ഒരിക്കല്‍ നീലഗിരിയിലെ വാസത്തിനിടയില്‍ സ്വച്ഛവും സുന്ദരവുമായ ഒരു പ്രഭാതത്തില്‍ ഞാന്‍ നടന്നു പോയ ഓര്‍മ്മകളില്‍ ചുറ്റിനും പ്രകൃതി നിര്‍ലോഭമായ സൌന്ദര്യം നിറച്ചിരുന്നു. അങ്ങകലെ ചക്രവാളത്തില്‍ നീല മലകളുടെ രേഖാ ചിത്രങ്ങള്‍. കടുംനീല ആകാശത്തിലേക്ക് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന വൃക്ഷ ഇലകളിലെ കരിംപച്ച വര്‍ണ്ണം. താഴെ സമതലങ്ങളില്‍ ഹരിതാഭമാര്‍ന്ന കൃഷിയിടങ്ങള്‍. ചില ഇടങ്ങളില്‍ കമ്പളം വിരിച്ച പോലെ കട്ടിയുള്ള പുല്ല് പടര്‍ന്നു പിടിച്ചിരിക്കുന്നു. പറവകളുടെ സംഗീത മാധുരി കേള്‍ക്കുമ്പോള്‍ തന്നെ നാം ഉന്മേഷത്തിലായി. തണുത്ത കാറ്റ് വീശുമ്പോള്‍ നഗരങ്ങള്‍ ഏല്‍പ്പിച്ച തീഷ്ണമായ വേനല്‍ എവിടെയോ പോയി മറഞ്ഞു കഴിഞ്ഞു. അങ്ങകലെ എവിടെയോ കാതരയായ മാന്‍പേടയുടെ ശബ്ദം. അനുഗൃഹീതമായ പ്രശാന്തത അനുഭവപ്പെടുന്നു.
നമ്മില്‍ എത്രപേര്‍ കാണും , കാടിനേയും, നീലാകാശത്തേയും, പുഴയേയും, കടലിനേയും, പര്‍വതങ്ങളേയും നേരാം വണ്ണം ഒന്ന് നോക്കി നിന്നിട്ടുള്ളവര്‍! ഒരു ഫോണിന്‍റെയോ ക്യാമറയുടെയോ, ബൈനോക്കുലറിന്‍റെയോ കണ്ണുകളിലൂടെ അല്ലാതെ ഇത്തരം കാഴ്ചകളെ നേരിട്ട് തന്നെ ദര്‍ശിക്കണം.
ശിരസ്സ് കുമ്പിട്ട് വളരുന്ന ഒരു മനുഷ്യകുലമാക്കി നമ്മളെ മാറ്റുകയാണ് ഇന്ന് ഈ ഫോണ്‍ യുഗം !
ശിരസ്സുയര്‍ത്തി നീലാകാശത്ത് ഒഴുകി നീങ്ങുന്ന വെണ്‍ മേഘങ്ങളുടെ സൌന്ദര്യം നമ്മള്‍ ആരെങ്കിലും ഇപ്പോള്‍ കാണാറുണ്ടോ? പക്ഷികളുടെ സംഗീതം കേള്‍ക്കാറുണ്ടോ? ഒരു പുഴയ്ക്കരികിലോ കടലിനരികിലോ നിശബ്ദമായി ഇരിക്കാറുണ്ടോ ? മാറി മാറി വരുന്ന ഋതുക്കളില്‍ നമ്മുടെ ചുറ്റിനുമുള്ള ഹരിതാഭമായ ഇടങ്ങളിലെ മാറ്റങ്ങള്‍ കാണാറുണ്ടോ ?
അറിയില്ല എത്ര പേര്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നത് തന്നെ… ഇന്ന് നമ്മള്‍ വിപരീതകാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നവര്‍ ആയിക്കഴിഞ്ഞിരിക്കുന്നു . മോശം കാഴ്ചകളുടെയും വര്‍ത്തമാനങ്ങളുടെയും പിന്നാലെയാണ് ഇന്ന് നാം. എന്തുകാര്യം ആണെങ്കിലും അത് വൈറല്‍ ആക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. പ്രത്യേകിച്ച് നല്ല കാര്യങ്ങളെ മുച്ചൂടും കുഴിച്ചുമൂടുന്ന വൈറലുകള്‍ക്ക് പിന്നാലെയാണ് നമ്മുടെ ശ്രദ്ധയും ഓട്ടവും.. അതാണ് നമുക്ക് വേണ്ടത്.
പലയിടങ്ങളിലും നമ്മുടെ സഞ്ചാരങ്ങളുടെയും കാഴ്ചകളുടെയും താളം തെറ്റുന്നുണ്ട്. അലയുന്നതിന്‍റെ പൊരുള്‍ തേടുന്ന യാത്രികര്‍ ഇന്നില്ല. നമ്മുടെ കാഴ്ചകള്‍ ഒക്കെ ശൂന്യമായ മിഴികളോടെ, സമ്പത്ത് ഭ്രമത്തിനും മറ്റുള്ളവരുടെ മുന്നില്‍ അറിയപ്പെടുന്നതിനുമായി ആരൊക്കെയോ തീരുമാനിച്ചിരിക്കുന്നതിലാണ്.
ജാലക ചില്ലിനപ്പുറം കടുത്ത പച്ച വിരിപ്പുകള്‍ തൂക്കിയിട്ട പോലെയാണ് കാഴ്ച. നേര്‍ത്ത ചാറ്റല്‍ മഴയുടെ സംഗീതം കേള്‍ക്കാം. കോട മഞ്ഞ് മെല്ലെ ഒഴുകി എത്തുന്നുണ്ട്. സ്വപ്നാഭമായ കാഴ്ചയും അന്തരീക്ഷവും. കുറച്ചു മുന്‍പേയാണ് രണ്ട് പുള്ളിമാനുകള്‍ പുറത്തെ പച്ചയില്‍ വന്നു നിന്നത്. തറയില്‍ കൊഴിഞ്ഞുവീണ പൂക്കളും പഴുത്ത ഇലകളും ഭക്ഷിച്ച് അവ മെല്ലെ കടന്നു പോയി. പെരിയാര്‍ കടുവ സങ്കേതത്തിലെ ഈ പഴയ ബംഗ്ലാവില്‍ ഇരിക്കുമ്പോള്‍ ചില വേള പുറത്തേക്ക് ഇറങ്ങുവാന്‍ പോലും തോന്നുകയേയില്ല. ഈ ജാലകത്തിനപ്പുറം കാട് വിരുന്നൊരുക്കി കൊണ്ടിരിക്കുമ്പോള്‍ മറ്റെന്ത് സഞ്ചാരമാണ് വേണ്ടത്? പകലന്തിയോളം ഒരു സ്ക്രീനില്‍ മാറി മാറി വരുന്ന കാടിന്‍റെ മനോഹര ദൃശ്യങ്ങള്‍ !
E-mail: naseerart@gmail.com