രാജേഷ് തില്ലങ്കേരി
മലയാള സിനിമയ്ക്കിത് താങ്ങാനാവാത്ത നഷ്ടം
ഹൃദയാഘാതത്തെതുടർന്ന് എറണാകുളം അമൃതഹോസ്പിറ്റലിൽ ചികിൽസയിലിക്കെയാണ് മരണം
കൊച്ചി : സംവിധായകൻ സിദ്ദിഖിന്റെ വേർപാട് മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്. മലയാളത്തിൽ നിരവധി ഹിറ്റുകൾ ഒരുക്കിയ സംവിധായകന്റെ അകാലത്തെ വിടവാങ്ങൾ മലയാള സിനിമാ ലോകത്തിനുണ്ടാക്കിയ നഷ്ടം കനത്തതാണ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടാണ് മലയാള സിനിമയ്ക്ക് പുത്തൻവസന്തം തീർത്തത്. ഫാസിലിന്റെ സഹായിയായാണ് സിദ്ദിഖ് മലയാള സിനിമയിൽ എത്തുന്നത്. ' റാംജി റാവ് സ്പീക്കിംഗ് ' എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയിലേക്ക് നെഞ്ചുവിരിച്ച് കയറിവന്നവരാണ് സിദ്ദിഖും ലാലും. ചെറുപ്പകാലം തൊട്ട് സുഹൃത്തുക്കളായിരുന്നു സിദ്ദിഖും ലാലും. കൊച്ചിൻ കലാഭവനിൽ മിമിക്രിപറഞ്ഞു കലാരംഗത്തെത്തി. അക്കാലത്തെ സുപ്പർഹിറ്റ് സംവിധായകനായ ഫാസിലിന്റെ സംവിധാന സഹായിയായി ഈ കൂട്ടുകാർ എത്തിയതോടെ സിനിമയിൽ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു.
1989 ൽ റിലീസ് ചെയ്ത 'റാംജി റാവ് സ്പീക്കിംഗ് ' എന്ന ചിത്രം മലയാള സിനിമയിൽ ഒരു നാഴികക്കല്ലായിമാറി. സൂപ്പർതാരങ്ങളില്ലാതെ കഥയുടെ കെട്ടുറപ്പിൽ കേരളക്കരയെ ഇളക്കിമറിച്ച ചിത്രമായിരുന്നു ഇത്. പുതുമുഖങ്ങളായ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിനെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. അന്നേവരെ പ്രേക്ഷകർ കണ്ടിരുന്ന സിനിമയായിരുന്നില്ല റാംജി റാവ്. ഹാസ്യം ഇത്രയേറെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യാനറിയാവുന്ന സംവിധായകർ പിന്നീടും നിരവധി ഹിറ്റുകൾ ഒരുക്കി. പിന്നീട് സിദ്ദിഖും ലാലും വേർപിരിഞ്ഞു. ലാൽ അഭിനയത്തിലും സിനിമാനിർമ്മാണത്തിലും മറ്റും ശ്രദ്ധകേന്ദ്രീകരിച്ചു. സിദ്ദഖിഖ് തന്റെ ജൈത്രയാത്ര തുടർന്നു. മലയാളത്തിൽ ഹിറ്റായ സിനിമകൾ തമിഴിലേക്ക് റീ മെയ്ക്കു ചെയ്തു. ദിലീപിനെ നായകനാക്കി മലയാളത്തിൽ ഒരുക്കിയ ബോഡിഗാർഡ് എന്ന ചിത്രം തമിഴിൽ കാവലനായും ബോളിവുഡിൽ ബോർഡി ഗാർഡായും മൊഴിമാറ്റി. ഹിന്ദിയിൽ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ബോർഡിഗാർഡ് ഹിന്ദിയിലും സൂപ്പർ ഹിറ്റ് തീർത്തു. പ്രിയദർശനുശേഷം മലയാളത്തിൽ നിന്നും സ്വന്തം ചിത്രം ഹിന്ദിയിലേക്ക് റീമെയ്ക്കു ചെയ്ത സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനായി.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമകൾ സംവിധാനം ചെയ്ത സിദ്ദിഖ് ഇനിയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യേണ്ടുന്ന അതുല്യ പ്രതിഭയായിരുന്നു. ഈ വേർപാട് മലയാള സിനിമയ്ക്ക് ഒരിക്കലും താങ്ങാനാവുന്നതായിരുന്നില്ല.
വിജയത്തിൽ അമിതമായി ആഹ്ലാദിക്കുകയോ സിനിമകൾ പരാജയപ്പെടുമ്പോൾ അതിൽ വിഷമിച്ച് തകർന്നുപോവുകയോ ചെയ്യുന്നതായിരുന്നില്ല സിദ്ദിഖിന്റെ പ്രകൃതം. വലിപ്പച്ചെറുപ്പമില്ലാതെ സിനിമാ ലോകത്ത് സമഭാവനയോടെ എല്ലാവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന സംവിധായകനായിരുന്നു സിദ്ദിഖ്.
തിരക്കഥാകൃത്ത് എന്ന നിലയിലും സിദ്ദിഖ് ശ്രദ്ധേയനായിരുന്നു. 1986-ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹം തിരക്കഥാരചനയിൽ അരങ്ങേറ്റം കുറിച്ചത്. ബിഗ് ബ്രദറാണ് അവസാനമായി തിയേറ്ററുകളിൽ എത്തിയ അദ്ദേഹത്തിന്റെ ചിത്രം. ഇൻഹരിഹർ നഗർ, ഗോഡ് ഫാദർ. വിയറ്റ്‌നാം കോളനി. കാബൂളിവാല., മാന്നാർ മത്തായി സ്പീക്കിംഗ്, ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമാ വ്യവസായത്തിൽ വൻ കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.
നാടോടിക്കാറ്റ്. അയാൾകഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളുടെ കഥ സിദ്ദിഖിന്റേതായിരുന്നു. ഫാസിലിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിൽ ഹാസ്യരംഗങ്ങൾ ഒരുക്കിയിരുന്നത് സിദ്ദഖ്-ലാൽ ടീമായിരുന്നു. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, പൂവിന് പുതിയ പൂന്തെന്നൽ, മാനത്തെകൊട്ടാരം, ഫൈവ്‌സറ്റാർ ഹോസ്പ്പിറ്റൽ, ഗുലുമാൽ, സിനിമാകമ്പനി, മാസ്റ്റർപീസ്, ഇന്നലെവരെ, എന്നീ സിനിമകളിൽ അഭിനയിച്ചു. ഫുക്രി, ബിഗ്ഗ് ബ്രദർ എന്നീ സിനിമകൾ നിർമ്മിച്ചു.
സാധുമിറണ്ടാൻ, ഇങ്കൾ അണ്ണാ, കാവലൻ, ഭാസ്‌ക്കർ ഒരു റാസ്‌ക്കൽ ഫ്രണ്ട്‌സ് എന്നിവയാണ് സിദ്ദിഖ് സംവിധാനം നിർവ്വഹിച്ച തമിഴ് ചിത്രങ്ങൾ. മാരോ എന്ന പേരിൽ ഒരു തെലുങ്ക് ചിത്രവും സംവിദാനം ചെയ്തു.
1954 ഓഗസ്റ്റ് 1 ന് എറണാകുളത്ത് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായാണ് ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ പഠനശേഷമാണ് കലാഭവനിൽ എത്തുന്നത്.
സിദ്ദിഖ് അവരുടെ സംയുക്ത കമ്പനിയായ എസ് ടാക്കീസിന് കീഴിൽ ജെൻസോ ജോസിനൊപ്പം സിനിമകൾ നിർമ്മിച്ചുവരികയായിരുന്നു.
സാജിതയാണ് ഭാര്യ. മക്കൾ : സുമയ, സാറ, സുകൂൺ