advertisement
Skip to content

ശിഹാബുദ്ദിൻ പൊയ്ത്തുംകടവ് എഴുതിയ 'നിലാവിനറിയാം' നോവൽ റിവ്യൂ

ഇത് മരിച്ചെന്ന് കരുതിയ ഒരു ജേഷ്ഠനെ അന്വേഷിച്ചുള്ള ഒരു അനുജന്റെ യാത്രയാണ്. പ്രവാസത്തിൽ നിന്ന് ഞെക്കിപ്പിഴിഞ്ഞെടുത്ത അവധി ദിവസങ്ങൾ പ്രിയപ്പെട്ടവർക്ക് വേണ്ടി ചിലവഴിച്ച അബ്‌ദുവിന്റെ കഥ.

"പകൽവെളിച്ചത്തിന്റെ ഓരോ സമയത്തും താജ്മഹലിന് ഓരോ ഭാവമാണ്. ആ വിശ്വപ്രസിദ്ധമായ മാർബിളിനു വെള്ളനിറത്തിന്റെ പല ഭാവങ്ങളുണ്ട്. കാലത്തു കാണുന്ന നിറമല്ല ഉച്ചയുടേത്.. അതല്ല വൈകീട്ട്. പൂർണനിലാവിലാണ് താജ്മഹൽ കാണേണ്ടത്. അവയിലാണ് പ്രണയത്തിന്റെ മഹാകാവ്യം ചാലിച്ച അന്തരീക്ഷം വിതറിയിരിക്കുന്നത്. നീല നിലവിൽ."

നഷ്ടബന്ധങ്ങളെ തേടിയുള്ള യാത്രയും ആ യാത്രക്കിടയിൽ ജീവിതം, സ്നേഹം, ബന്ധങ്ങൾ എന്നിവയെ ഇഴ കീറി പരിശോധിക്കുകയുമാണ് ഷിഹാബുദ്ദിൻ പൊയ്ത്തുംകടവ് Shihabuddin Poithumkadavu എഴുതിയ നിലാവിനറിയാം എന്ന ജനപ്രിയ നോവൽ.

ഇത് മരിച്ചെന്ന് കരുതിയ ഒരു ജേഷ്ഠനെ അന്വേഷിച്ചുള്ള ഒരു അനുജന്റെ യാത്രയാണ്. പ്രവാസത്തിൽ നിന്ന് ഞെക്കിപ്പിഴിഞ്ഞെടുത്ത അവധി ദിവസങ്ങൾ പ്രിയപ്പെട്ടവർക്ക് വേണ്ടി ചിലവഴിച്ച അബ്‌ദുവിന്റെ കഥ.

"ചില ഹൃദയങ്ങൾ അങ്ങനെയാണ്. സ്നേഹത്തിന് പുറത്ത് അവർക്കൊരു ലോകമുണ്ടാവില്ല."

ജീവിതം തന്നെ സ്നേഹത്തിനായി ഉഴിഞ്ഞു വെച്ച് ഭർത്താവ് മരിച്ചെന്നറിഞ്ഞും സ്നേഹം മരിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ്. "ഈ ഭൂമിയിലും ഭൂമിയിലെ ജീവിതത്തിലെ ശേഷമുള്ള പരലോക ജീവിതത്തിലും ലോകാവസാനം വരേക്കും എല്ലാം ഒടുങ്ങിത്തീരുവോളവും ജമാൽക്കയുടെ നെഞ്ചോട് ചേർന്ന് കിടക്കണം. നമ്മൾ സർവ്വവും മറന്ന് നൂറ്റാണ്ടുകളോളം പുണർന്ന് കിടന്ന് ഈ ഭൂമിയിലെ നിലവായിത്തീരണം." എന്നാശിച്ച സഫിയാത്തയുടെയും അവളെ ആശിച്ച ജമാലിന്റെയും കഥയാണ് 'നിലാവിനറിയാം'.

"ഒരു സ്ത്രീയുടെ ഹൃദയം എന്തെന്ന് നിങ്ങൾക്കറിയില്ല. മതിഭ്രമങ്ങളുടെയും മോഹവലയങ്ങളുടെയും അകത്ത് സഞ്ചരിക്കുന്ന പുരുഷന്റെ മനസ്സല്ല സ്ത്രീയുടേത്." മനുഷ്യമനസ്സുകളിലേക്കുള്ള അന്വേഷണം കൂടിയാവുന്നുണ്ട് ഈ നോവൽ.

"ഓരോ മനുഷ്യനും അവനവന്റേതായ മനഃപ്രയാസങ്ങൾ വഹിച്ചു നീങ്ങുന്ന ഒരു കാളവണ്ടിയാണ്. ചില വേദനകൾക്ക് അന്യരുമായി പങ്കുവെക്കാനുള്ള വാക്കുകൾ പോലുമില്ല. എല്ലാ മനുഷ്യരെക്കുറിച്ചും നമുക്ക് എല്ലാമറിയുന്നു എന്ന് വിചാരിക്കുന്ന വിഡ്ഢിയായ ജീവിയാണ് മനുഷ്യൻ. എന്നാൽ ആർക്കും ആരെക്കുറിച്ചും പൂർണമായും അറിയില്ല എന്നതല്ലേ സത്യം? അത് ജേഷ്ഠനായാലും അനുജനായാലും ഭാര്യയായാലും ഭർത്താവായാലും ഒക്കെ അങ്ങനെതന്നെ." ജീവിതാന്വേഷണം തന്നെയാണ് ഈ നോവൽ.

മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ നോവൽ എന്നത് കൊണ്ട് തന്നെ, പതിവ് ഷിഹാബുദ്ദിൻ രചനയുടെ ആഴമോ ബൗദ്ധികതയോ ഈ രചനക്ക് അവകാശപ്പെടാൻ സാധിക്കില്ല. പക്ഷെ, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥപറച്ചിൽ തന്ത്രം ഈ നോവലിനെ ആസ്വാദ്യകരമാക്കുന്നു. വളരെ സാധാരണമായ ഒരു തുടക്കവും അല്പം ക്ളീഷേ ആയ ഒരു ഒടുക്കവും ആണ് നോവലിനുള്ളതെങ്കിലും നോവൽ പൊതുവെ ഉദ്വെഗജനകവും വേഗതയാർന്ന വായനക്ക് ഉതകുന്നതും ആയിട്ടാണ് എഴുതിയിരിക്കുന്നത്. വായനയുടെ ഒരു ഘട്ടത്തിൽ ഷിഹാബുദ്ദിൻ ഗൗരവമുള്ള രചനകൾ നിർത്തി ഇത്തരം വായനാസുഖമുള്ള രചനകളിൽ ശ്രദ്ധിക്കണം എന്ന് വരെ തോന്നിപ്പോയി. അങ്ങനെ എഴുതുന്ന എഴുത്തുകാരുടെ ദൗർലഭ്യം തന്നെയാണ് ആ ചിന്തയുടെ അടിസ്ഥാനം.

വേഗത്തിൽ വായിച്ചു പോകാവുന്നതിനോടൊപ്പം അല്പം ചിന്തിക്കാനും സഹായിക്കുന്ന ഒരു നല്ല ജനപ്രിയ നോവൽ എന്ന് ഇതിനെ
വിശേഷിപ്പിക്കാം.

പ്രസാധനം : മാതൃഭൂമി ബുക്സ്
പേജ് : 126
വില : 130 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest