പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകൾ വരച്ചുവയ്ക്കുന്ന കവിതകളെ ഉൾപ്പെടുത്തി എം. ഒ. രഘുനാഥ് എഡിറ്റ് ചെയ്ത "മണലുടുപ്പിലെ മഞ്ഞുടലുകൾ" ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കവി കെ. ഗോപിനാഥൻ പുസ്തകത്തെ പരിചയപ്പെടുത്തി.
കവികളും ആസ്വാദകരും ഒത്തുകൂടിയ റൈറ്റേഴ്‌സ് ഫോറം ഹാളിൽ കവി കുഴൂർ വിത്സൻ, കെ.പി.കെ വെങ്ങരയ്ക്കും തൻസി ഹാഷിറിനും (ഗോൾഡ് എഫ്.എം) നൽകിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. നീണ്ടകാലത്തെ പ്രവാസജീവിതത്തിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകളിലൂടെ ഇന്ന് മലയാളത്തിന്റെതന്നെ അഭിമാനമായിത്തീർന്ന വ്യക്തിത്വങ്ങളുടെ വൈകാരികമായ കൂടിച്ചേരലുകൾക്കുകൂടി ചടങ്ങ് വേദിയായി. പുസ്തകത്തോടൊപ്പം നടന്നവരെ പ്രതിനിധീകരിച്ച് ഇസ്മയിൽ മേലടി സംസാരിച്ചു. പി.ശിവപ്രസാദ്, ഹമീദ് ചങ്ങരക്കുളം, സജ്‌ന അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ ഗൂസ്ബെറി പബ്ലിക്കേഷൻ പ്രതിനിധി പ്രസന്നൻ സ്വാഗതവും എം.ഒ. രഘുനാഥ് മറുമൊഴി ഭാഷണവും നടത്തി.