മുംബൈ: ഐ.ടി മേഖല പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് കോഗ്നിസെന്റ്. മൂന്ന് ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് വർധിപ്പിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ശമ്പള വർധന. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് കോഗ്നിസെന്റ് ശമ്പളം വർധിപ്പിക്കുന്നത്.
കോഗ്നിസെന്റിന്റെ ചീഫ് പീപ്പിൾസ് ഓഫീസർ റെബേക്ക് ഷെമിറ്റ് വിരമിക്കാനിരിക്കെയാണ് കമ്പനി ശമ്പളം വർധിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് റെബേക്ക സ്ഥാനമൊഴിയുന്നത്. ശമ്പള വർധനവ് സംബന്ധിച്ച് കമ്പനി സി.ഇ.ഒ രവികുമാർ ജീവനക്കാർക്ക് കുറിപ്പും കൈമാറിയിട്ടുണ്ട്. ടെക് മേഖലയിൽ പിരിച്ചുവിടൽ വ്യാപകമാവുമ്പോഴാണ് ശമ്പള വർധനവുമായി കോഗ്നിസെന്റ് രംഗത്തെത്തുന്നതെന്നത് ശ്രദ്ധേയമാണ്.
നേരത്തെ ഐ.ടി ഭീമനായ ടി.സി.എസും ശമ്പളം വർധിപ്പിച്ചിരുന്നു. 12 മുതൽ 15 ശതമാനം വരെ ശമ്പള വർധനയാണ് ടി.സി.എസ് വരുത്തിയത്. കാമ്പസുകളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നവരുടെ ശമ്പളം വർധിപ്പിക്കുമെന്നും ടി.സി.എസ് അറിയിച്ചിരുന്നു.