നേരു
നേരു ഒരു ഉറുമ്പാണ്.
അവൻ ഓർക്കാപ്പുറത്താണ് കൂട്ടം പിരിഞ്ഞത്.
രാവിലെ കഴിച്ച തേനിന്റെ ലഹരി പൂർണമായി അവനെ വിട്ടു പോയിരുന്നില്ല. ലഹരി കുറയുന്നതിനനുസരിച്ച് അവന് ഓരോന്നും ഓർമ്മ വന്നു തുടങ്ങി.
അതിശക്തമായ ഒരു കൊടുങ്കാറ്റ് അടിച്ചിരുന്നു. ഓർക്കാപ്പുറത്തായിരുന്നു അത്. അവൻറെ കൂടെ ഉള്ളവരെല്ലാം അതിൽ പെട്ടകന്നുപോയി.
താൻ മാത്രം ഒറ്റയ്ക്കായി. ഈർപ്പവും ഇരുട്ടും നിറഞ്ഞ ഈ ഗുഹയിൽ.
അവൻ ഇരുട്ടിൽ തപ്പി നടന്നു. എങ്ങും ഗൃഹാതുരമായ ഒരു ഈർപ്പം. അവിടുത്തെ ഇരുട്ടിന് പ്രാചീനമായ ഒരു ഗന്ധമുണ്ട്.
ഭക്ഷണത്തിന്റെ സാമീപ്യം അവൻ മണത്തു. പക്ഷേ ആദ്യം രക്ഷപ്പെടലിനെ കുറിച്ചാണ് ആലോചിക്കേണ്ടത്. അവൻ നടന്നു.
അവൻ അറച്ചറച്ച് ഗുഹാമുഖത്തേക്ക് നടന്നു. അവിടെ നേർത്ത നീലവെളിച്ചം. നീലവാതിൽ തിളങ്ങുന്നു.
ദൂരെ നിന്നും നോക്കിയാൽ ആരോ ഗുഹാമുഖത്ത് കണ്ണുകൾ ചേർത്ത് വെച്ച് ഉള്ളിലേക്ക് നോക്കും പോലെ തോന്നും.
നേരു വാതിൽ പടിയിൽ തള്ളി നോക്കി. മണം പിടിച്ചുനോക്കി. നല്ല മിനുസം. ഗന്ധം ഒന്നുമില്ല. നല്ല ഉറപ്പ്.
അവൻ തന്റെ ശക്തി ഉപയോഗിച്ച് ആഞ്ഞുതള്ളി. അനക്കമില്ല. അവൻ അതിനു ചുറ്റും നടന്നു നോക്കി.
അടഞ്ഞ വാതിലിനപ്പുറം ആരായിരിക്കാം ? കൂട്ടുകാരെല്ലാം എവിടെ? അവൻ നിരാശനായി നിന്നു.
കൂട്ടുകാർ ഇപ്പോൾ ലോകത്തിന്റെ വിശാലതയിലാവും. അവർക്ക് മേയാൻ നിറങ്ങളും ഗന്ധങ്ങളും എത്രയോ ഉണ്ടാവും. താൻ മാത്രം വേർപെട്ടിരിക്കുന്നു.
നേരുവിന് മെല്ലെ ഓരോന്ന് ഓർമ്മ വന്നു.
കണക്കിൽ അധികം മധു കഴിച്ച് മത്തനായ ദിവസമായിരുന്നു അത്.
വഴിയിൽ കിടന്ന ഒരു പൊട്ടിയ കുപ്പിയിൽ നിന്നും ഒലിച്ചിറങ്ങിയ തേൻ. ഉറുമ്പുകൾ അത് ആവോളം ആസ്വദിച്ചു. പിന്നെ അതിൻറെ ലഹരിയിലായി യാത്ര.
എവിടെയോ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഭക്ഷണത്തിൻ്റെ ഗന്ധം തേടിയുള്ള യാത്ര.
അവർ ആ ഗന്ധം അറിഞ്ഞു. അതിന്റെ ഉറവിടവും.
ബച്ചുവിന്റെ അടുത്താണ് അവർ ചെന്നു പെട്ടത്.
അവൻ നിലത്ത് കമിഴ്ന്നു കിടന്നു മയങ്ങുകയാണ്. നീട്ടിവെച്ച മുൻകാലുകളിൽ ശിരസ്സ് വിശ്രമിക്കുന്നു.
ഉറക്കത്തിൽ അവന്റെ ശരീര ഭാഗങ്ങൾ ഇടയ്ക്കിടെ ഇളകി. ഉറുമ്പുകൾ ഗന്ധത്തിന്റെ ഉറവിടം കണ്ടുപിടിച്ചു.
തണുപ്പും ദുർഗന്ധവും നിറഞ്ഞ ഒരു ദ്വാരം. അതവന്റെ കണ്ണായിരുന്നു. കണ്ണെന്നു പറഞ്ഞുകൂടാ. ഒരു ഗുഹ!
എറുമ്പ് കൂട്ടം അതിന്റെ ഇരുളിലേക്ക് ഇറങ്ങി. ആദ്യം കയറിപ്പറ്റിയത് നേരുവായിരുന്നു.
മുഴുവൻ ഉണങ്ങാത്ത വ്രണത്തിന്റെ സാമീപ്യം അവരെ മത്തുപിടിപ്പിച്ചു. അവർ ആർത്തിയോടെ ഭക്ഷണത്തിൽ മുഴുകി.
അപ്പോൾ ഒരു ചലനം ഉണ്ടായി. ബച്ചു ഉണർന്നതാണ്. അവൻ തല കുടഞ്ഞു. മുൻകാലുയർത്തി മുഖം തുടച്ചു. വേദനയുടെ ഒരു നേർത്ത ശബ്ദം അവനിൽ നിന്നും പുറത്തു വന്നു.
എറുമ്പുകൾ ഒന്നും ഗൗനിച്ചില്ല.
അവർ ആഹാരം തുടർന്നു.
ബച്ചു ഓടുകയായിരുന്നു. അത് അവരറിഞ്ഞിരുന്നില്ല.
പിന്നെപ്പോഴോ കൊടുങ്കാറ്റ് അടിക്കാൻ ആരംഭിച്ചു. ഉറുമ്പുകളുടെ ഭക്ഷണപ്രക്രിയ നിലച്ചു. അവർ തുരങ്കത്തിനുള്ളിൽ പരക്കം പാഞ്ഞു.
കാറ്റ് ഇടവിട്ടിടവിട്ട് ആഞ്ഞടിച്ചു. ഉറുമ്പുകൾക്ക് അടിപതറി. ചിലത് നിലത്ത് അള്ളിപ്പിടിച്ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ അവസാനം എല്ലാവരും തുരത്തപ്പെട്ടു. അവർ ഓടി നടന്നു. ഒടുക്കം തുരങ്കകവാടം കടന്ന് പുറത്തേക്ക് മറഞ്ഞു.
അപ്പോൾ കൊടുങ്കാറ്റ് അവസാനിച്ചു.
നേരുവും ഓടി. പക്ഷേ അവൻ ഏറ്റവും പിന്നിലായിരുന്നു. അവന് തിരക്കിലും തിക്കിലും ഒന്നുരണ്ട് തവണ ദിശാബോധവും നഷ്ടമായി.
അവൻ വാതിൽക്കൽ എത്തിയപ്പോഴേക്കും അത് അടഞ്ഞുകഴിഞ്ഞിരുന്നു. അവൻ തടവിലുമായി.
ഭക്ഷണത്തിനുള്ളിലെ തടവ്. താൻ പെട്ടുവെന്ന് അവന് മനസിലായി.
അവൻ പരതി നടന്നു. ഈർപ്പമുള്ള അന്തരീക്ഷം.
അവൻ തലകീഴായി നടന്നുകയറി വാതിലിനു മുകളിൽ എത്തി. വാതിൽ തുറക്കാനുള്ള ശ്രമം തുടർന്നു.
ഇത്തവണ വാതിൽ ഒന്ന് അനങ്ങി. അവന് ഉത്സാഹം തോന്നി.
അവൻ ജോലി തുടർന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം വാതിൽ അല്പം തിരിഞ്ഞു. നേർത്ത ഒരു ദ്വാരം അതിൽ പ്രത്യക്ഷപ്പെട്ടു.
വെളിച്ചത്തിന്റെ ഒരു നേർത്ത വൃത്തം.
അവൻ ആകാംക്ഷയോടെ കാത്തു. കുഴപ്പമില്ലെന്ന് തോന്നുന്നു. ഞെരുങ്ങി പുറത്ത് കടക്കാം.
അവൻ അതിനുള്ള ശ്രമം ആരംഭിച്ചു. അവസാനം അവൻ ഒരു വിധം പുറത്തുവന്നു.
അവന് എല്ലാം വ്യക്തമായി. പട്ടിയുടെ കണ്ണാണ്. കണ്ണിൻ്റെ സ്ഥാനത്ത് ഒരു മുറിവ് . അതാരോ മുത്തുകൊണ്ട് അടച്ചതാണ്.
ആരാണിത് ചെയ്തത്? സ്വയം ആവുകയില്ലെന്ന് ഉറപ്പ്. ആരുമാകട്ടെ.നേരുവിന്റെ ചിന്ത വേറൊരു വഴിക്ക് തിരിഞ്ഞു.
ഇതൊരു നേട്ടമാണ്. താൻ തന്റേതായ ഒരു താവളം കണ്ടെത്തിയിരിക്കുന്നു. തൻ്റെ മാത്രം ഏകാന്തതയെ തിരിച്ചറിഞ്ഞിരിക്കുന്നു.
തനിക്ക് സ്നേഹിക്കാൻ കാമുകിയെ പോലെ ഒരു ഏകാന്തത.
നേരു മുത്തിന്റെ ദ്വാരത്തിലൂടെ വീണ്ടും കണ്ണിനുള്ളിൽ കയറി. മുത്തു തിരിച്ചുവച്ച് ദ്വാരമടച്ചു.
തൻ്റെ താവളം!
അവന് അഭിമാനം തോന്നി. തന്നെക്കുറിച്ചും തന്റെ വർഗ്ഗത്തെക്കുറിച്ചും.
അവർ അന്വേഷണങ്ങളിലും കണ്ടെത്തലുകളിലും കൂടിയാണ് ജീവിക്കുന്നത്. ഇങ്ങനെ അവർ എന്തൊക്കെ കണ്ടെത്തിയിട്ടില്ല!!
എറുമ്പുകളുടെ മൂകമായ അന്വേഷണങ്ങളിൽ ചരിത്രത്തിന്റെ കടലിരമ്പങ്ങൾ കേൾക്കാം.
ഈ ഗുഹാമുഖം തന്നെ നോക്കൂ. ഇത് രണ്ടു കാഴ്ചപ്പാടുകളെ സൂചിപ്പിക്കുന്നു.
പുറത്തെലോകം വലിയ കണ്ണുകൊണ്ട് അകത്തേക്ക് നോക്കുന്നു. അകത്തുനിന്നും ചെറിയ കണ്ണുകൾ പുറത്തേക്ക് സൂക്ഷിച്ചു നോക്കുന്നു.
ഗുഹാമുഖങ്ങൾ കാണുന്നവരെല്ലാം ഈ നോട്ടത്തെ ഭയപ്പെടുന്നു.
ഓരോ ഗുഹയിലേക്കും നോക്കുന്നവർക്ക് അതിലെ ഇരുട്ടിനെ ഭയക്കാതെ പറ്റില്ല.
ഇരുട്ടിലിരുന്ന് ഏതോ കണ്ണ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് ഓരോ പ്രേക്ഷകനും പേടിക്കുന്നു.
ഈ ഗുഹയിലെ ഇരുൾക്കണ്ണ് ഇനി ഞാനാണ്.
ബച്ചുവിൻ്റെ ഒരു കണ്ണ്!
ഉറങ്ങുമ്പോഴും ഉണർന്നിരിക്കേണ്ട അവന്റെ ജീവകോശങ്ങളിൽ ഒന്ന്.
പുറത്ത് അരുണയുടെ കഥ കേൾക്കുകയാണ് വൃദ്ധൻ . ബച്ചുവും അത് കേൾക്കുകയാണ്. കേട്ട് കേട്ട് വൃദ്ധനും വെച്ചുവിനും നൊന്തു.
ശിരസ്സിനുള്ളിൽ നേരുവും ആ കഥകേട്ടലിഞ്ഞു. ബച്ചുവിന് ഒഴുക്കാൻ കഴിയാത്ത ഒരു തുള്ളി കണ്ണീരായിരുന്നു അവൻ.
സ്വപ്നങ്ങൾ ഒഴിഞ്ഞ കണ്ണിൻ്റെയുള്ളിൽ കൂടുകൂട്ടിയ ഒരു തുള്ളി കണ്ണീർ.