്കുളത്തൂര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു സംസാരിച്ചു.
ജോജോ കോട്ടയ്ക്കല്‍, അജോമോന്‍ ജോസഫ്, എന്നിവരുടെ നേതൃത്വത്തില്‍ രാജേഷ് ജോര്‍ജ്, അപ്പച്ചന്‍ ഔസേപ്പ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 72 പ്രസുദേന്തികള്‍ സംയുക്തമായി പ്രവര്‍ത്തിച്ചു. ജോഷി കുര്യാക്കോസ്, രഞ്ജിത് തലക്കോട്ടൂര്‍, റോബിന്‍ ചിറയത്ത്, റോബിന്‍ കുര്യന്‍ എന്നിവരാണ് ദേവാലയ ട്രസ്റ്റിമാര്‍. ദേവാലയ സെക്രട്ടറി സെബാസ്റ്റ്യന്‍ പോള്‍ വിതയത്തിലാണ്.
