രാജേഷ് തില്ലങ്കേരി
ശശിധരൻ കർത്ത എന്ന ഉദാരമനസ്‌ക്കനായ വ്യവസാസിയോട് ഈ നാട്ടിലെ എല്ലാ ദരിദ്രവാസികൾക്കും ഒരു വിഭാഗം മാധ്യമ പ്രവർത്തകർക്കും കടുന്ന ദേഷ്യമാണ്. കാരണം അങ്ങോര് പാവപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കും പിന്നെ മുഖ്യമന്ത്രിയുടെ മകൾക്കും ചുമ്മാ ഇങ്ങനെ കോടികൾ ഇട്ടുകൊടുക്കുന്നതാണ് ഈ വക ജനത്തെ വല്ലാതെ അസ്വസ്ഥരാക്കുന്നത്. അല്ലെങ്കിലും ഈ പൊതുജനം കഴുതയാണെന്ന് പറയുന്നത് വെറുതെയല്ല. സ്വപ്‌ന സുരേഷ്, ഇ ഡി, സി ബി ഐ എന്നൊക്കെയുള്ള പേരുകൾ കേൾക്കുന്നത് തന്നെ നിരോധിച്ച ഒരു സംസ്ഥാനത്താണ് നിങ്ങൾ ജീവിക്കുന്നതെന്ന് ഈ പൊതുജനമെന്ന കഴുതകൾ ഓർക്കുന്നതുപോലുമില്ല.
പണം പിരിക്കുക, പാർട്ടി നടത്തിക്കൊണ്ടുപോകുക. അത് എല്ലാ പാർട്ടിയും നടത്തുന്നതാണ്. സംഭാവനകൽ കൂമ്പാരമാവുമ്പോൾ പരിപാടികൾ ഗംഭീരമാവും... സി പി എം ബക്കറ്റ് പിരിവും പാർട്ടി പിരിവുമാണ് കാലാകാലമായി പാർട്ടിയെ കൊണ്ടു നടക്കാനായി കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം. നൂറ് വീട് തെണ്ടി ഭിക്ഷയെടുത്ത് ഭുജിക്കുക എന്ന ബുദ്ധമത സത്വം പിന്തുടരുന്നവരാണ് കമ്യൂണിസ്റ്റുകൾ. എന്നാൽ ബൂർഷ്വാപാർട്ടിയായ കോൺഗ്രസും, തനി വർഗ്ഗീയ പാർട്ടിയായ മുസ്ലിം ലീഗും അങ്ങിനെയല്ല. കോർപ്പറേറ്റുകളിൽ നിന്നും വൻകിട വ്യാപാരികളിൽ നിന്നും പണം വാങ്ങുന്ന ശീലം അവർക്ക് പണ്ടേയുണ്ട്. അതൊരു ചടങ്ങുപോലെയാണ്. നേതാക്കൾ പണം വാങ്ങിയിരിക്കണം. തേങ്ങാ വിറ്റൊന്നും പാർട്ടിയെ നയിക്കാനാവില്ലെന്ന് ആ നേതാക്കൾ ഇടയ്ക്കിടെ വ്യക്തമാക്കാറുമുണ്ട്.
പണം കൈകൊണ്ട് തൊടില്ലെന്നാണ് മലപ്പുറത്തിന്റെ പലിക്കുട്ടിയായ കുഞ്ഞാലിക്കുട്ടി പറയുന്നത്. പണം കൈകൊണ്ട് തൊട്ടിട്ടില്ല എന്നാണ്. പണം
പിരിക്കാനായി ചുമതല നേതാക്കൾക്ക് നൽകിയിരുന്നുവെന്നും അതുപ്രകാരം നേതാക്കൾ പണം പിരിച്ചിട്ടുണ്ടെന്നും അതിന് രശീത് നൽകിയിരുന്നതായും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പാർട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റൊരാൾക്കുകൂടി കരിമണൽ കർത്തയിൽ നിന്നും പണം കൈപ്പറ്റിയ മറ്റൊരാളാണ് ഇപ്പോൾ കേരളത്തിൽ ചൂടേറിയ വിവാദമായി മാറിയിരിക്കുന്നത്. അത് മറ്റാരുമല്ല കേരള മുഖ്യമന്ത്രിയുടെ സൽപുത്രി വീണാ തൈക്കണ്ടിയാണ്. ടി യാന്റെ ഐ ടി കമ്പനിയായ എക്‌സാ ലോജിക്കിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി എത്തിയ 1.75 കോടി രൂപയാണ് ഇപ്പോൾ വിവാദ വിഷയം. വിവാദ വ്യവസായിയായ കരിമണൽ കർത്തയുടെ കമ്പനിയുടെ ഐ ടി സൊലൂഷനായി എക്‌സാ ലോജിക്കുമായി കരാർ ഉണ്ടാക്കിയെന്നും, അവർ തമ്മിലുള്ള ഇടപാടിൽ ഒരു തരത്തിലുമുള്ള ദുരൂഹതയും ഇല്ലെന്നാണ് സി പി എം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വീണയുടെ കമ്പനി എന്തെങ്കിലും സേവനങ്ങൾ നൽകിയിരുന്നതായി ആർക്കും അറിയുകയുമില്ല. അപ്പോൾ യാതൊരു സേവനവും നൽകാതെ ഒരു കമ്പനി ഒന്നേ മുക്കാൽ കോടി കൊടുത്തത് എന്തിനെന്നും, മറ്റാർക്കും അങ്ങിനെ കൊടുക്കാതെ മുഖ്യമന്ത്രിയുടെ മകൾക്കുമാത്രം നൽകാനുള്ള തീരുമാനം മാസപ്പടിയാണെന്നായിരുന്നു കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടന്റെ ആരോപണം.
സി പി എം മന്ത്രിമാർ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ എപ്പോഴും സജ്ജമായിരിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന വന്നിട്ട് രണ്ടുമാസം തികയുന്നതേയുള്ളൂ എന്നും ഈ അവസരത്തിൽ ഓർക്കണം. ഇമേജ് സംരക്ഷിക്കാനായി മന്ത്രിമാർ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ തയ്യാറാവാത്തത് ശരിയല്ലെന്നും റിയാസ് മന്ത്രി നേരത്തെ ആരോപിച്ചതിന്റെ പിന്നിലുണ്ടായിരുന്ന വികാരം എന്താണ് പിടികിട്ടിത് ഇപ്പോഴാണ്.
മുഖ്യമന്ത്രിയുടെ മകൾ ഒരു സ്ഥാപനം നടത്തുന്നത് തെറ്റാണോ എന്ന ചോദ്യത്തിന് തെറ്റല്ല എന്നുതന്നെയാണ് മറുപടി. എന്നാൽ ദീർഘകാലമായി വിവാദവ്യവസായിയായി അറിയപ്പെടുന്ന ശശിധരൻ കർത്തയുടെ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കരാറിൽ ഏർപ്പെട്ടത് ദുരൂഹമാണ്. ഐ ടി സേവനങ്ങൾ ഒന്നും നൽകാതെ എല്ലാമാസവും എന്തിനാണ് പണം കൈപ്പറ്റിയത് എന്ന ചോദ്യത്തിന് ഇനി സി പി എം നേതാക്കൾ ആരും പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പത്രക്കാരോട് ഒന്നും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് നേതാക്കൾ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സഖാവ് എം വി ഗോവിന്ദൻ പത്രസമ്മേളനത്തിനിടയിൽ കരിമണൽ കോഴവിവാദത്തെക്കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾതന്നെ ഞെട്ടിയതും ... മതി മതി.... എന്നുപറഞ്ഞ് പത്രസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് ഓടി രക്ഷപ്പെട്ടതും. താത്വിക അവലോകനം നടത്തുന്ന കമ്യൂണിസ്റ്റ് ആചാര്യനായ ഗോവിന്ദൻ മാസ്റ്റർ ഒരു സ്‌പോർട്‌സ് അധ്യാപകനായി മാറുന്നതാണ് നാം കണ്ടത്. മന്ത്രി മുഹമ്മദ് റിയാസിനാണെങ്കിൽ പത്രക്കാർക്ക് സ്വാതന്ത്ര്യം ലഭിക്കാത്തതിന്റെ വിഷമത്തിലായിരുന്നു. നിങ്ങൾക്ക് ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും ചോദിക്കാൻ പാടില്ലേ എന്നാണ് ടൂറിസം മന്ത്രിയുടെ ചോദ്യം. വേറെന്തെങ്കിലും ചോദിക്കാനുണ്ടോ വേറെന്തെങ്കിലും ചോദിക്കാനുണ്ടോ... എന്നായിരുന്നു റിയാസിന്റെ ചോദ്യം. . പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നാണ് റിയാസ് മന്ത്രി പറയുന്നത്.
ഈ വിവാദങ്ങളെ അവഗണിച്ചുകൊണ്ട് മാസപ്പടി വിഷയത്തെ കൈകാര്യം ചെയ്യാനാണ് തൽക്കാലം പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകർ എന്ന അടിമവർഗത്തിനോട് പിന്നീട് നമ്മൾ എന്തു പറയും എന്നു ചോദിച്ചാൽ 'മടിയിൽ കനമില്ലെന്നും, ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും.' ഒക്കെ പറയാം. പിന്നെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പണം കൊടുത്ത ആ മഹാമനസ്‌കനോട് എല്ലാവരും നന്ദിപറയുക. അങ്ങിനെ മൗനമാണ് എല്ലാറ്റിനെയും മറികടക്കാനുള്ള മാർഗമെന്ന പൊതു തത്വം കേരളീയർ പ്രാവർത്തികമാക്കുക. തെറ്റും ശരിയുമില്ലെന്നും, ഭരണമെന്നാൽ ഇഷ്ടമുള്ളത് ചെയ്യാനുള്ള ലൈസൻസാണെന്നും തിരിച്ചറിയുക. അപ്പോൾ കരിമണൽ എന്നു മാത്രമല്ല, സ്വർണക്കടത്തുകേസും, കരിമണൽ കർത്തയും, എല്ലാം വിസ്മൃതിയിലേക്ക് വഴിമാറും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരും ഈ വിഷയം എടുത്തിടില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ.... എന്നാണല്ലോ ബൈബിൾ വാക്യം.
വാൽകഷണം : മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചുവെന്നും, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചുവെന്നും സി പി എം ആരോപണം.