വീട്
ഇതൊരു മനോഹരമായ പട്ടണമാണ്.
ശക്തരായ രാജാക്കന്മാരുടെ പല തലമുറകൾ ഭരിച്ച്, മോടി പിടിപ്പിച്ച നഗരം.
തണൽ മരങ്ങൾ, ധാരാളം പൂന്തോട്ടങ്ങൾ, ബിയറും കോളയും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളും ഹോർലിക്സും വാജീകരണൗഷധങ്ങളും ധാരാളം ചെലവാകുന്ന കടകൾ. ഫാസ്റ്റ് ഫുഡ് കഴിക്കുകയും ഒരേ ഫാഷനിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുകയും ഒരേപോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കണ്ണട വെച്ച കുട്ടികൾ . നിറങ്ങൾ പൂശിയ പ്രതിമകൾ.
കാണിക്കവഞ്ചിക്ക് പിന്നിലെ ദേവാലയങ്ങൾ. എണ്ണമറ്റ കല്യാണമണ്ഡപങ്ങൾ, ടൂവീലറിൽ ചുറ്റി നടക്കുന്ന യുവാക്കൾ, ഭർത്താവിനെയും കുട്ടികളെയും മാത്രം സ്നേഹിക്കുന്ന സ്ത്രീകൾ, ചില ധനികസ്ത്രീകളുടെ ജാരൻമാർ, അവരുടെ പ്രത്യേകതരം പെർഫ്യൂം ഗന്ധം, അച്ചടിഭാഷ മാത്രം സംസാരിക്കുന്ന വിപ്ലവകാരികൾ ,
വൃത്തം ഒപ്പിച്ചുമാത്രം കവിത എഴുതുന്ന കവികൾ, അത് വ്യാഖ്യാനിച്ച് കയ്യടിനേടുന്ന പണ്ഡിറ്റുകൾ, കൂടെക്കൂടെ നടക്കുന്ന ആഘോഷപാർട്ടികൾ, ഉത്സവങ്ങൾക്കായി കാത്തിരിക്കുന്ന ജനങ്ങൾ, അങ്ങനെ എല്ലാമെല്ലാം തികഞ്ഞ പട്ടണം.
അതിന്റെ മനോഹാരിതകളിൽ നിന്നകന്നായിരുന്നു സ്വപ്നരാമനും അരുണയും താമസിച്ചിരുന്നത്.
പഴങ്ങളും പച്ചക്കറികളും ഒക്കെ വിൽക്കുന്ന ചന്തയ്ക്ക് സമീപം ഒരു ചെറിയ പുരയിലായിരുന്നു അവർ.
അവരുടെ മകൻ ദാനുവിന് ഒരു വയസ്സ് തികയാറായിരിക്കുന്നു.
അവനുവേണ്ടി പാട്ടുകൾ മെനയുന്നതായിരുന്നു സ്വപ്നരാമന്റെ വിനോദം.
ശരിക്കു പാട്ടുകളല്ല. അയാൾ തന്നെ കൊരുത്ത കവിതകൾ. അരുണയുടെ മുലപ്പാൽ പോലെ തന്നെ ദാനുവിന് ആ പാട്ടുകളും ജീവനായിരുന്നു.
അതു കേൾക്കാനായി ശാഠ്യം പിടിച്ച് ഉണർന്നിരിക്കുമായിരുന്നു അവൻ.
സ്വപ്നരാമൻ കച്ചേരികൾക്ക് പോയി. നിശാശാലകളിലും തെരുവുകളിലും മുതൽ ക്ഷേത്രങ്ങളിലും സമ്പന്നരുടെ സദസ്സുകളിലും വരെ അയാൾ പാടാൻ പോയി.
എന്നാൽ ദാനുവിന് വേണ്ടി അർത്ഥമില്ലാത്ത വരികൾ സൃഷ്ടിച്ചു പാടുമ്പോൾ മാത്രമായിരുന്നു അയാൾ യഥാർത്ഥ ആനന്ദം അനുഭവിച്ചിരുന്നത്.
കുട്ടികളാണ് യഥാർത്ഥ ആസ്വാദകർ എന്നാണ് അയാൾ അതേക്കുറിച്ച് പറഞ്ഞിരുന്നത്.
പിന്നെ പക്ഷികളും പൂക്കളും മൃഗങ്ങളും ശലഭങ്ങളും.
അയാളുടെ പാട്ടുകേൾക്കുമ്പോൾ നിശ്ചലരാകുകയും, ചില്ലകളനക്കി നൃത്തമാടുകയും ചെയ്യുന്ന മരങ്ങൾ ഉണ്ടായിരുന്നു.
ചിലപ്പോൾ പലനിറങ്ങളിൽ ഉള്ള മോട്ടോർ വണ്ടികൾ അവരുടെ വീട്ടുപടിക്കൽ വന്നു നിൽക്കാറുണ്ടായിരുന്നു.അവർ സ്വപ്നരാമനെ വണങ്ങുമ്പോൾ ഒപ്പം അരുണയെയും വണങ്ങുകയും 'നമസ്തേ മാതാജി' എന്ന് പറയുകയും ചെയ്തു.
ഇതേ വേഷങ്ങളണിഞ്ഞ് ഇതേ പോലുള്ള മനുഷ്യർ, ചിലപ്പോൾ ഇവരിൽ ആരൊക്കെയോ അരുണയെ ദീദിയുടെ സ്കൂളിൽ സന്ദർശിച്ചിരുന്നു. അവിടെവച്ച് തന്നെ ഇറച്ചിത്തുണ്ട് പോലെ കടിച്ചുകീറുമായിരുന്ന അവർ ഇപ്പോൾ അമ്മയെന്ന് വിളിച്ചു വണങ്ങുന്നു. മനുഷ്യർക്ക് എത്ര മുഖങ്ങൾ ആണ് എന്ന് അവൾ അത്ഭുതത്തോടെ ആലോചിച്ചു.
ഇപ്പോൾ സ്വപ്നരാമനും ദാനുവും അവൾക്ക് ഒരു മുഖം സമ്മാനിച്ചിരിക്കുന്നു.
അതിൽ അവൾ സംതൃപ്തിനേടി.
സ്വപ്നരാമൻ അരുണയ്ക്ക് വേണ്ടിയും ദാനുവിനു വേണ്ടിയും പാടി.
ഒരു മധ്യാഹ്നത്തിൽ അരുണയുടെ വിയർപ്പിൽ കിടന്നുകൊണ്ട് അയാൾ ഒരു പാട്ട് പാടി. അതിന്റെ അർത്ഥം ഏതാണ്ട് ഇങ്ങനെയായിരുന്നു:
" നിരനിരയായി എത്രമേഘങ്ങൾ
അവയുടെ ആകാശം
എത്ര മനോഹരം..
പാട്ടുകൾ
അതിനപ്പുറത്തുനിന്ന് വരുന്നു..
നിമിത്തങ്ങൾ പോലെ
മേഘത്തിന്റെ
ഹൃദയത്തിൽനിന്ന്
മഴത്തുള്ളികൾ പോലെ
എന്റെ പാട്ട്...
എന്റെ കവിത എവിടെ ?
ഞാൻ പക്ഷേ ,
തിരഞ്ഞു തിരഞ്ഞു നടന്നു.
എന്റെയും നിന്റെയും കവിത!
അത്
ഏത് മണൽത്തരികളിലാണ്
മറഞ്ഞിരിക്കുന്നത് ? "
പാട്ടുകേട്ട് അരുണ ഉണർന്നു. അവൾ അയാൾക്കുമേൽ ഒരു മഴയാകാന്‍ ആരംഭിച്ചു.