advertisement
Skip to content

സോളാറില്‍ പൊള്ളി ഇരു മുന്നണികളും: മന്ത്രിസഭാ പുനസംഘടന എല്‍ ഡി എഫിനു കീറാമുട്ടി

രാജേഷ് തില്ലങ്കേരി

സോളാര്‍ കേസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ തിരിഞ്ഞു കുത്തുകയാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ ഉള്‍പ്പെടുത്തിയത് ?

സോളാര്‍ വിവാദം കേരളത്തിലെ കോണ്‍ഗ്രസിനുണ്ടാക്കിയ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. യു ഡി എഫിന്റെ ആണിക്കല്ലിളക്കിയ സോളാര്‍ കേസിന്റെ അലയൊലികള്‍ ഇന്നും കേരള രാഷ്ട്രീയത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണക്കേസില്‍ കുരുക്കാനായി ഗൂഢാലോചന നടത്തിയത് ആരാണ് ? മുന്‍മന്ത്രിയും സിനിമാ താരവുമായ കെ ബി ഗണേഷ് കുമാറാണോ ? ആണെന്നാണ് സി ബി ഐ പറയുന്നത്. സോളാര്‍ പരാതിക്കാരിയായ സരിതാ നായര്‍ എഴുതിയെന്നു പറയുന്ന കത്തില്‍ പേരുചേര്‍ക്കാനായി ചിലര്‍ സമീപിച്ചുവെന്നും, ചിലരെ ഒഴിവാക്കാനായി കാലുപിടിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും, വിവാദ ഇടനിലക്കാരന്‍ നന്ദകുമാറും നടത്തിയ പത്രസമ്മേളനങ്ങളും, സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകളുമാണ് ഇക്കഴിഞ്ഞയാഴ്ച രാഷ്ട്രീയ കേരളത്തെ വീണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് വഴിവച്ചത്.

ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ അഭ്യന്തര മന്ത്രിമാരുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, രമേശ് ചെന്നിത്തലയും ശ്രമിച്ചുവെന്നായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ ആരെന്ന് കണ്ടെത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ നേതാക്കള്‍ രണ്ടുതട്ടിലായി, അന്വേഷണം വേണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പറഞ്ഞതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കയാണ്.

കെ ബി ഗണേശ് കുമാറിന്റെ വൈരാഗ്യബുദ്ധിയാണ് ഉമ്മന്‍ ചാണ്ടിയെ കുരുക്കിയതെന്നും സോളാര്‍ പരാതിക്കാരിയെ തടവില്‍ പാര്‍പ്പിച്ച് പരാതികള്‍ എഴുതിവാങ്ങിക്കുക്കയായിരുന്നു വെന്നുമാണ് ഉയര്‍ന്ന മറ്റൊരു ആരോപണം, ഇത് പരാതിക്കാരിയായ സരിതാനായരും ശരിവെച്ചിരിക്കയാണ്. സോളാര്‍ ചര്‍ച്ച വീണ്ടും സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചയായത് പുതുപ്പള്ളിയില്‍ നിന്നും ചരിത്രവിജയം നേടി സഭയിലെത്തിയ ചാണ്ടി ഉമ്മന്റെ കന്നി സമ്മേളനത്തിലായിരുന്നുവെന്നത് മറ്റൊരു സംഭവം.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, രമേശ് ചെന്നിത്തലയും നന്ദകുമാറിന്റെ പ്രഹരത്തില്‍ അല്പമൊന്നു പതറി. ആദ്യം മൗനം പാലിച്ചു. പിന്നീട് ആരോപണത്തെ തള്ളിക്കളയുന്നതായി പ്രഖ്യാപിച്ചു. അപ്പോഴും ഒരു ചോദ്യം ബാക്കിയായി, ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ച ശക്തിയാരാണ് എന്ന്.
അന്വേഷണം ആവശ്യപ്പെടാനില്ലെന്നാണ് പുതുപ്പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എയായ ചാണ്ടി ഉമ്മന്റെ പ്രതികരണം. എല്ലാം പഴങ്കഥയാണെന്നും, ഒരു അന്വേഷണത്തിനും ഞാനായിട്ട് ആവശ്യപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്തായാലും പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം വര്‍ദ്ധിത വീര്യത്തോടെ നിയമസഭയിലെത്തിയ ചെന്നിത്തലയും തിരുവഞ്ചൂരുമൊക്കെ ഗ്യാസുപോയ മട്ടിലാണ് തിരികെ നാട്ടിലേക്ക് വണ്ടികയറിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവുമാത്രമായതില്‍ മാനസിമായി തകര്‍ന്ന ചെന്നിത്തലയ്ക്ക് മറ്റൊരു പ്രഹരമായി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ മാറിയിരിക്കയാണ്. സോളാര്‍കേസ് ഇടതുപക്ഷത്തെ തിരിഞ്ഞുകുത്താന്‍ തുടങ്ങുമ്പോളാണ് പിണറായി വിവാദ ദെല്ലാളായ നന്ദകുമാറിനെ കളത്തിലിറക്കിയതെന്നും ശ്രദ്ധേയമാണ്.

സി പി എമ്മുമായി അത്ര സുഖത്തിലല്ലാതിരുന്ന കെ ബി ഗണേഷ് കുമാറിന്റെ പാര്‍ട്ടിക്കിട്ട് ഒരു കൊട്ടുകൊടുത്ത് സുഖിച്ചിരിക്കെയാണ് പിണറായിക്കും അപകടം മണത്തത്. സോളാര്‍ കേസില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും അറിയാവുന്ന ഏകവ്യക്തിയേയാണ് ചൊടിപ്പിച്ചതെന്ന്, ഗണേഷ് കുമാര്‍ വിതച്ച വിത്താണ് പടര്‍ന്ന് പന്തലിച്ച് രണ്ട് പിണറായി സര്‍ക്കാരുകളായി ഇങ്ങനെ വടവൃക്ഷത്തെപ്പോലെ നില്‍ക്കുന്നതെന്ന കാര്യം ഒരുവേള സാക്ഷാല്‍ പിണറായി സഖാവും മറന്നു തുടങ്ങിയിരിക്കുന്നു. ഇക്കാര്യം ആദ്യം മനസിലായത് ഗണേഷ് കുമാറിനു തന്നെയാണ്. അതോടെ കളിമാറി, കൈവിട്ടുപോയെന്നു കരുതിയ മന്ത്രിസ്ഥാനമിതാ പടിവാതില്‍ക്കല്‍ നില്‍ക്കുന്നു. ആന്റണി രാജുവിനെ മുന്‍ധാരണ പ്രകാരം മാറ്റാനും പകരം കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുമാണ് തീരുമാനം. ഇത് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രഖ്യാപിച്ചും കഴിഞ്ഞു.

മന്ത്രിസഭാ വികസനം എന്ന കീറാമ്മുട്ടി

സാധാരണ ഇടതുമുന്നണിയില്‍ കാണാത്ത പല പ്രവണതകളും രണ്ടാം പിണറായി മന്ത്രി സഭയില്‍ കാണുകയാണ്. അതില്‍ ഒന്ന് സ്പീക്കറെ മാറ്റിയ നടപടിയായിരുന്നു. എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ആ വകുപ്പ് ഏല്‍പ്പിച്ചത് സ്പീക്കറായിരുന്ന എം ബി രാജേഷിനെയായിരുന്നു. പകരം തലശ്ശേരി എം എല്‍ എ യായ എ എന്‍ ഷംസീര്‍ സ്പീക്കരായി, ഇപ്പോഴിതാ സ്പീക്കറെ ആരോഗ്യവകുപ്പ് ഏല്‍പ്പിച്ച് വീണാ ജോര്‍ജ്ജിനെ സ്പീക്കറാക്കുമെന്നാണ് വാര്‍ത്തകള്‍. വാര്‍ത്തകള്‍ ആരോ പടച്ചുവിട്ടതാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിനെതിരെ വ്യാപകമായ പരാതിയും വിമര്‍ശനങ്ങളുമാണ് പാര്‍ട്ടിയില്‍ തന്നെ ഉയരുന്നത്. സി പി എമ്മില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധിയായി എത്തിയ വീണാ ജോര്‍ജ്ജിനോട് പത്തനംതിട്ടാ ജില്ലാക്കമ്മറ്റി നേരത്തെതന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു, പലപ്പോഴും പാര്‍ട്ടിക്ക് വിധേയമല്ല മന്ത്രിയെന്നതായിരുന്നു പ്രധാന ആരോപണം. പ്രകടം തീരെ മോശമായതിനാല്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റി പകരം ഷംസീറിനെ കൊണ്ടുവരുമെന്ന വാര്‍ത്ത ഇ പി ജയരാജന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും വീണാ ജോര്‍ജ്ജിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മുഹമ്മദ് റിയാസിനെ പാര്‍ട്ടി സെക്രട്ടറിയാക്കി എം വി ഗോവിന്ദനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുമെന്നൊക്കെയുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ നല്ല ചുറുചുറുക്കുള്ള മന്ത്രിയാണ് റിയാസെന്നും, അദ്ദേഹം വകുപ്പ് ഏറ്റെടുത്തതോടുകൂടി കേരളം വികസനകുതിപ്പിലാണെന്നും ഇ പി പ്രതികരിച്ചിരിക്കയാണ്. റിയാസിനെ വെറുപ്പിച്ചാലുണ്ടാവുന്ന പൊല്ലാപ്പിനെകുറിച്ച് ഇ പി ക്കും വ്യക്തതയുണ്ട്.

എന്തായാലും നവമ്പറില്‍ മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാവും. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി എത്തും. മന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി കുട്ടനാട് എം എല്‍ എ എന്‍ സി പി ദേശീയ നേതൃത്വത്തിന് കത്തുനല്‍യിട്ടുണ്ട്. ആര്‍ എസ് ബി ലെനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എല്‍ ജെ ഡി യുടെ ഏക എം എല്‍ എയും മുന്‍ മന്ത്രിയുമായ കെ പി മോഹനനും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ എന്തായാലും സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോ കൂട്ടുനില്‍ക്കില്ല. അതിനാല്‍ തോമസ് കെ തോമസ് എന്‍ സി പി വിടാനും സാധ്യത ഏറെയാണ്. ഐ എന്‍ എല്‍ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെ ജീവന്‍ നല്‍കി പുഷ്ടിപ്പെടുത്താനുള്ള പിണറായിയുടെ പിപ്പടി വിദ്യയായിരുന്നു അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിയാക്കാനുള്ള തീരുമാനം.. മന്ത്രിയുണ്ടായതിന്റെ പേരില്‍ തകര്‍ന്നുപോയ പാര്‍ട്ടിയായി ഐ എന്‍ എല്‍ മാറിയെത്തത് ചരിത്രം. അഹമ്മദ് ദേവര്‍കോവിലും മന്ത്രികുപ്പായം അഴിച്ചുവെക്കും.. അതാണ് മുന്നണി മര്യാദ.

മുഖ്യമന്ത്രിയ്ക്കും മകള്‍ വീണയ്ക്കും എതിരെ കുഴല്‍നാടന്റെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇന്നേവരെ വ്യക്തമായ മറുപടി പറയാന്‍ മുഖ്യന്‍ തയ്യാറായിട്ടില്ല. കരിമണല്‍ കര്‍ത്തയില്‍ നിന്നും കോഴകൈപ്പറ്റിയതും, മകളുടെ കമ്പനിയിലേക്ക് മാസപ്പടി വന്നതുമൊക്കെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി മാറ്റിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. കുഴല്‍നാടന്‍ ചിന്നക്കനാലില്‍ വ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തി റിസോര്‍ട്ട് നടത്തുന്നുവെന്ന സി പി എം നേതാക്കളുടെ ആരോപണവും ആവിയായി. റിസോര്‍ട്ട് എന്ന പേര് മാറ്റി ഹോം സ്‌റ്റേ എന്നാക്കി ലൈസന്‍സ് കൊടുത്തതോടെ അതും തീര്‍ന്നു. മാത്യു കുഴല്‍നാടന്റെ വീട്ിരിക്കുന്ന സ്ഥലം കൈയ്യേറിയതാണെന്നുള്ള ആരോപണത്തില്‍ വലിയ കോലാഹലം സൃഷ്ടിച്ചെങ്കിലും അതും ഏതാണ്ട് അവസാനിച്ചു,

എ ഐ ക്യാമറാ വിവാദത്തിലും മുഖ്യന്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങളെ കാണാന്‍ തയ്യാറാവാത്ത മുഖ്യന്‍ നടത്തുന്ന ബുദ്ധിപൂര്‍വ്വമായ നീക്കം തുടരുകയാണ്. അതൊരു പ്രത്യേക മനോനിലയാണ് എന്നാണ് മുഖ്യന്‍ സഭയില്‍ പറഞ്ഞത്. അത് എന്ത്തരം മനോരോഗമാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായാതുമില്ല.

കരിവണ്ണൂര്‍ ബാങ്ക് തട്ടിപ്പ്, സോളാര്‍കേസ് തുടങ്ങി നിരവധി വിഷയങ്ങളിലൂടെയാണ് കേരളം പിന്നിടുന്ന ഈ ആഴ്ച കടന്നുപോയത്. കരിവണ്ണൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതിയായ സതീഷിന് സി പി എമ്മിലെ പ്രമുഖരുമായും ബന്ധമുണ്ടെന്ന കണ്ടെത്തലാണ് സി പി എമ്മിനെ പിടിച്ചുലയ്ക്കുന്നത്. മുന്‍മന്ത്രിയും എം എല്‍ എയുമായ എ സി മൊയതീന്‍ വീണ്ടും ഇ ഡിയുടെ മുന്നിലെത്തി ചോദ്യം ചെയ്യലിന് വിധേയനായി. മൂന്നാം വട്ടവും മൊയ്തീനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇ ഡി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചാണ് ഇ ഡിയുടെ നീക്കമെന്നും വ്യക്തം. സി പി എമ്മിന്റെ മുന്‍ മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ എ സി മൊയ്തീന്‍ അറസ്റ്റു ചെയ്യപ്പെടാനുള്ള സാധ്യതയും സി പി എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. കോടികളുടെ ധനാപഹരണം നടന്നിട്ടും സി പി എം നേതൃത്വം അതൊന്നും കണ്ടതായി നടച്ചില്ല. പ്രതിഷേധം ശക്തമായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു,, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം ഒച്ചിന്റെ വേഗതയില്‍ നീങ്ങുകയാണ്. ഇതിനിടയിലാണ് ഇ ഡിയുടെ വരവ്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചിരിക്കയാണ് കരിവണ്ണൂരില്‍. മുന്‍ മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീന്‍ അറസറ്റു ചെയ്യപ്പെട്ടാല്‍ അത് ബി ജെ പി ഇഡിയെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നു പറഞ്ഞ് തടിതപ്പാമെങ്കിലും സി പി എം വലിയതോതില്‍ പ്രതിരോധത്തിലാവുമെന്നതില്‍ സംശയമില്ല.

വീണ്ടും നിപ

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു 2018 ലെ നിപ. കോഴിക്കോട് നിരവധി പേരുടെ ജീവനെടുത്ത നിപ ഏവരേയും വലിയതോതില്‍ ഭയപ്പെടുത്തിക്കൊണ്ടാണ് കടന്നുപോയത്. ഒരു രോഗ്യപ്രവര്‍ത്തകയടക്കം നിരവധി പേരുടെ ജീവനെടുത്ത നിപയെ വളരെ സൂഷ്മതയോടെയാണ് കേരളം നേരിട്ടത്. നിപയെതുടര്‍ന്ന് കോവിഡ് വന്നപ്പോള്‍ ആരോഗ്യവകുപ്പിന് കോവിഡിനെ ആദ്യഘട്ടത്തില്‍ നേരിടാന്‍ കഴിഞ്ഞതും നിപയെ നേരിട്ടതിലുള്ള പരിചയസമ്പത്തായിരുന്നു. കോവിഡും കടന്നുപോയി, ജനജീവിതം സാധാരണ രീതിയിലേക്ക് മാറി. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കോഴിക്കോട് വീണ്ടും നിപ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. നാലുപേര്‍ മരണത്തിന് കീഴടങ്ങി കുറച്ചുപേര്‍ നിപ ബാധിച്ച് ചികില്‍സയിലുണ്ട്. നിപ വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലായി കോഴിക്കോടിന്റെ വിവിധയിടങ്ങള്‍ അടച്ചിട്ടിരിക്കയാണ്.

നിപ വ്യാപനം ചെറുക്കുന്നതിനായി കേന്ദ്ര ആരോഗ്യ സംഘവും എത്തിയിട്ടുണ്ട്. എന്നാല്‍ വീണ്ടും കോഴിക്കോട് എങ്ങിനെ നിപ വൈറസ് എത്തിയെന്നതും, ദുരൂഹമാണ്. നിപ വൈറസ് വ്യാപിക്കുന്നതില്‍ എങ്ങിനെയാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെയും ലഭിച്ചിട്ടില്ല. ആരോഗ്യവകുപ്പ് 2018 ല്‍ കണ്ടെത്തിയത് വവ്വാലുകളിലൂടെയാണ് മനുഷ്യരില്‍ എത്തുന്നതെന്നാണ്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ടാണ് കോഴിക്കോട് മാത്രം ഈ ദുരിത വ്യാധിയെത്തുന്നു എന്നതും വരും ദിവസങ്ങളില്‍ പരിശോധിക്കപ്പെടുമായിരിക്കാം. എന്തായാലും ജനം ഭീതിയിലാണ്. ഭീതിയകറ്റി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുളള തീവ്രശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടെന്നത് ആശ്വാസകരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest