കൊതിപ്പിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജിയും കൂറ്റന്‍ ക്യാമറ അപ്‌ഗ്രേഡുമായി എത്തിയിരിക്കുകയാണ് സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഹാൻഡ്സെറ്റ് ഗ്യാലക്‌സി എസ്23 അള്‍ട്രാ. കുഞ്ഞു സെന്‍സറില്‍ മറ്റൊരു പ്രീമിയം ഫോണിനുമില്ലാത്തത്ര മെഗാപിക്‌സലുകള്‍ കുത്തിനിറച്ചാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രകടനം എങ്ങനെയിരിക്കുമെന്ന കാര്യവും ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ ഫാന്‍സിനിടയില്‍ ജിജ്ഞാസ വളര്‍ത്തിയിരിക്കുകയാണ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എന്ന പ്രോസസർ സാംസങ്ങിന് മാത്രമായി നിര്‍മിച്ചു നല്‍കിയതാണ് ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍കം എന്നതും ഒരു പ്രത്യേകതയാണ്. വണ്‍പ്ലസ്, ഷഓമി തുടങ്ങിയ കമ്പനികള്‍ക്കൊന്നും ഈ ചിപ്പ് ലഭിക്കില്ല.
എസ്23 സീരീസ്
ടെക്‌നോളജി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രീമിയം സ്മാര്‍ട് ഫോണ്‍ ശ്രേണി പരിചയപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ഭീമന്‍ സാംസങ്. പറഞ്ഞുകേട്ടതു പോലെ ഗ്യാലക്‌സി എസ്23, എസ്23 പ്ലസ്, എസ്23 അള്‍ട്രാ എന്ന പേരുകളില്‍ മൂന്നു മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. എസ്23 അള്‍ട്രായുടെ പ്രധാന ക്യാമറ എന്തെങ്കിലും മാജിക് കാണിക്കുമോ എന്നാണ് സാംസങ് ഫാന്‍സും എതിരാളികളും ഉറ്റുനോക്കുന്നത്.
എസ്23 അള്‍ട്രാ
മുന്‍ തലമുറയെ അപേക്ഷിച്ച് ഡിസൈനില്‍ കാര്യമായ മാറ്റം പ്രകടമല്ലെന്നാണ് ആദ്യ വിലയിരുത്തല്‍. അതേസമയം, സാംസങ് പ്രീമിയം ഫോണുകളിലെ വളവു തോന്നിപ്പിക്കുന്ന അരികുകള്‍ പുതിയ സീരീസിനില്ല. പ്രോസസര്‍ ക്ലോക് ചെയ്തിരിക്കുന്നത് 3.36 ഗിഗാഹെട്‌സ് സ്പീഡാണ്. ഒപ്പം 12 ജിബി വരെ റാമും 1 ടിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് ശേഷിയുമുള്ള മോഡലുകള്‍ വിപണിയിലെത്തും. ഈ മോഡലിന് 5000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. ഇതിന് 45w അതിവേഗ ചാര്‍ജിങും ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ് വേഗം 15w ആണ്. വിഡിയോ സ്ട്രീം ചെയ്യുമ്പോൾ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നത് കുറയ്ക്കാനായി ഗൂഗിളുമായി സഹകരിച്ച് ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്ത് 5ജി പ്രക്ഷേപണം തുടങ്ങിയിരിക്കുന്നതിനാല്‍, ഏറെനേരം ചാർജ് നില്‍ക്കുന്ന ബാറ്ററിയുള്ള ഫോണുകള്‍ പ്രീമിയം ഫോണ്‍ ആരാധകര്‍ സ്വന്തമാക്കിയേക്കുമെന്നു പറയുന്നു. ആന്‍ഡ്രോയിഡ് 13 കേന്ദ്രീകൃതമായ വണ്‍ യുഐ 5.1 ആണ് ഒഎസ്.
അത്യുജ്വല ഡിസ്‌പ്ലേ
ഇന്ന് മറ്റൊരു ഫോണിനും ലഭ്യമല്ലാത്ത തരം ഡിസ്‌പ്ലേയാണ് എസ്23 അൾട്രായ്ക്ക് എന്നാണ് പ്രാഥമിക നിഗമനം. 6.8-ഇഞ്ച് ആണ് വലുപ്പം. എഡ്ജ് ക്യൂഎച്ഡി പ്ലസ് ഡൈനാമിക് 2എക്‌സ് ഡിസ്‌പ്ലേ എന്നാണ് സാംസങ് നല്‍കുന്ന വിവരണം. 360 ഹെട്‌സ് ആണ് ടച് സാംപ്‌ളിങ് റെയ്റ്റ്. കോര്‍ണിങ് ഗൊറില ഗ്ലാസ് വിക്ടസ് 2 ആണ് ഡിസ്‌പ്ലേയ്ക്ക് പ്രതിരോധം നൽകുന്നത്. വിഷന്‍ ബൂസ്റ്റര്‍ മോഡ്, എന്‍ഹാന്‍സ്ഡ് കംഫര്‍ട്ട് മോഡുകളും സ്‌ക്രീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ സഹായകരമായിരിക്കുമെന്നും കരുതുന്നു.
200 എംപി പ്രധാന ക്യാമറ
എസ്23 അള്‍ട്രായ്ക്കു നല്‍കിയിരിക്കുന്ന 200 എംപി പ്രധാന ക്യാമറയ്ക്ക് എന്തെങ്കിലും അധിക മികവ് കൊണ്ടുവരാന്‍ സാധിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചർച്ച നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രീമിയം മോഡലിന് 108 എംപി ക്യാമറയായിരുന്നു കമ്പനി നല്‍കിയിരുന്നത്. ഐഫോണിന് മൂന്നു സെന്‍സറുകള്‍ അടങ്ങുന്ന പിന്‍ക്യാമറാ സിസ്റ്റമാണെങ്കില്‍ സാംസങ് നാലു മൊഡ്യൂളുകള്‍ പിടിപ്പിച്ചിട്ടുണ്ട്. പ്രധാന ക്യാമറയ്ക്കു പുറമെ 12 എംപി അള്‍ട്രാ വൈഡും 10 എംപി വീതമുള്ള രണ്ട് ടെലിഫോട്ടോ ലെന്‍സുകളും അടങ്ങുന്നതാണ് പ്രീമിയം മോഡലിന്റെ പിന്‍ക്യാമറാ സജ്ജീകരണം. ടെലി ലെന്‍സുകളിലൊന്നിന് മൂന്നു മടങ്ങു സൂമാണെങ്കില്‍ അടുത്തതിന് പത്തു മടങ്ങു സൂം ലഭിക്കുന്നു. സൂമിന്റെ കാര്യത്തില്‍ ഐഫോണിനേക്കാള്‍ ഏറെ മികച്ച പ്രകടനം പ്രതീക്ഷിക്കാം. സെല്‍ഫിക്കായി 12 എംപി ക്യാമറ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ സീരീസില്‍ മൊത്തത്തില്‍ ഒരേ സെല്‍ഫി സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. (വിശദവിവരങ്ങള്‍ ക്യാമറ സെക്‌ഷനിലുള്ള വാര്‍ത്തയില്‍).
എസ്23 പ്ലസ്
എസ്23 അള്‍ട്രാ വാങ്ങാന്‍ താത്പര്യമില്ലാത്ത പ്രീമിയം ഫോണ്‍ പ്രേമികള്‍ക്കായി ഇറക്കിയിരിക്കുന്ന മോഡലാണ് എസ്23 പ്ലസ്. ഇതിന് 6.6-ഇഞ്ച് ഫുള്‍എച്ഡി പ്ലസ് 120 ഹെട്‌സ് റിഫ്രെഷ് റേഷ്യോയും 240 ഹെഡ്‌സ് ടച് സാംപ്ലിങ് റെയ്റ്റുമുള്ള അമോലെഡ് സ്‌ക്രീനാണ്. ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആണ് പിന്നില്‍. പ്രധാന ക്യാമറയ്ക്ക് 50 എംപി റെസലൂഷനാണ് ഉള്ളത്. മൂന്നു മടങ്ങ് സൂമുള്ള ടെലി ലെന്‍സും 12 എംപി അള്‍ട്രാ വൈഡും ഒപ്പമുണ്ട്. 8 ജിബിയാണ് റാം. ബാറ്ററി 4,700എംഎഎച്ചും.
ശ്രേണിയിലെ ഏറ്റവും കുറഞ്ഞ മോഡല്‍ എസ്23 ആണ്. ഇിതന് 6.1-ഇഞ്ച് വലുപ്പമുള്,ള 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റും 240 ടച് സാംപ്ലിങ് റെയ്റ്റുമുള്ള സ്‌ക്രീനാണ്. എസ്23 പ്ലസിന് സമാനമായ പിന്‍ക്യാമറാ സിസ്റ്റവും ഉണ്ട്.
ഗ്യാലക്‌സി ബുക്ക് 3 സീരീസ്
ലാപ്‌ടോപ് നിര്‍മാണ മേഖലയിലും മികവു പ്രകടിപ്പിച്ചാണ് സാംസങ് എത്തുന്നത്. തങ്ങളുടെ ഏറ്റവും പുതിയ ഗ്യാലക്‌സി ബുക്ക് 3 സീരീസില്‍ നാലു ലാപ്‌ടോപ്പുകളാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ഗ്യാലക്‌സി ബുക്ക് പ്രോ കൊണ്ടുനടക്കാന്‍ വളരെ എളുപ്പമുള്ള മോഡലാണ്. ഇതിന്റെ ഹിൻജ് 360 ഡിഗ്രി തിരിക്കാം. കമ്പനി ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ലാപ്‌ടോപ്പുകളില്‍ ഏറ്റവും കരുത്തുറ്റ മോഡല്‍ ഇതാണ്. ഇന്റലിന്റെ ഏറ്റവും പുതിയ 13-ാം തലമുറയിലെ പ്രോസസറാണ് ശക്തിപകരുന്നത്. ഒപ്പം എന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 40 സീരീസിലുള്ള ഗ്രാഫിക്‌സ് കാര്‍ഡും ഉണ്ട്.
മള്‍ട്ടി ഡിവൈസ് അനുഭവം
പുതിയ സീരീസില്‍ സാംസങ്ങിന്റെ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയിലുള്ള ഉപകരണങ്ങളും സേവനങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നും കാണാം. സാംസങ് ഗ്യാലറി, സാംസങ് സ്മാര്‍ട്ട് സ്വിച്ച്, തുടങ്ങിയ സേവനങ്ങള്‍ ലാപ്‌ടോപ്പുകളിലേക്കും എത്തിയിരിക്കുകയാണ്. മള്‍ട്ടി കൺട്രോള്‍, സെക്കന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. മറ്റ് സാംസങ് ഉപകരണങ്ങളില്‍ നിന്ന് ടെക്സ്റ്റും മറ്റും കോപ്പി പേസ്റ്റ് ചെയ്യുന്നതൊക്കെ ഇപ്പോൾ വളരെ എളുപ്പമാക്കിയിരിക്കുകയാണ്. സാംസങ് ടാബ്‌ലറ്റുകളെ ലാപ്‌ടോപ്പിന്റെ രണ്ടാമത്തെ സ്‌ക്രീനായും പ്രവര്‍ത്തിപ്പിക്കാം. ഗ്യാലക്‌സി ബുക്ക് 3 അള്‍ട്രായ്ക്ക് ഇന്റല്‍ ഐ7, ഐ9 പ്രോസസറുകള്‍ ഉപയോഗിച്ചിരിക്കുന്നു.
അള്‍ട്രാ മോഡലിന് സ്മാര്‍ട് ഫോണുകളുടേതിനു സമാനമായ സ്‌ക്രീനാണ് എന്നതാണ് ഇത് വേറിട്ടൊരു ലാപ്‌ടോപ് അനുഭവം നല്‍കുമെന്നു കരുതാന്‍ കാരണം. ഇതിന് 120 ഹെഡ്‌സ് റിഫ്രഷ് റെയ്റ്റും 2,880x18,00 ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയുമാണ് ഉള്ളത്. ഇതിന് ഡിസ്‌പ്ലേ എച്ഡിആര്‍ ട്രൂ ബ്ലാക് 500 സപ്പോര്‍ട്ടും ഉണ്ട്. 32 ജിബി വരെയാണ് റാം. കൂടാതെ, 1ടിബി എസ്എസ്ഡി വരെ സ്റ്റോറേജ് ശേഷിയും ലഭിക്കുന്നു. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ടും ഉണ്ട്. ആധുനിക ലാപ്‌ടോപ്പില്‍ പ്രതീക്ഷിക്കുന്ന എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും സാംസങ് നല്‍കുന്നു. ഫുള്‍ അലുമിനം ഫ്രെയിമാണ് നിര്‍മാണ സവിശേഷതകളിലൊന്ന്.