തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 16ന് രാവിലെ 11 വരെ കസ്റ്റഡിയിൽവിട്ട് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്‍റേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം. പ്രതിയെ ചോദ്യംചെയ്യുന്നതിന് അഞ്ചുദിവസം വേണ്ടെന്നും പ്രതിയുടെ സമൂഹമാധ്യമ വിവരങ്ങൾ ചോദിക്കാൻ ഒരുദിവസം മതിയെന്നും പ്രതിഭാഗം വാദിച്ചു.
ഇരുവാദങ്ങളും പരിഗണിച്ചാണ് കോടതി ഉത്തരവ്. അതീവ ഗൗരവമുള്ള കേസെന്ന നിരീക്ഷണത്തോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടത്.
