ശ്രീ കാരൂര്‍ സോമന്‍റെ 'കാട്ടു ചിലന്തികള്‍' എന്ന കഥാപുസ്തകത്തിന് ഒരു ആസ്വാദനമെഴുതാന്‍ തുടങ്ങിയപ്പോള്‍ അതിലെ കഥകള്‍ വായിച്ചനുഭവിച്ച എന്‍റെ ഓര്‍മ്മകളിലേക്ക് ഓടിയെത്തിയത് 'തോമസ് മന്‍' ന്‍റെ ഈ വാചകങ്ങളാണ്.
'ഭീതിതമായ ചക്രവാളം കാണുമ്പോഴെല്ലാം എനിക്കൊരുതരം ആസക്തിയുണ്ടാകുന്നു. അതിനെ ഞെരിച്ചമര്‍ത്താനാണ് ഞാന്‍ കഥയെഴുതുന്നത്.'
കാരൂരിന്‍റെ രചനകളെ കുറിച്ചുള്ള ഡോ.മുഞ്ഞിനാട് പത്മകുമാറിന്‍റെ വാക്കുകളും ഇവിടെ പ്രസ ക്തമാകുന്നു.
'കാരൂരിന്‍റെ നോവലുകള്‍,കഥകള്‍ കരുത്തുറ്റ ജീവിതഗന്ധികളാണ്. തീക്ഷ്ണമായ ജീവിത മുഹൂ ര്‍ത്തങ്ങളുടെ ഒഴുകിപ്പരക്കലുകളാണ് '..എന്ന ഈ വാചകം പുസ്തകം വായിക്കുന്ന ആര്‍ക്കും തോന്നാ വുന്ന ഒന്നാണ്. നാം നോക്കി നില്‍ക്കെ കടല്‍ത്തിരകള്‍ വിസ്മയമാകുന്നതുപോലെ, ഈ രചനകളിലെ ഉന്നത ശീര്‍ഷമായ അനുഭവതലങ്ങള്‍ അനുവാചകനില്‍ അത്ഭുതമുളവാക്കും. നമുക്കു മുന്നിലുള്ള ഭീതിദ മായ കാഴ്ചകള്‍ക്കെതിരെയുള്ള ആത്മരോഷത്തിന്‍റെ തിളച്ചു മറിയലാണ് പല കഥകളും. പാവങ്ങള്‍ അടിമകളായി കബളിപ്പിക്കപ്പെടുന്ന ഈ കാലത്ത്, നന്മയുടെ നറുനിലാവായി, താങ്ങും തണലുമായി യാഥാര്‍ത്ഥ്യങ്ങളോടേറ്റുമുട്ടാന്‍ വിപ്ലവ വീര്യമുള്ള കഥാകാരന്‍റെ മനസ്സിന്‍റെ ചിന്തകളുടെ ബഹിര്‍സ്പുര ണമാണ് ഇതിലെ കഥകള്‍.
മണ്ണിന്‍റെ മക്കള്‍ എന്ന കഥയിലെ ആനന്ദ്, അധികാര വര്‍ഗ്ഗത്തിന്‍റെ കാടത്തത്തില്‍ സ്വന്തം മണ്ണ് നഷ്ടപ്പെട്ടപ്പോള്‍, ആത്മഹത്യയിലഭയം തേടിയ മാതാപിതാക്കളുടെ ദാരുണാന്ത്യം കണ്‍മുന്നില്‍ കണ്ട് കരഞ്ഞു തളര്‍ന്ന ആ കുരുന്നിനെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. അടിമത്ത വ്യവസ്ഥിതിക്കെതിരെ ആഞ്ഞടിക്കാന്‍ മനസ്സ് പാകപ്പെടുത്തുമ്പോള്‍ അനുവാചകനിലും ഒരു ജ്വാലയായി അവന്‍ പ്രകാശി ക്കുന്നു.
സാരി വാങ്ങി കൊടുക്കാത്തതിന് കാന്താരി മുളകരച്ച് കറിയില്‍ ചേര്‍ത്ത് എരിവ് കൂട്ടിയ കനക ത്തിലൂടെ പകയുള്ള ഭാര്യയെ വരച്ചു കാട്ടുന്നു.
'ദേവാലയ കാഴ്ചകള്‍'എന്ന കഥയില്‍ പരിഹാസത്തിന്‍റെ കൂരമ്പുകളെയ്യുകയാണ് കഥാകാരന്‍. 'തൊഴിലൊന്നുമില്ലാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാദികള്‍ പട്ടക്കാരായി ദേവാലയങ്ങളില്‍ നുഴഞ്ഞു കയ റിയോ?'
'പ്രബുദ്ധ കേരളം' എന്ന കഥയില്‍ പുരോഹിതന്മാരെയും ആരാധനാലയങ്ങളിലെ കച്ചവട വ്യവ സ്ഥിതി കളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
'നാടിന്‍റെ ശാപം.'..എന്ന കഥയിലെ മരിച്ചുപോയ പട്ടാളക്കാരന്‍ ദാസും,ഭാര്യ രേണുവും രണ്ടു കുട്ടി കളും മനസ്സില്‍ നൊമ്പരമായി പടരുന്നു.
'കരുണിന്‍റെ കൊറോണ ദേവന്‍.' എന്ന കഥ എന്നെ ഏറെ സ്പര്‍ശിച്ച ഒന്നാണ്.
'ദേവാലയങ്ങള്‍ തുറക്കുന്നതല്ലേ നല്ലത്' ?എന്ന കരോളിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി കരുണ്‍ പറയുന്നതിങ്ങനെയാണ്..
'ഇത്രയും നാള്‍ തുറന്നു് വച്ച് പ്രാര്‍ത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം ദേവാലയങ്ങള്‍ അടപ്പിച്ചത്..
' ഏറെ ചിന്തിപ്പിച്ച ഒരു വാചകം...ദേവാലയങ്ങളിലെ വിഗ്രഹാരാധനയിലൂടെയാണോ നമുക്ക് നന്മകള്‍ ലഭിക്കുന്നത്? അതോ സദ്പ്രവര്‍ത്തികളിലൂടെയോ?
'മണ്ടന്‍ മലയാളി മനോജ്'...എന്ന കഥയില്‍ പ്രസക്തമായ ഒരു ചോദ്യം കഥാപാത്രമായ ബ്രീട്ടീഷ് പോലീസുകാരന്‍, മനോജിനോട് ചോദിക്കുന്നുണ്ട്.
'താങ്കള്‍ എന്തൊരു മണ്ടനാണ്? സാമ്പത്തികശാസ്ത്രം മാത്രം പഠിച്ചാല്‍ മതിയോ പെറ്റമ്മയെ നോക്കാന്‍ കൂടി പഠിക്കേണ്ടതല്ലേ?'
മാതാപിതാക്കളെ പുറന്തള്ളുന്ന കാലിക പ്രാധാന്യമുള്ള പ്രവണതയ്ക്ക് നേരെയുള്ള ചാട്ടുളി യാകുന്നു ഈ ചോദ്യം.
സര്‍ഗ്ഗാത്മക വാസനകളുടെ തീഷ്ണതകള്‍, ലാവണ്യശോഭ ഓരോ കഥകളിലും പ്രതിഫലിച്ചു് കാണുന്നുണ്ട്. അക്ഷരങ്ങള്‍ ദുര്‍വ്യയം ചെയ്യുകയും, മികച്ച കൃതികള്‍ വേണ്ടത്ര വായിക്കപ്പെടാതെയും ചെയ്യുമ്പോഴാണ് മാനവികതാബോധം ഉയര്‍ത്തിപ്പിടിക്കുന്ന കഥകള്‍ കാരൂര്‍ നല്‍കുന്നത്. കാട്ടുചിലന്തി കള്‍പോലെ പ്രഭാത് ബുക്സ് പ്രസിദ്ധികരിച്ച 'കാലത്തിന്‍റെ കണ്ണാടി' കഥകള്‍ അതിന് ഏറ്റവും വലിയ തെളിവാണ്.
മലയാള സാഹിത്യ രംഗത്ത് യാഥാര്‍ഥ്യബോധത്തോടെ കാരുരിനെ പോലെ പ്രതിജ്ഞാബദ്ധരായ സുഫുടസുതാര്യതയുള്ള സാഹിത്യ പ്രതിഭകളുണ്ടാകട്ടെ.
ഇതള്‍ ബുക്സ് പ്രസിദ്ധീകരിച്ച 21 കഥകളിലൂടെ ഇതള്‍ വിരിയുന്നത് ജീവിത കാഴ്ചകളുടെ തീഷ്ണമായ അനുഭവങ്ങളാണ്. വില. 150 രൂപ
ലാലിമ (ലാലി രംഗ നാഥ് )
കാരൂര്‍ സോമന്‍..
പത്തിലധികം രംഗങ്ങളില്‍ 70 മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളാണ് മലയാള ഭാഷയ്ക്ക് കാരുരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. ലോക റെക്കോര്‍ഡ് ജേതാവായ (യു ആര്‍ എഫ്) കാരൂര്‍ സോമന്‍ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. ഒരു ദിവസം ലോകത്താദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തതിനുള്ള അംഗീകാരമായിട്ടാണ് ലോക റെക്കോര്‍ഡിലിടം പിടി ച്ചത്. ആമസോണ്‍ ഇന്‍റര്‍നാഷണല്‍ എഴുത്തുകാരന്‍ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈന്‍, കാരൂര്‍ പബ്ലിക്കേഷന്‍സ്, ആമസോണ്‍ വഴി വിതരണം ചെയ്യുന്ന കെ പി ഇ പേപ്പര്‍ പബ്ലിക്കേഷന്‍സ്, എന്നിവയുടെ ചീഫ് എഡിറ്ററാണ്.
