എന്‍റെ കൂട്ടുകാരന്‍
നല്ല മദ്യപനാണ്.
അവനൊരു അലമാര നിറയെ
കുപ്പികള്‍ കരുതി വെച്ചിട്ടുണ്ട്,
നിറഞ്ഞതും ഒഴിഞ്ഞതും.
അവന്‍ തോന്നുമ്പോഴൊക്കെ
കുപ്പിയില്‍ നിന്ന് ഒഴിച്ചു കുടിക്കും.
സന്തോഷിക്കുകയോ
ദുഃഖിക്കുകയോ ചെയ്യും.
ചിലപ്പോഴൊക്കെ
നിര്‍ത്താനാവാത്ത കുടിയോര്‍ത്ത്
പരിതപിക്കും.
പശ്ചാത്തപിക്കും.
അവനെന്നോട് പറയും:
നിന്നെപ്പോലെ വായിക്കാനായിരുന്നെങ്കില്‍
ഞാനിതൊന്നു നിര്‍ത്തിയേനെ.
ആവുന്നില്ലല്ലോ.
ഞാനൊരു വായനക്കാരനാണ്.
നല്ലതോ ചീത്തയോയെന്നറിവീലാ.
ഒരലമാര നിറയെ പുസ്തകങ്ങള്‍
കരുതി വെച്ചിട്ടുണ്ട്,
വായിച്ചതും വായിക്കാതെ വെച്ചതും.
സമയമനുവദിക്കുമ്പോഴൊക്കെ
ഞാന്‍ അവ തുറന്നു വായിക്കും.
ആനന്ദിക്കുന്നതു പോലെ
സങ്കടപ്പെടുകയും ചെയ്യും.
പലപ്പോഴും സമയമോ കാലമോ
അറിയാത്തൊരു വായനയിലാവും.
അവനവനോട് കലഹിക്കും.
സാന്ത്വനപ്പെടും.
ഞാന്‍ കൂട്ടുകാരനോടു പറയും:
നിന്നെപ്പോലെ ഒറ്റയടിക്ക്
മോന്താനായിരുന്നെങ്കില്‍
ഞാനിതൊക്കെയെന്നേ തീര്‍ത്തേനെ.
കഴിയുന്നില്ലല്ലോ.
കാണുമ്പോഴൊക്കെ
കൂട്ടുകാരന്‍ ഉപദേശിക്കും:
ഇത്ര ലഹരി പാടില്ല.
ഞാനവനേയും.