advertisement
Skip to content

മേഘത്തിനു താഴെ അവരൊന്നിച്ചു നനഞ്ഞു. അവരുടെ കാൽചുവട്ടിൽ മരുഭൂമി ജ്വലിച്ചു നിന്നു.

അദ്ധ്യായം 7
സ്വപ്നരാമൻ

അന്ന് അരുണ ആയിരം തികച്ച ദിവസമായിരുന്നു. അതിൻ്റെ ആഘോഷത്തിനായി ദീദി തൻ്റെ സ്കൂളിന് അവധി നൽകി. അവർ വിഭവസമൃദ്ധമായ ഒരു സദ്യ ഒരുക്കി തന്റെ സന്തോഷം പ്രകടിപ്പിച്ചു.

ദീദിയുടെ പെൺകുട്ടികൾ കുടിച്ചു. കൂത്താടി മറിഞ്ഞു. പാട്ടും മേളവും കൊഴുത്തു. രാത്രി കിടിലം കൊണ്ടു.

അരുണ വന്നതിൽ പിന്നീടാണ് ദീദിക്ക് കൂടുതൽ ഉയർച്ച ഉണ്ടായതെന്ന് അവർ പലപ്പോഴും പറയാറുണ്ട്. എത്രയോ ഉന്നതന്മാരെ അവരുടെ സന്ദർശകരാക്കാൻ അവൾക്കു കഴിഞ്ഞു.

അവർ സ്വീകരിച്ച പുരുഷന്മാരുടെ എണ്ണം ആയിരം തികഞ്ഞ ദിവസമാണ് ഇന്ന്. ദീദി അതാഘോഷിച്ചു. കുട്ടികൾക്ക് അന്നു രാത്രി അവധിയായിരുന്നു. അവർ ദീദിയുടെ സന്തോഷം പങ്കിട്ട് ആഘോഷിച്ചു.

അരുണയ്ക്ക് ചുറ്റും സ്ത്രീകൾ നൃത്തമാടി. ചുവടുകളോ മുദ്രകളോ ഒന്നുമില്ലാത്ത ചലനങ്ങൾ. ശരീരങ്ങൾ ഇളകിയപ്പോൾ സ്ത്രീയിൽനിന്ന് ഭൂതകാലത്തിന്റെ ഗന്ധം ഉയർന്നു. ശ്വാസകോശങ്ങളെ കുളിർപ്പിക്കുന്ന ഗന്ധം.


അതിലൂടെ അവർക്ക്, നഷ്ടപ്പെട്ട ബാല്യവും കൗമാരവും തിരികെ വന്നു. ലോകം ഒരു കളിത്തൊട്ടിലായി മാറി. അവർ അതിൽ വിരലുണ്ടു മയങ്ങുന്ന ശിശുക്കളും.

ദീദി ഇതെല്ലാം കണ്ടു ചിരിച്ചു. ഒരു സെറ്റിയിൽ തൻറെ ശരീരം നിറച്ചിരിക്കുകയായിരുന്നു അവർ. കുലുങ്ങിച്ചിരിച്ചപ്പോൾ അവരുടെ അരയിലെ താക്കോൽക്കൂട്ടം കിലുങ്ങി. അവരുടെ കയ്യിലെ റം നിറച്ച സ്ഫടികപാത്രം തുളുമ്പി നിന്നു. അവരുടെ മുറുക്കാൻകറ പിടിച്ച പഴയ പല്ലുകൾ മൊത്തം ഇന്ന് സ്വർണ്ണപ്പല്ലുകളായി മാറിയിരിക്കുന്നു. അവ അവരുടെ ചിരിക്ക് ധൂർത്തമായ ഒരു അഴക് നൽകി.

മദ്യലഹരിയിൽ സ്ത്രീകൾ ആടി. പത്തു വയസ്സുകാരികൾ മുതൽ അമ്പതിലെത്തിയവർ വരെ ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. നൃത്തലഹരിയിൽ അവരുടെ സ്വാതന്ത്ര്യബോധം ഉണർന്നു.

ഒരുവൾ തന്റെ വസ്ത്രങ്ങൾ ഉരിഞ്ഞു കളഞ്ഞു. പിന്നെ അവർ അന്യോന്യം വസ്ത്രങ്ങളെ ആക്രമിച്ചു. വസ്ത്രങ്ങളിൽ നിന്നും പിഴുതെടുക്കപ്പെട്ട ശരീരങ്ങൾ ഭ്രാന്തമായി നൃത്തമാടി.

അരുണ അവർക്ക് നടുവിൽ മുട്ടുകുത്തി നിന്നു. നഗ്നതയുടെ ഗന്ധം അവളെ പൊതിഞ്ഞു.

അവൾക്കു തലചുറ്റി.

കനം തൂങ്ങിയ കൺപോളകൾ തുറന്ന് അവൾ ചുറ്റും നോക്കി.

നഗ്നനൃത്തങ്ങളുടെ ഉച്ചസ്ഥായി. വിൽപ്പനക്കാരന്റെ കടയിലെ മത്സ്യങ്ങൾ പോലെ ഉടലുകൾ തിളങ്ങി. അവ പിണയുകയും പിടയുകയും ചെയ്തു

ശരീരം എന്ന മഹാസത്യം അതിന്റെ എല്ലാ ഭംഗികളും അഭംഗികളും പേറി അവളുടെ കണ്ണിൽ നിറഞ്ഞു. പുഴുക്കളെപ്പോലെ അവ അവളുടെ തലച്ചോറിൽ നുരച്ചു നടന്നു.

അവ തൊണ്ടയിൽ നുരച്ചിറങ്ങിയപ്പോൾ അവൾക്ക് മനംപുരട്ടി. അരുണ നിലത്ത് കുത്തിയിരുന്ന് ഛർദ്ദിച്ചു. ശർദ്ദിലിന്‍റെ ഗന്ധം അവിടെങ്ങും പരന്നു. അത് സ്കൂളിന്റെ ഭിത്തികൾ കവിഞ്ഞു പുറത്തേക്ക് വ്യാപിച്ചു.

നഗരത്തിലെ പുരുഷന്മാരുടെയെല്ലാം

ചിലർ ഉറക്കത്തിൽ നിന്നുപോലും ഇടയ്ക്ക് എണീറ്റിരുന്ന് സ്വന്തം മണംവെറുത്ത്, അതു മറയ്ക്കാൻ സുഗന്ധദ്രവ്യങ്ങൾ പുരട്ടി സംതൃപ്തരാകാതെ കിടന്നുറങ്ങുന്നത് നഗരത്തിലെ സാധാരണ കാഴ്ചയായി.

കൈകൾ കുത്തി അവൾ തലയുയർത്തി. അപ്പോൾ അവരുടെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ ആയിരത്തി ഒന്നാമത്തെ പുരുഷൻ.

അവൾ നിർവികാരയായി അയാളെ നോക്കി. അയാൾ സാവധാനം കുനിഞ്ഞ് അവളെ പിടിച്ചേൽപ്പിച്ചു. അയാൾ അവളുടെ കൈത്തണ്ടയിൽ പിടിച്ചു നടന്നു. കുളിമുറിയിലേക്കാണ് അയാൾ അവളെ നയിച്ചത്.

ഷവറിന് കീഴിൽ അവളെ നിർത്തിയിട്ട് അയാൾ ടാപ്പു തുറന്നു.

ഷവറിൽ നിന്നും തണുത്ത മഴ നാരുകൾ ഇറങ്ങിവന്നു. അവ അരുണയെ തൊട്ടു. അവൾ അയാളെ നോക്കി.

എങ്ങോ പരിചിതമായിരുന്ന ഒരു മുഖം പോലെ അവൾക്ക് തോന്നി. എവിടെനിന്നോ ഒരു പാട്ടിൻറെ തണുവിരൽ അവളെ തൊട്ടു.

പെട്ടെന്ന് അവൾ അയാളെ തന്നിലേക്ക് വലിച്ചെടുപ്പിച്ച് തന്നോടൊപ്പം ഷവറിനടിയിൽ നിർത്തി. ഷവറിന്റെ വൃത്തത്തെ ഒരു മേഘത്തുണ്ടെന്നാണ് അവൾ കരുതിയത്.

മേഘത്തിന് താഴെ അവർ ഒന്നിച്ചു നനഞ്ഞു.

അവരുടെ കാൽക്കീഴിൽ മരുഭൂമി ജ്വലിച്ചു നിന്നു ചുറ്റും അന്തമില്ലാത്ത മണൽപരപ്പ്.

അതിൻറെ അങ്ങേത്തലയ്ക്കൽ എവിടെനിന്നോ കുതിരകുളമ്പടി ഉയരുന്നു.

അത് അടുത്തുവരുന്നു. നാലു കുതിരക്കാർ. അവരവളെ തിരഞ്ഞാവണം അവിടെല്ലാം ചുറ്റിക്കറങ്ങി.

അപ്പോഴേക്കും അരുണയും സ്വപ്നരാമനും ശിരോപരി തണൽ തളിച്ച മേഘച്ചാർത്തും അപ്രത്യക്ഷമായിരുന്നു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest