നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഒക്‌ടോബർ 29ന് ആയിരുന്നു പെരുന്നാൾ ആഘോഷം. ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും, ഇടവക ജനങ്ങളും ഇതിനായി പ്രാർത്ഥനയിലൂടെ ഒരുങ്ങുകയായിരുന്നു. ഒക്ടോബർ ഇരുപതാം തീയതി കൊടിയേറ്റത്തോടു കൂടി ഇടവകയുടെ പ്രധാന തിരുന്നാളിന് ആരംഭം കുറിച്ചു. "പാടും പാതിരി" എന്നറിയപ്പെടുന്ന ഫാ.പോൾ പൂവത്തിങ്കലിന്റെ കാർമ്മികത്വത്തിൽ പാട്ടുകുർബാനയോടു കൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ഓരോ ദിവസവും പ്രേത്യേക നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ടുള്ള കുർബാനയും, വിശുദ്ധനോടുള്ള നൊവേനയും നടത്തപ്പെട്ടു. ഒൻപതു ദിവസത്തെ ഈ കുർബാനയിലും, നൊവേനയിലും, ഫാ .ബെന്നി ജോസ്, ഫാ.ഷെനോയ് ജോൺ , ഫാ.ജോസഫ് അലക്സ് എന്നിവർ പങ്കെടുത്തു. നൊവേനയുടെ ആറാം ദിവസം ഫാ. മനോജ് മാമ്മൻ സിറോമലങ്കര കുർബാനയും ഏഴാം ദിവസം ഫാ.റോബർട്ട് വാഗനെർ ലാറ്റിൻ കുർബാനയും അർപ്പിച്ചു പ്രാർത്ഥിച്ചു. എട്ടാം ദിവസം ആഘോഷമായ സിറോമലബാർ റാസ കുർബാന ഫാ.ഷിമ്മി തോമസിന്റെ നേതൃത്വത്തിൽ, ഫാ.വിൽസൺ ആന്റണി, ഫാ.ജോസഫ് അലക്സ്, ഫാ. ജോബി ,ഫാ.നിക്കോളാസ് എന്നിവർ കൂടി അർപ്പിച്ചു.
വിശുദ്ധ കുർബാനക്ക് ശേഷം ഭക്തി നിർഭരമായ വിശുദ്ധ കുർബാനയുടെ എഴുന്നെള്ളിപ്പും, പ്രദിക്ഷണവും നടത്തപ്പെട്ടു. അത്താഴ വിരുന്നോടു കൂടി ആ ദിവസത്തെ തിരുക്കർമങ്ങൾ സമാപിച്ചു. ഈ വര്ഷം ആഗോള സഭ വിശുദ്ധ കുർബാനയുടെ വർഷമായി ആചരിക്കുന്നത് കൊണ്ട് 9 ദിവസത്തെ നൊവേന ദിനങ്ങളിൽ കുമ്പസാരം, സ്‌തൈര്യലേപനം , മാമോദീസ, രോഗീലേപനം, വിവാഹം, വിശുദ്ധ കുർബാന, കുർബാനയും സഭയും, ഹോളി ഓർഡർ എന്നീ വിഷയങ്ങളിലൂന്നിയുള്ള സന്ദേശങ്ങളും നൽകുകയുണ്ടായി. പ്രധാന തിരുന്നാൾ ദിവസം ആയ 29 -ആം തീയതി ഫാ.ഡിജോ കോയിക്കര ആഘോഷ പൂർവമായ പാട്ടു കുർബാനക്ക് നേതൃത്വം നൽകി. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തി സാന്ദ്രമായ രഥ പ്രദിക്ഷണവും, തിരുശേഷിപ്പ് വണക്കവും ആഘോഷങ്ങൾക്ക് മികവേകി.
തിരുന്നാളിന് പങ്കെടുത്ത എല്ലാവര്ക്കും, പ്രെസുദേന്തിമാർക്കും വിശുദ്ധന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു തന്റെ സന്ദേശത്തിൽ ഫാ.ഡിജോ സൂചിപ്പിക്കുകയുണ്ടായി. തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.നിക്കോളാസിനോടൊപ്പം , കൈക്കാരന്മാരായ സജിത്ത് തോപ്പിൽ , ഷാജു ജോസഫ്, പ്രെസുദേന്തിമാർ എന്നിവർ ചേർന്ന് നേതൃത്വം നൽകി. സ്.ജൂഡ് ബീട്സിന്റെ ചെണ്ടമേളം തിരുന്നാൾ പ്രദിക്ഷണത്തിന് മാറ്റു കൂട്ടി. അതിനു ശേഷം നടന്ന സ്നേഹ വിരുന്നൊടു കൂടി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കു സമാപനമായി.
റിപ്പോർട്ട് തയ്യാറാക്കിയത്: റോണി തോമസ്