പ്രീത പുതിയകുന്നേല്‍
ലോസ് ആഞ്ചലസ് സെന്റ്.അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ പത്തുദിവസങ്ങളിലായി നടത്തപ്പെട്ട തിരുനാളാഘോഷങ്ങൾക്ക് ഗംഭീരമായ പരിസമാപ്തി. ജൂലൈ 19-ന് ഇടവകവികാരി റവ. ഡോ. സെബാസ്റ്റ്യൻ വലിയപറമ്പിലാണ് തിരുനാളിന് കൊടിയുയർത്തിയത്. തുടർന്നുള്ള തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ടോമി കരിയിലക്കുളം മുഖ്യകാർമ്മികത്വം വഹിച്ചു. പിന്നീടുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാനയിലും നവനാൾ നൊവേനയിലും പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹം തേടാൻ നിരവധി ഭക്തജനങ്ങൾ എത്തിച്ചേരുകയുണ്ടായി.








റവ. ഫാ. ജിജോ ജോസഫ് , റവ. ഫാ. ഷിന്റോ സെബാസ്റ്റ്യൻ, റവ. ഫാ. ബിനോയ് നാരമംഗലത്ത് , റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ, റവ. ഫാ. ദിലീപ് സെബാസ്റ്റ്യൻ, റവ. ഫാ. ദേവസ്സി പൈനാടത്ത് , റവ. ഫാ. തോമസ് ചൂണ്ടൽ, എന്നീ വൈദികർ തുടർന്നുള്ള ദിവസങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു.
പ്രധാനതിരുനാളിന്റെ ഒന്നാം ദിവസം റവ. ഫാ. സോണി സെബാസ്റ്റ്യൻ ആയിരുന്നു ആഘോഷമായ തിരുക്കർമ്മങ്ങളുടെ മുഖ്യകാർമ്മികൻ. തുടർന്നുനടന്ന സ്‌നേഹവിരുന്നും ധൂ ർ ത്ത പുത്രന്റെ ഉപമയെ ആസ്പദമാക്കിയുള്ള യുവജനങ്ങളുടെ ബൈബിൾ ദൃശ്യാവ തരണവും തിരുനാളിനു പ്രത്യേക മിഴിവേകി.
പ്രധാനത്തിരുനാളിന്റെ രണ്ടാം ദിവസമായ ജൂലൈ 28-ന് ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് മുൻവികാരിയും നിലമ്പൂർ ഇടമണ്ണ സെന്റ്. തോമസ് ദേവാലയത്തിലെ ഇപ്പോഴത്തെ വികാരിയുമായ റവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ ആയിരുന്നു.
തിരുക്കർമ്മങ്ങൾക്കുശേഷം ദേവാലയത്തിനു ചുറ്റും വി. അൽഫോൻസാമ്മയുടെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ വഹിച്ചുകൊണ്ടുള്ള അത്യാഘോഷപൂർവ്വമായ പ്രദക്ഷിണം കുട്ടികൾക്ക് കത്തോലിക്കാ പാരമ്പര്യത്തിലേക്ക് ഒരു വഴികാട്ടിയായി മാറിയപ്പോൾ മുതിർന്നവർക്ക് അത് ഗൃഹാതുരതകളിലേക്കുള്ള ഒരു തിരിച്ചുപോക്കുമായി. പ്രദക്ഷിണത്തിനു കൊഴുപ്പുകൂട്ടാൻ ലോസ് ആഞ്ചലസിലെ കലാകാരന്മാരുടെ ചെണ്ടമേളവുമുണ്ടായിരുന്നു. തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ അനുഗ്രഹപ്രാപ്തിക്കായി വന്നവർക്കെല്ലാം തിരുനാൾ കമ്മറ്റി സ്നേഹവിരുന്നുമൊരുക്കിയിരുന്നു.
അന്നേദിവസം തന്നെ തിരുനാളിന് കൊടിയിറങ്ങിയതോടെ ലോസ് ആഞ്ചലസ് മലയാളികൾക്കിടയിലെ ഏറ്റവും വലിയ ആഘോഷങ്ങൾക്കൊന്നിന് സമാപനമായി.
