advertisement
Skip to content

സാറ ജോസെഫിന്റെ ബുധിനി എന്ന നോവലിന്റെ ദിവ്യ ജോൺ ജോസ് Dyvia Jose എഴുതിയ നിരൂപണം പങ്കു വെക്കുന്നു.

അതെ, 1959 ൽ ഡിസംബർ ആറിന് ദാമോദർ വാലി പദ്ധതി ഉത്ഘാടനം ചെയ്യാനെത്തിയ ജവഹർലാൽ നെഹ്റു, ഹാരമണിയിച്ച്, ആ ഉത്ഘാടനം നിർവ്വഹിക്കാൻ വേദിയിലേയ്ക്കാനയിച്ച അതേ ബുധിനി.

പിറന്നു വീണ മണ്ണിൽ നിന്ന്, വികസനമെന്നും രാജ്യപുരോഗതിയെന്നും പറഞ്ഞു, പുറത്താക്കപ്പെടുന്ന, ശബ്ദമില്ലാതായിപ്പോയ, സകലതും നഷ്ടപ്പെട്ട ഒരു കൂട്ടം ജനതയുടെ കഥ പറയുകയാണ് ബുധിനിയിലൂടെ, സാറാ ജോസഫ്. പരിസ്ഥിതിയെ ആവോളം ചൂഷണം ചെയ്യാൻ ഓരോ കാലഘട്ടങ്ങളിലും മനുഷ്യർക്ക് ഓരോരോ കാരണങ്ങളുണ്ടാകുന്നു. വെള്ളപ്പൊക്കമായും ഭൂകമ്പമായും അവൾ തിരിഞ്ഞടിക്കുന്നു. ഈ വിഷയങ്ങളെ മുൻനിറുത്തി, ബുധിനി എന്ന സാന്താൾ പെൺകുട്ടിയുടെ ജീവിതത്തിലൂടെ പറഞ്ഞു പോകുന്ന ഈ നോവൽ, വികസനങ്ങളുടെ പുറകിൽ, ആരും പറയാതെ പോയ ദുരിത ജീവിതങ്ങളുടെയും കണ്ണീരിൻ്റെയും ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേയ്ക്ക് വായനയൊരുക്കുന്നു.

1943 ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ കനത്ത ആഘാതത്തെത്തുടർന്ന്, ബംഗാൾ ഗവണ്മെൻ്റ് ഏർപ്പെടുത്തിയ ഒരന്വേഷണക്കമ്മിറ്റിയാണ്, ദാമോദർ നദിക്കു കുറുകെ ഒരു ഡാം പണിയുക എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്.

ഒരു പാവം പിടിച്ച പഴയ ജീപ്പിൽ, തണുത്തു വിറങ്ങലിച്ച ഒരു പ്രഭാതത്തിൽ, പാഞ്ചേജ് ഡാമിലേയ്ക്കും മൈഥോൺ ഡാമിലേയ്ക്കും പണിക്കു പോകുന്ന തൊഴിലാളികളുടെ കൂട്ടത്തിൽ കയറിപ്പറ്റിയ, ഒരമ്മയും മകളും പിറ്റേന്നോ മറ്റോ ഡാമിൽ ആന്മഹത്യ ചെയ്യുന്നു. അത് ബുധിനി മെജാൻ എന്ന സാന്താൾ പെൺകുട്ടിയായിരുന്നുവെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നു.

അതെ, 1959 ൽ ഡിസംബർ ആറിന് ദാമോദർ വാലി പദ്ധതി ഉത്ഘാടനം ചെയ്യാനെത്തിയ ജവഹർലാൽ നെഹ്റു, ഹാരമണിയിച്ച്, ആ ഉത്ഘാടനം നിർവ്വഹിക്കാൻ വേദിയിലേയ്ക്കാനയിച്ച അതേ ബുധിനി.

ഹാരമണിയിച്ചതിനാൽ, അവൾ നെഹ്റു വിൻ്റെ ഭാര്യയായിത്തീർന്നെന്നും, സന്താൾ വംശജരുടെ ആചാരങ്ങൾക്കെതിരെ പ്രവർത്തിച്ചെന്നും പറഞ്ഞ്,കടുത്ത ശിക്ഷകൾ നൽകി, പേ പിടിച്ച നായയെ ആട്ടിപ്പായിക്കുന്നതു പോലെ അവളെ ഗ്രാമത്തിൽ നിന്നും ഓടിച്ചു കളയുന്നു.ദുരിതപർവ്വങ്ങൾ താണ്ടി, അവർ തളർന്നു പോയെന്നും ഒടുവിൽ എപ്പൊഴൊ മരിച്ചു പോയെന്നുമുള്ള വാർത്തകൾക്കു പുറകെയാണ്, അവർ എവിടെയോ ജീവിച്ചിരിക്കുന്നു എന്നറിയുന്നത്.

അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്, ആത്മഹത്യ ചെയ്തിട്ടില്ല, എന്ന വാർത്തയുമായി സുചിത്ര എന്ന ഫ്രീലാൻസ് ഫോട്ടോഗ്രഫർ, രൂപി മുർമു എന്ന സാന്താൾ വംശജയായ സുഹൃത്തിനെ കാണാൻ എത്തുകയും, അവർ രണ്ടു പേരും കൂടി കണ്ടെത്തുന്ന നിരവധി യാഥാർത്ഥ്യങ്ങളിലേയ്ക്കുള്ള യാത്രകൾ നൽകുന്ന വായനയാണ് - "ബുധിനി " നൽകുന്നത്.

സാൽമരത്തിൻ്റെ കൊമ്പിൽ കയറിയിരുന്ന്, തൻ്റെ ആടുകളെ മേയിക്കാൻ വിട്ട്, ടിരിയോ (ഏഴ് തുളകളുള്ള പുല്ലാങ്കുഴൽ) വായിച്ചു കൊണ്ടിരിക്കുന്ന, കർബോന ഗ്രാമത്തിലെ ബുധിനി എന്ന പെൺകുട്ടി. അവിടുത്തെ ആളുകൾ, ചരിത്രങ്ങൾ, നാടോടിപ്പാട്ടുകൾ തുടങ്ങിയവയെല്ലാം മനോഹരമായ വായനയായി.

ഡാമുകളുടെ പണി തുടങ്ങിയതോടെ ഗ്രാമത്തിൻ്റെ രൂപവും ഭാവവും മാറുന്നു.

രൂപി മുർമു, അവളുടെ ബാബാ, മുത്തച്ഛൻ ജഗ്ദീപ് മുർമു, രൂപിയുടെ കസിൻ മുകുൾ, ബുധിനിയുടെ ചെറുപ്പത്തിലെ കുട്ടായിരുന്ന ഛോത്രോയ് സോറൻ തുടങ്ങിയ ആളുകളിലൂടെ ബുധിനിയുടെ ഭൂതകാലത്തെ ചികഞ്ഞെടുക്കുകയും അതോടൊപ്പം ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ബുധിനിയിലേയ്ക്കുള്ള വഴികൾ തേടിപ്പിടിക്കുകയും ചെയ്യുന്നു.

നിരവധി കഥാപാത്രങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ നോവൽ.

ഡാമുകൾ നശിപ്പിച്ച കൃഷിപ്പാടങ്ങൾ, വെള്ളം മുക്കിക്കളഞ്ഞ ഗ്രാമങ്ങൾ, എല്ലാമുപേക്ഷിച്ച് മറ്റ് ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും കുടിയേറിപ്പോയവരുടെ ദുരിതങ്ങൾ, വിലാപങ്ങൾ, തിളച്ചു മറിയുന്ന കൽക്കരിപ്പാടങ്ങളുടെ ഝാരിയ, കരിപിടിച്ചും ചൂടേറ്റും ഉണങ്ങിക്കരിയുന്ന കുറേയേറെ ജീവിതങ്ങൾ എല്ലാം വായിക്കുമ്പോൾ, ആരാലും അറിയപ്പെടാതെ, വെന്തുപോയ ഒലിച്ചുപോയ എത്രയോ മനഷ്യരുടെ ജീവിതങ്ങൾക്കു മേലെയാണ് വികസനമെന്ന മനോഹര ശില്പം നിലകൊള്ളുന്നതെന്ന് ചിന്തിക്കാതിരിക്കാനാവില്ല.

സാറാ ജോസഫിൻ്റെ പതിവു ശൈലികളിൽ നിന്നു വേറിട്ട ആഖ്യാനമായിത്തോന്നി. പരിചിതമല്ലാത്ത പരിസരങ്ങളാണ്, ജീവിതങ്ങളാണ് - ഒരു പക്ഷേ, പലായനത്തിൻ്റെ ദുരിതങ്ങൾ നിറഞ്ഞ വാർത്തകൾ കേൾക്കുമ്പോൾ, പത്രവാർത്തകൾക്കപ്പുറം എത്രത്തോളം നമ്മളത് ഗ്രഹിക്കുന്നുണ്ട് എന്ന് ആലോചിച്ചു നോക്കാറുണ്ട്.

ഈ കഥ, വാർത്തകൾക്കപ്പുറത്തേയ്ക്കുള്ള വൈകാരിക മുഹൂർത്തങ്ങൾ, നമ്മുടെ തൊട്ടു മുന്നിലേയ്ക്ക് കൊണ്ടു വരുന്നുണ്ടെന്ന് നിസ്സംശയം പറയാം.
ദിവ്യ ജോൺ ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest