ആറാം ഊഴത്തിനൊരുങ്ങി ഇല്ലിനോയി എട്ടാം ഡിസ്ട്രിക്ടിൽ നിന്ന് ജനവിധി തേടാനൊരുങ്ങി യുഎസ്സ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഡോ. ബാബു സ്റ്റീഫന്റെ വസതിയിൽ വച്ച് ഫൊക്കാന ഡിസി റീജിയനിൽ നിന്നുള്ള മലയാളീ സംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ കോൺഗ്രസ്മാൻ കൃഷ്ണമൂർത്തിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി.
തന്റെ മൂന്നാം വയസ്സിൽ അമേരിക്കയിൽ തന്റെ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന അദ്ദേഹം തന്റെ ബാല്യകാലത്തെ സാമ്പത്തിക പോരാട്ടങ്ങളും, അതിന് അമേരിക്ക നൽകിയ പിന്തുണയേയും ഓർമിച്ചു. തന്റെ ആപത്ഘട്ടത്തിൽ അകമഴിഞ്ഞ് പിന്തുണ നൽകിയ അമേരിക്കക്ക് ഒരു മുതൽക്കൂട്ടണമെന്ന തന്റെ പിതാവിന്റെ ആഗ്രഹപ്രകാരമാണ് രാഷ്ട്രീയ പ്രവേശനമെന്ന് കോൺഗ്രസ്സ്മാൻ കൃഷ്ണമൂർത്തി വെളിപ്പെടുത്തി.
ഡോ. ബാബു സ്റ്റീഫൻ തന്റെ പ്രസംഗത്തിലൂടെ, ഇന്ത്യൻ വംശജനായ കോൺഗ്രസ്മാൻ കൃഷ്ണമൂർത്തിയുടെ വിജയഗാഥയെ പ്രശംസിക്കുന്നതിനോടൊപ്പം, അമേരിക്കയുടെ വിജയത്തിൽ ഇന്ത്യക്കാരുടെ പങ്കിനെ പറ്റി കണക്കുകൾ നിരത്തി സംസാരിച്ചു. വിവിധ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യക്കാർ അമേരിക്കൻ രാഷ്ട്ര നിർമ്മാണത്തിൽ മുൻനിരയിലേക്ക് എത്തണമെന്ന് ഓർമിപ്പിച്ചു.
ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷഹി , റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ തങ്കച്ചൻ, ഫൊക്കാന ട്രസ്റ്റീ ബോർഡ് ഭാരവാഹികളായ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, നാഷണൽ കമ്മിറ്റി മെമ്പർ അലക്സ് എബ്രഹാം എന്നിവർ ഫൊക്കാനയെ പ്രതിനിധീകരിച്ച്. ഫൊക്കാനയുടെ ഡിസി റീജിയനിലെ മലയാളി സംഘടനകളുടെ പ്രസിഡന്റുമാരായ പ്രീതി സുധ ( KaGw), ബീന ടോമി (KCS), വിജോയ് പട്ടമടി (Kairali Baltimore), ജോൺസൺ തങ്കച്ചൻ (GRAMAM Richmond) എന്നിവരോടൊപ്പം, സംഘടനകളിലെ മറ്റു വിശിഷ്ടാതിഥികളുടെ പ്രാതിനിധ്യം സായന്ന വിരുന്നിനു മാറ്റ് കൂട്ടി.