അതായത് കാക്കകൾക്കു പല വിളിപ്പേരുണ്ട്. ചിലർ പറയും കൗശലക്കാരൻ കാക്ക, കാരണമെന്താ? ദാഹിച്ചപ്പോൾ വെള്ളാരങ്കല്ല് കൊത്തി കൂജയിലിട്ട് 'കാപ്പിലറി ഫോഴ്സ്' പ്രാവർത്തികമാക്കി. ഇനി ചിലർ പറയും തട്ടിപ്പുവീരൻ കാക്കയെന്ന്… കാരണമെന്താ? നെയ്യപ്പം കൈയിൽ പിടിച്ച് കൊതി കാട്ടിയപ്പോൾ ഓടിച്ചെന്ന് അതു തട്ടിയെടുത്തു പറന്നു പോയി. ശരി ആയിക്കോട്ടെ, ചിലർ കള്ളക്കഥ മെനഞ്ഞുണ്ടാക്കി, കുയിലിൻ്റെ കൂട്ടിൽ മുട്ടയിട്ടുവെന്ന്…എന്നാലോ സത്യമെന്താ? കുയിൽ കാക്കയുടെ കൂട്ടിലാണ് മുട്ടയിട്ടത് എന്നതല്ലേ? പറഞ്ഞു വരുന്നത് ഏറെ അപരാധങ്ങൾ, കള്ളക്കഥകൾ ഒക്കെ കേട്ട ഒരു പക്ഷിവർഗ്ഗം കാക്കയെപ്പോലെ വേറെയില്ല എന്നതാണ്. ഏറ്റവും ഒടുവിൽ അക്ഷരാർത്ഥത്തിൽ കാക്കയെ കള്ളക്കാക്കയാക്കി മാധ്യമങ്ങൾ. ആ കഥ ഇങ്ങനെ. കാപ്പാടു നാട്ടിൽ ഒരു ആറു വയസ്സുകാരിയുടെ ഒരു പവൻ വീതം തൂക്കം വരുന്ന മാലയും വളയും കണാതായി. ഒരു ലക്ഷം രൂപ പോര ഇപ്പോൾ രണ്ടു പവൻ ആഭരണം വാങ്ങാൻ എന്നോർക്കണം! മാലയും വളയും കാണാനില്ല. വീട്ടുകാർ തിരഞ്ഞു വീടു മുഴുവൻ… എവിടെ കിട്ടാൻ. ഒടുവിൽ ചില പതിവു നിഗമനങ്ങളിലും എത്തി. കളഞ്ഞു പോയിരിക്കാം, ആരെങ്കിലും എടുത്തിരിക്കാം എന്നൊക്കെ ചിന്തിക്കുന്നതിനിടയിൽ കുട്ടി പറഞ്ഞു, മാലയും വളയും പേപ്പറിൽ പൊതിഞ്ഞ് ചവറിടുന്ന പെട്ടിയുടെ അരികിലാണ് വെച്ചിരുന്നത് എന്ന്!
പിന്നെ തിരച്ചിലായി. ഏതായാലും മാല, മാലിന്യങ്ങൾക്കരികിൽ നിന്നും കിട്ടി. പക്ഷേ വള എവിടെ? അപ്പോൾ അയൽക്കാരി പറഞ്ഞു, കാക്ക പ്ലാസ്റ്റിക് വള കൊത്തിപ്പോകുന്നത് അവർ കണ്ടുവെന്ന്. അപ്പോൾ പ്രതി കാക്കയാകുമോ? എങ്ങനെ ഉറപ്പിക്കും? കാക്ക എടുത്തെങ്കിൽ കൂട്ടിൽത്തന്നെ കാണും. പണ്ട് മീശ മാധവൻ പറഞ്ഞിട്ടില്ലേ കളവു മുതൽ ചേക്കു വിട്ടു പുറത്തു പോകില്ല എന്ന്! കാക്കയും 'മീശമാധവൻ' കണ്ടുകാണണം, കുട്ടിയുടെ അച്ഛൻ തെങ്ങായ തെങ്ങൊക്കെ കേറിയിറങ്ങിയ വഴി ആ കള്ളക്കാക്കയുടെ കൂട്ടിലും എത്തി..അതാ നമ്മുടെ സ്വർണ വള!
കഥ ശുഭം!
എൻ്റെ ചോദ്യങ്ങൾ തുടങ്ങുന്നേയുള്ളൂ, ആറുവയസ്സുകാരിക്ക് രണ്ടുപവൻ്റെ ആഭരണത്തിൻ്റെ ആവശ്യമുണ്ടോ? നല്ല ഭംഗിയുള്ള മുത്തുമാലയും കുപ്പിവളയും അണിയേണ്ട പ്രായത്തിൽ സ്വർണം കുട്ടിക്ക് ഭാരമല്ലേ? കുട്ടിയുടെ ജീവൻ അപകടപ്പെടുത്താൻ ഈ സ്വർണം മതി. കഴിഞ്ഞ ദിവസം വ്യാപാരിയെ കൊന്ന കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതികൾ പറഞ്ഞത്, മരിച്ച ആളുടെ കഴുത്തിലെ തടിച്ച മാലയാണ് പ്രലോഭനത്തിൻ്റെ കാരണങ്ങളിൽ പ്രധാനമെന്നാണ്.
അടുത്ത ചോദ്യം ഇതാണ്, ശരി കുട്ടിക്ക് നമ്മൾ സ്വർണമാലയും വളയും തളയും ഒക്കെ വാങ്ങിക്കൊടുത്തു. വിശേഷാവസരങ്ങളിൽ ഇടാൻ കൊടുത്തു. തിരിച്ച് അതു വാങ്ങി സുരക്ഷിതമായി അലമാരയിൽ വെച്ചു പൂട്ടുകയല്ലേ മുതിർന്നവർ ചെയ്യുക? പേപ്പറിൽ പൊതിഞ്ഞ് വേസ്റ്റ് ബിന്നിനടുത്ത് വയ്ക്കാൻ ഇത് അടിച്ചുവാരിയ ചപ്പോ ചവറോ ആണോ?
അടുത്ത ചോദ്യം, ആറു വയസുകാരി സ്ക്കൂളിൽ പോകുന്നുണ്ടാവും, ഈ സ്വർണവും അണിഞ്ഞാണു സ്കൂളിൽ പോകുന്നതെങ്കിൽ, അതു കളഞ്ഞുപോയാൽ എത്ര വലിയ ബുദ്ധിമുട്ടാവും അതു സ്കൂൾ അധികൃതർക്കു സൃഷ്ടിക്കുക? അല്ല എന്തിനാണ് ആറു വയസുകാരിക്ക് ഇത്രയ്ക്കു സ്വർണം! മലയാളികൾ സ്വർണഭ്രമം ഒന്നു കുറയ്ക്കുന്നതാവും നല്ലത്. പാവം കാക്കകൾക്കു ചീത്തപ്പേരുണ്ടാകാതിരിക്കാനെങ്കിലും!!