പെരിയാറിലെ സമ്പന്നമായ തടാകത്തിലൂടെ മുളം ചങ്ങാടത്തില്‍ തുഴഞ്ഞു പോകുമ്പോള്‍ മുങ്ങിയും പൊങ്ങിയും ഒപ്പം നീര്‍ നായകളും സഞ്ചരിക്കുന്നു. പലപ്പോഴും ചങ്ങാടത്തിനെ മുട്ടിയുരുമ്മി വലിയ മത്സ്യങ്ങളും ഒഴുകുന്നു.
തടാകക്കരയിലെ ആനക്കൂട്ടങ്ങള്‍ തുമ്പിക്കൈ ഉയര്‍ത്തി പരിചിത ഗന്ധങ്ങള്‍ തേടുന്നു. ആകാശത്തിലൂടെ മലമുഴക്കി വേഴാമ്പല്‍ കൂട്ടം മറുകരയിലേക്ക് ഒഴുകി പറക്കുന്നു. ഒന്ന്… രണ്ട്…..മൂന്ന്‍…..നാല്…..ഇനിയും പിന്നാലെ പറന്നുവരുന്നുണ്ട്. അക്കരെ ഏതെങ്കിലും കാട്ടാല്‍ മരം അവയ്ക്ക് വിരുന്നൊരുക്കി കാത്തിരിക്കുന്നുണ്ടാകാം.
മുളം ചങ്ങാടങ്ങള്‍ ഞങ്ങള്‍ കുമരികുളം മലയ്ക്ക് കീഴെ കെട്ടിയിട്ടു. പിന്നീട് പുല്‍മേട്ടിലൂടെയുള്ള കയറ്റമായിരുന്നു. തെളിഞ്ഞ അന്തരീക്ഷം. കടും നീല ആകാശവും പുല്‍പരപ്പും. ഇടയ്ക്കിടെ പൊക്കം കുറഞ്ഞ മരങ്ങള്‍. അവ നിരന്തരം കാറ്റിനെ അതിജീവിച്ച് ‘ബോണ്‍സായ്’ രൂപം കൈവരിച്ചിരിക്കുന്നു. കയറ്റത്തില്‍ ഞാന്‍ പിടിച്ച, മരത്തില്‍ ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നു, നീലയില്‍ വെള്ള കലര്‍ന്ന മൂന്ന്‍ മുട്ടകള്‍ !മെല്ലെ കൈ പറിച്ച് ഞാന്‍ അവിടെ നിന്നും മാറി അടുത്ത മരച്ചുവട്ടിലേക്ക് പോയി. ഒപ്പമുള്ള കൂട്ടുകാരോട് അക്കാര്യം പറഞ്ഞതുമില്ല. മനുഷ്യസഹജമായ കൌതുകത്തോടെ അവരും കൂടി ആ ചെറിയ പക്ഷിക്കൂട്ടിലേക്ക് എത്തിനോക്കിയാലോ…….അതിനരികില്‍ എവിടെയോ പിടയ്ക്കുന്ന ഹൃദയത്തോടെ അമ്മക്കിളി ആ കാഴ്ച കണ്ട് നടുങ്ങുന്നുണ്ടാകാം……വേണ്ട…. ചില കാഴ്ചകള്‍ മറ്റുള്ളവരില്‍ നിന്നും നാം മറച്ചു പിടിക്കേണ്ടിയിരിക്കുന്നു. അത് ക്യാമറ കയ്യാളുന്നവരും ഗവേഷകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കുമരികുളത്തെ തടാകത്തില്‍ എപ്പോഴും ആകാശം നിറഞ്ഞുകിടക്കും. ഒഴുകി നീങ്ങുന്ന വെള്ളിമേഘങ്ങള്‍ കുളത്തിലെ തെളിമയിലും കാണാം. ഒരു പിടിയാന മെല്ലെ തടാകത്തില്‍ നിന്നും കയറി പുല്‍മേടിനപ്പുറം മറഞ്ഞുകളയുന്ന വേളയിലാണ് ഞങ്ങള്‍ അവിടെയെത്തിയത്.
ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഇവിടെ വന്നപ്പോള്‍ ഈ കുമരികുളത്ത് വച്ചാണ് ഒരു അമ്മ മ്ലാവിനെയും അതിന്‍റെ കുട്ടിയേയും ഏതാനം കാട്ടു നായ്ക്കള്‍ ആക്രമിച്ചത്. അകലെ എവിടെയോ നിന്ന് അവയെ കാട്ടുനായ്ക്കള്‍ തുരത്തി ഇവിടെ കൊണ്ടുവന്നതാണ്. മൂന്ന്‍ മാനുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഒന്നിനെ കാട്ടുനായ്ക്കള്‍ കൊന്നിരുന്നു. അതിന്‍റെ അവശിഷ്ട്ടങ്ങള്‍ കുളത്തിനരികില്‍ കാണാമായിരുന്നു.
അതിനു ശേഷമാണ് മ്ലാവിനേയും അതിന്‍റെ കുട്ടിയേയും ആക്രമിക്കാന്‍ അവ വട്ടം കൂട്ടിയത്. ഞങ്ങളെ കണ്ട് അവ പിന്തിരിഞ്ഞില്ല. ഞങ്ങള്‍ക്ക് അവയെ രക്ഷിക്കാമായിരുന്നു എന്നാണ് കാടുകളെയും വന്യജീവികളെയും സ്നേഹിക്കുന്ന വയര്‍ലസ് വാച്ചര്‍ ലൂക്കാച്ചന്‍ പറഞ്ഞത്.പക്ഷെ കാടിന്‍റെ നീതിയില്‍ നമ്മള്‍ എന്തിന് കൈകടത്തണം എന്നായിരുന്നു എന്‍റെ പക്ഷം. പക്ഷെ ലൂക്കാച്ചന്‍ മുട്ടുകുത്തി എട്ടു ദിക്കും മുഴങ്ങുമാറ് അദേഹത്തിന്‍റെ ദൈവത്തോട് പ്രാര്‍ഥിക്കുകയും കാട്ടുനായ്ക്കള്‍ ഓടി പോവുകയും മാനും കുഞ്ഞും യാതൊരു ശല്യമോ ഉപദ്രവമോ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്തു.
ഇന്നവിടെ ലൂക്കാച്ചന്‍ ഒന്നും ഇല്ല. പുതിയ ജോലിക്കാര്‍, അവര്‍ പരിചയം പുതുക്കി. ഇവിടെ നിന്നാല്‍ പെരിയാറിന്‍റെ മുഴുവന്‍ സൗന്ദര്യവും കാണാം. ഈ മലനിരകളിലെ ചിത്രശലഭങ്ങളെ തേടി വാച്ചര്‍ കണ്ണന്‍റെ കൂടെ ഞാനും ജലീലും അലഞ്ഞിട്ടുണ്ട്. മറ്റനേകം ജൈവ വൈവിധ്യങ്ങളും കുമരികുളത്തിന് ചുറ്റും കണ്ടെത്താനാകും.
സായാഹ്നങ്ങളില്‍ കുളത്തില്‍ നീരാട്ടിനിറങ്ങുന്ന വലിയൊരു കൊമ്പനാനയെ കുറിച്ച് വാച്ചര്‍മാര്‍ പറഞ്ഞിരുന്നു. ഈന്ത് വര്‍ഗത്തില്‍ പെട്ട ചെടികള്‍ ധാരാളം ഇവിടെയുണ്ട്. അതും ആനകള്‍ക്ക് ഈ മലയുടെ നിറുകയില്‍ ആഘോഷിക്കുവാനുള്ള വക നല്‍കുന്നുണ്ട്.
മരങ്ങള്‍ ഇല്ലാത്ത കുന്നുകളിലൂടെ നടന്നു നീങ്ങുമ്പോള്‍ കാറ്റ് താഴേക്ക് കൂട്ടിക്കൊണ്ടുപോകുവാന്‍ ക്ഷണിക്കാറുണ്ട്. പാദങ്ങള്‍ ഒന്നിടറിയാല്‍ മതി..
ആകാശം ഇരുണ്ട് തുടങ്ങി. അങ്ങകലെ മംഗളാദേവി മലനിരയില്‍ മിന്നല്‍ പിണരുകള്‍ രേഖാചിത്രങ്ങള്‍ തീര്‍ക്കുന്നു. മഴയുടെ ഗന്ധവുമായി ഒരു കാറ്റ് പുല്‍മേടുകളെ തഴുകി എത്തി. ഒപ്പം മഴത്തുള്ളികളും !
ക്യാമറയെല്ലാം ബാഗുകളില്‍ ഒളിച്ചിരുന്നു. മഴ കനക്കുകയാണ്. അതീവ നിശബ്ദവും വിജനവുമായ ആ മലമുകളിലൂടെ മഴയില്‍ മുഴുകി മഴയില്‍ നനഞ്ഞ് ഞങ്ങള്‍ നടന്നു. മനസ്സിന്‍റെ അലച്ചിലുകള്‍ എല്ലാം മഴ കഴുകി കൊണ്ടുപോയി. മഴയില്‍ കുതിര്‍ന്നങ്ങനെ നടക്കുകയാണ്. താഴെ പെരിയാര്‍ തടാകമൊക്കെ മഞ്ഞിലും മഴയിലും മൂടിക്കഴിഞ്ഞു. ഒന്നും വ്യകതമല്ല ഇപ്പോള്‍.
ക്യാമ്പ് ഷെഡിലെ ചൂട് കട്ടന്‍കാപ്പിയും മുറുക്കുമായി താഴ്വരയിലേക്ക് നോക്കി. മഴയിപ്പോള്‍ ശമിച്ചിരിക്കുന്നു. ചൂടുള്ള കടുംകാപ്പി മൊത്തികുടിക്കുമ്പോള്‍ വാച്ചര്‍ കണ്ണനൊപ്പം പിന്നിട്ട പെരിയാര്‍ കാടിന്‍റെ ഉള്‍ത്തടങ്ങള്‍ ഓര്‍മ്മയില്‍ ഉണര്‍ന്നു.
കണ്ണന്‍ ഇന്നില്ല. അത്തരമൊരു സഞ്ചാരമൊന്നും ചിലപ്പോള്‍ ഇനി ഉണ്ടാവില്ല……കാടറിഞ്ഞ ഉദ്യോഗസ്ഥരും വാച്ചര്‍മാരും…….ഞങ്ങള്‍ കുമരികുളം ഇറങ്ങിക്കൊണ്ടിരുന്നു.
ചില പഴയ പാതകളിലൂടെ നാം വീണ്ടും സഞ്ചരിക്കാന്‍ എത്തുമ്പോള്‍ കാലാന്തരേ മറന്നുതുടങ്ങുന്ന ഒറ്റപ്പെട്ട നുറുങ്ങു കാഴ്ചകള്‍ പോലും തിരികെ എത്തുകയായി. അതുണ്ടാക്കുന്ന വിസ്മയം എഴുതിയാല്‍ തീരുന്നതല്ല. ഒരു മഞ്ഞുകണം ജലമായി തീര്‍ന്ന് നദി തേടി ഒഴുകുന്നത് പോലെ നനുത്ത ദീപ്തമായ ഓര്‍മ്മകള്‍. അവ കാനന സഞ്ചാരങ്ങളെ ഈര്‍പ്പമുള്ളതാക്കിതീര്‍ക്കുന്നു.
പറമ്പിക്കുളത്തെ ഓള്‍ഡ് ഐ.ബിയുടെ പിന്നിലൂടെയുള്ള കാട്ടുപാത “സീച്ചാളി പള്ളം” വഴി ആനപ്പാടി ചെക്പോസ്റ്റിന് സമീപമാണ് ചെന്നു കയറുന്നത്. വനം വകുപ്പ് അതിലെ വാഹനങ്ങള്‍ ഒന്നും അനുവദിക്കാറില്ല.
എല്ലാ കാട്ടുവഴികളിലും നിത്യം വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരുന്നാല്‍ അത് എത്രമാത്രം ആ ഭാഗത്തെ വന്യജീവികളെ അങ്കലാപ്പിലാക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു നാം.
പറമ്പിക്കുളത്തെ വാച്ചര്‍ ആയ ജിമ്മിക്കൊപ്പം ആ ഭാഗത്തേക്ക് ഞങ്ങള്‍ സഞ്ചരിക്കുമ്പോള്‍ സുഹൃത്തായ വിനോദ് പുത്തന്‍പുരക്കല്‍ ചോദിച്ച ചോദ്യം ഏറെ പ്രാധാന്യമുള്ളതായി തോന്നി.
“ എന്തുകൊണ്ടാണ് ഈ ഭാഗത്തേക്ക് വാഹന പ്രവേശനം നിഷേധിച്ചിരിക്കുന്നത്?”
“എല്ലാ കാനന പാതകളിലൂടെയും ഇങ്ങിനെ തന്നെയാവണം. വാഹനങ്ങള്‍ കടത്തി വിടാന്‍ അനുവദിക്കരുത്. വന്യജീവികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടങ്ങള്‍ കാട്ടില്‍ വേണ്ടേ ? നമ്മള്‍ ഇപ്പോള്‍ സഞ്ചരിക്കുമ്പോള്‍ വന്യജീവികള്‍ അറിയുന്നില്ല, എന്നാല്‍ ഒരു ജീപ്പ് ഈ വഴി വന്നാലുള്ള അവസ്ഥ എന്തായിരിക്കും ? ശബ്ദമലിനീകരണം……കൂടാതെ അതിന്‍റെ ഒരു നിയന്ത്രണവുമില്ലാത്ത കരിംപുക കൊണ്ടുള്ള പരിസര മലിനീകരണം വേറെ……..”
പിന്നെ ഞങ്ങള്‍ നിശബ്ദരായി. അപ്പോഴേക്കും ജിമ്മി കരിങ്കുരങ്ങുകളുടെ കൂട്ടത്തെ കണ്ടു കഴിഞ്ഞിരുന്നു. പെയിന്‍ററും ഫോട്ടോഗ്രാഫറുമായ സുഹൃത്ത് ബിനോ പി.എസ്. തന്‍റെ ഫ്രെയിമുകളില്‍ അതെങ്ങനെ ചാലിച്ചെഴുതാം എന്ന് നോക്കുകയാണ്. ഞാന്‍ പിന്നെയും ഓര്‍മ്മകളിലൂടെ പിറകോട്ട് സഞ്ചരിച്ചു.
വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍റ്റ് ആയിരുന്ന നെല്‍സണ്‍ സാറിനൊപ്പം പറമ്പിക്കുളം കാടുകളില്‍ ജീവിച്ച കാട്ടുപാതകളില്‍ ‘സീച്ചാളിപള്ളവും’ ഉണ്ടായിരുന്നു. സാര്‍ തല കുമ്പിട്ട് മുന്നില്‍ അങ്ങനെ നടന്നു പോകും. ഞാനും ജിമ്മിയും പിന്നില്‍ നാലുപാടും സൂഷ്മതയോടെ നോക്കി നടക്കും. സാര്‍ പെട്ടന്നായിരിക്കും നില്‍ക്കുക. എന്നിട്ട് ശിരസ്സുയര്‍ത്തി ഒരു വശത്തേക്ക് കൈ ചൂണ്ടും. അവിടെ ചിലപ്പോള്‍ ഒരാനക്കൂട്ടമോ കരടിയോ മറ്റോ നില്‍പ്പുണ്ടാകും.
നെല്‍സണ്‍ സാറിനെ പോലെയുള്ള ഒരു ഗുരുനാഥനെ കിട്ടിയതാണ് എന്‍റെയും ജലീലിന്‍റെയും പറമ്പിക്കുളത്തെ വാച്ചര്‍മാരുടെയും ഭാഗ്യമെന്നു പറയാം. കാടിനെ കാണേണ്ട രീതി, കാടിനെ സമീപിക്കേണ്ട രീതി, കാടിനെ നിരീക്ഷിക്കേണ്ട രീതി, കാട് സംരക്ഷണം ഇവയൊക്കെ ഞങ്ങള്‍ക്ക് ചൊല്ലി തന്നത് അദേഹമായിരുന്നു.
“ആനയുണ്ട്”എന്‍റെ ചിന്തകളില്‍ ജിമ്മിയുടെ ശബ്ദം.വിനോദും ബിനോയും ക്യാമറകളുമായി ജിമ്മിയുടെ പിന്നാലെ കാട്ടിലേക്ക് തിരിഞ്ഞു. പക്ഷെ ആനക്കൂട്ടം ആ സമയത്ത് ഞങ്ങള്‍ക്ക് മുഖം തരാന്‍ തയാറായില്ല.
പക്ഷെ അന്ന് രാത്രി ആത്താഴം കഴിക്കാനായി പോകുന്ന വഴി പാതയില്‍ അവ സ്വസ്ഥതയോടെ ദര്‍ശനം നല്‍കി.
കാടൊരിക്കലും ഞങ്ങള്‍ക്കാര്‍ക്കും അക്രമകാരിയായി മാറിയിട്ടില്ല. അതിലെ വന്യജീവികള്‍ ഒക്കെ തന്നെ എപ്പോഴും മുന്നിലെത്തി കാഴ്ചകള്‍ നിറച്ചിട്ടേയുള്ളൂ.
പലപ്പോഴും കാട് നമ്മള്‍ക്ക് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാത്രമായി തീരുമ്പോള്‍ നമ്മള്‍ അവിടെ നിന്നും ജന്മം കൊണ്ടവരാണെന്ന സത്യം മറക്കുകയാണ്.
ഇന്ത്യയില്‍ മാത്രം കാണുന്ന അനേകയിനം സസ്യ ജന്തു ജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ട മലനിര ഏതാണ്ട് ഇരുപത്തഞ്ച് കോടി ജനങ്ങളുടെ ജീവിതവുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലെ ഒട്ടേറെ നദികള്‍ നമ്മുടെ ഭക്ഷ്യ ഉത്പാദനത്തിന്‍റെ നാഡീഞരമ്പുകള്‍ ആണ്. എല്ലാം നമ്മുടെ പുണ്യ തീര്‍ഥങ്ങള്‍തന്നെ എന്ന് കരുതാം. നമ്മുടെ മഹാ ആരണ്യങ്ങള്‍ ആകട്ടെ വിശുദ്ധ ഇടങ്ങളും !ഇവയൊക്കെ നിലനിന്നെങ്കിലേ മനുഷ്യരായ നമുക്കിവിടെ ജീവിതം സാദ്ധ്യമാകൂ…അത് മനസ്സിലാക്കിയാല്‍ മനുഷ്യരാശിക്ക് പ്രതീക്ഷയുണ്ട്!naseerart@gmail.com