തീക്ഷ്ണമായ കണ്ണുകളാല്‍ അതെന്നെ ഒന്ന്‍ നോക്കി. പിന്നെ മെല്ലെ അടുത്ത ഈറ്റ കമ്പിലേക്ക് ഒഴുകി നീങ്ങുന്നത് പോലെ ചലിച്ചു. മേലാപ്പിലുള്ള ഈറ്റ ഇലകളില്‍ നിന്നും ചോര്‍ന്നു വീഴുന്ന പ്രകാശ കിരണങ്ങളേറ്റ് ആ ദേഹം അതീവ തിളക്കമാര്‍ന്നതു പോലെ…എത്ര ചേതോഹരമായ ഒരു ദൃശ്യമായിരുന്നു അത്!
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറമ്പിക്കുളം കാട്ടില്‍ വെച്ച് രാജവെമ്പാലയെ(King Cobra) കണ്ട ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ ദീപ്തമാണ്. കുറേക്കൂടി കൃത്യത ഒക്കെ നമ്മള്‍ മനുഷ്യര്‍ കാടിന് കൊടുക്കണമെന്നും കാടിന്‍റെ മായികമായ സൌന്ദര്യം അതിലെ എല്ലാ ജീവനുകളിലും ഉണ്ടെന്നും എന്നെ ഓര്‍മ്മപ്പെടുത്തിയ ദിവസമായിരുന്നു അന്ന്. വാസ്തവത്തില്‍ കാടിന് ചില ക്രമങ്ങള്‍ ഒക്കെയുണ്ട്. അതിലേക്ക് മനുഷ്യരായ നാം എത്തണമെങ്കില്‍ അതിനു മുന്നില്‍ മനസ്സ് നമിച്ചു നില്‍ക്കേണ്ടി വരും.
ഇരുട്ടില്‍ പാതി മറഞ്ഞു കിടക്കുന്ന ഒരു കാട്. ചവിട്ടു വഴി പോലും കാണാനാകാതെ ഇലകള്‍ അടര്‍ന്നു വീണ വനാന്തര്‍ഭാഗം. ആകാശം മറച്ച വന്‍ വൃക്ഷങ്ങളിലെ ഇലകളില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഞ്ഞുതുള്ളികള്‍ തറയാകെ ഈര്‍പ്പമണിയിച്ചിരുന്നു. വെയില്‍ താണുകഴിഞ്ഞു.
വള്ളിപടര്‍പ്പുകള്‍ വകഞ്ഞുമാറ്റി മുന്നോട്ട് നീങ്ങുമ്പോഴാണ് പൊടുന്നനെ ആ കാഴ്ച കണ്ടത്.
പുള്ളിപ്പുലി!
താഴ്വരയിലേക്ക് തള്ളി നില്‍ക്കുന്ന ഒരു പരന്ന പാറയില്‍ കിടക്കുന്നു. താഴ്വരക്ക് അഭിമുഖമായി കിടന്ന പുലി മുന്‍കാലുകള്‍ നക്കി തുടച്ച് വൃത്തിയാക്കുകയാണ്. മുരുകന്‍ എന്നെ പിന്നിലേക്ക് വലിച്ചതും പുലി ഒരു നിമിഷം തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു. കണ്ണടച്ചു തുറക്കുന്നതിന് മുന്‍പേ അത് അപ്രത്യക്ഷമായി!
വന്യജീവികള്‍ എല്ലായ്പ്പോഴും മനുഷ്യരായ നമ്മളില്‍ നിന്നും അകന്നുമാറുവാനാണ് ശ്രമിക്കുന്നത്. മനസ്സിലാക്കുവാന്‍ ശ്രമിക്കേണ്ട ഒന്നാണത്.യുഗങ്ങള്‍ക്കപ്പുറം മനുഷ്യരും വന്യജീവിജാലങ്ങളും ഈ ഭൂമിയില്‍ ഒരുമിച്ച് വാണ ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് നമ്മള്‍ കാട്ടില്‍ നിന്നുമിറങ്ങി ജനപഥങ്ങള്‍ സ്ഥാപിച്ചു. അതോടെ കാടുമായുള്ള നമ്മുടെ ആ ബന്ധം മുറിഞ്ഞു.
ഇന്ന് മനുഷ്യരായ നമ്മള്‍ക്ക് കാട് ചേര്‍ത്തുപിടിക്കുവാന്‍ കഴിയാത്ത ഒരിടം പോലെയാണ്. പലപ്പോഴും നാം കാടിനെ ഗുരുതരമായി ചൂഷണം ചെയ്യുന്നുണ്ട്. നമ്മുടെ വികസനം മലകളേയും പച്ചപ്പുകളേയും പുഴകളേയും നാശോന്മുഖമാക്കുന്ന തരത്തിലേക്ക് ഇടക്കിടെ വഴി തെറ്റി പോകുന്നുണ്ട്.
അതുകൊണ്ട് മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അത് ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് നമ്മുടെ പ്രകൃതി ക്ഷോഭങ്ങളൊക്കെ പറയുന്നുണ്ട്.
തെളിമയോടെ ഒഴുകുന്ന നദികളെ ഇന്ന് അവയുടെ ഉത്ഭവ സ്ഥാനത്ത് മാത്രമേ നമുക്ക് കണ്ടെത്താനാവൂ. മാലിന്യങ്ങള്‍ ഒഴുക്കി വിടാന്‍ നാം കണ്ടെത്തുന്നത് പുഴയാണ്…കാടാണ്…. കടലാണ്……..
മാതൃഭൂമി ദിനപത്രം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, മലയാള മനോരമ, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാടിനെ കുറിച്ച് എഴുതികൊണ്ടിരിക്കുന്നു. ബോംബെ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) ലൈഫ് മെമ്പറാണ്.
കാടിനെ ചെന്ന് തൊടുമ്പോൾ, കാടേത് കടുവയേത് ഞാനേത്, മലമുഴക്കി, വ്രണം പൂത്ത ചന്തം, കാടും ക്യാമറയും, കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും, തളിരിലകളിലെ ധ്യാനം, കാടറിയാൻ ഒരു യാത്ര ( ബാലസാഹിത്യം), കുട്ടികൾ കാട് തൊടുന്നു. ( ബാലസാഹിത്യം) എന്നിവ പ്രധാന കൃതികളാണ്.
ഇപ്പോൾ മാതൃഭൂമി യാത്ര മാസികയിൽ "കാടിൻ്റെ കിളിവാതിൽ "എന്ന കോളം എഴുതിവരുന്നു.
E-mail: naseerart@gmail.com