താളം
കുതിരക്കുളമ്പടി ശബ്ദം കേട്ടുകൊണ്ടാണ് അരുണ ഉണർന്നത്. അവൾ അത് കേട്ടുകൊണ്ട് ഒരേ കിടപ്പ് കിടന്നു. കുറേ കഴിഞ്ഞപ്പോൾ അവൾ മനസ്സിലാക്കി, അത് കുളമ്പടി ശബ്ദം അല്ലെന്നും തബലയുടെ ശബ്ദമാണെന്നും.
തനിക്ക് ചലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതുപോലെ അവൾക്ക് തോന്നി. കഴുത്തുവരെ ഒരു പുതപ്പുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു അവൾ.
ആ കിടപ്പിൽ കിടന്ന് അവൾ ചുറ്റും കണ്ണോടിച്ചു.
വലിയ ഒരു മുറിയായിരുന്നു അത്. അവൾ സ്വപ്നത്തിൽ പോലും അത്തരമൊന്ന് കണ്ടിരുന്നില്ല. ഏതോ രാജാവിൻ്റെ കൊട്ടാരം ആയിരിക്കണം. അവൾ വിചാരിച്ചു.
മനോഹരമായ കൊത്തുപണികൾ ചെയ്ത വലിയ വാതിലുകളും തൂണുകളുമെല്ലാമുള്ള കൊട്ടാരം. അതിവിശിഷ്ടമായ ഗൃഹോപകരണങ്ങൾ.
കടുംനിറമുള്ള തിരശ്ശീലകൾ. പരവതാനികൾ. എല്ലാം അവളുടെ കണ്ണുകളിൽ കുത്തിനോവിച്ചു.
അടുത്ത മുറിയിലാണ് തബല ശബ്ദിക്കുന്നത്. സ്ത്രീപുരുഷന്മാരുടെ ശബ്ദം ചിലപ്പോൾ തബലയുടെ താളത്തെ മുക്കിക്കളയുന്നു.
അപ്പോൾ തടിച്ചുകൊഴുത്ത് വെളുത്ത മുഖമുള്ള ഒരു സ്ത്രീ മുറിയിലേക്ക് വന്നു. ഒപ്പം പരിചാരിക എന്ന് തോന്നിക്കുന്ന ഒരുവളും. തടിച്ച സ്ത്രീ അരുണയെ നോക്കി സ്നേഹത്തോടെ ചിരിച്ചു.
"എങ്ങനെയുണ്ട് ബേഠീ ?"
ആ സ്ത്രീ ചിരിച്ചുകൊണ്ട് ചോദിച്ചു.
അരുണ തുറിച്ചുനോക്കി.
പണ്ട് താൻ വളർത്തിയിരുന്ന മീന എന്ന തത്തയുടെ ശബ്ദമാണ് ഇവർക്കെന്ന് അരുണ ഓർത്തു.
പക്ഷേ മീനയുടെ ചുണ്ടിന് ഇത്രയും ചുവപ്പു നിറമില്ലായിരുന്നു.
അവർ അരുണയുടെ അടുത്ത് കിടക്കയിലിരുന്നു. അവളുടെ നെറ്റിയിലും ശിരസ്സിലും തലോടി. അവളുടെ മുഖഭാവം കണ്ട് അവർ പറഞ്ഞു:
" വെള്ളം കുടിക്കൂ, ബേഠീ "
അവർ തിരിഞ്ഞ് ആംഗ്യം കാട്ടി.
പരിചാരിക ഭംഗിയുള്ള ഒരു ഗ്ലാസ്സിൽ നിറമുള്ള വെള്ളം കൊണ്ടുവന്നു. തടിച്ച സ്ത്രീ അരുണയെ എഴുന്നേൽപ്പിച്ച് ചാരിയിരുത്തി.
അവൾ ഒറ്റ വലിക്ക് ആ പാനീയം കുടിച്ചു.
അതു നിറയെ ദാഹമായിരുന്നു. സൂര്യൻ അവളുടെ തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയതായി അവൾക്ക് തോന്നി.
അവളുടെ പുതപ്പ് മാറിപ്പോയിരുന്നു. ഒരു ഞെട്ടലോടെ അവൾ അറിഞ്ഞു , താൻ നഗ്നയാണ്.
തന്റെ ദേഹത്തെമ്പാടും പുതിയ പാടുകൾ. അതെ കുതിരക്കുളമ്പടിപ്പാടുകൾ.
അത് അകലങ്ങളിലേക്ക് നീണ്ടു നീണ്ടു പോകുന്നു.
ഇത് തന്റെ ശരീരമല്ല. മരുഭൂമിയാണ്. അനന്തമായ മരുഭൂമി. മണൽകുന്നുകൾ.
ഒട്ടകങ്ങളുടെ ദീർഘയാത്ര. മണൽ കാറ്റിന്റെ ചുഴിഞ്ഞിറങ്ങുന്ന ചൂളംവിളി.
തളർച്ച തോന്നി.
അവൾ തല ചായ്ച്ചു. പരിചാരിക തന്റെ വെളുത്ത വിരിപ്പുകൾ വലിച്ചെടുക്കുന്നതും, അവയിൽ ഭൂഖണ്ഡങ്ങളുടെ ചിത്രങ്ങൾ ചുവന്നിരിക്കുന്നതും ബോധം മറയും മുമ്പ് അരുണ കണ്ടു.
അപ്പോൾ അടുത്ത മുറിയിൽ സംഗീതം ഉച്ചസ്ഥായിയിൽ ആയിരുന്നു.
ആ തളർന്നുറക്കത്തിൽ അവളൊരു സ്വപ്നം കണ്ടു.
അവൾ ഒരു രഥത്തിൽ കയറി പാഞ്ഞുപോവുകയാണ്. അനേകം കുതിരകൾ വലിക്കുന്ന രഥം.
രഥം പായിക്കുന്നത് അവൾ തന്നെയാണ്. അതിലെ ഏകസഞ്ചാരിയും അവൾ തന്നെ.
പരിപൂർണ്ണ നഗ്നയായി അവൾ തേർത്തട്ടിൽ നിന്നു.
കയ്യിലെ ചാട്ടവാർ വീശി അവൾ കുതിരകളെ പായിച്ചു. പകലിന്റെ മടിയിലൂടെ, അവസാനം ഇല്ലാത്ത ഉച്ചകളിലൂടെ രഥം പാഞ്ഞുപോയി.
അവളുടെ നഗ്നത വെയിലിൽ തിളങ്ങി. അവളുടെ സമൃദ്ധമായ തലമുടി , കെട്ടഴിഞ്ഞ് ഒരു മേഘം പോലെ പിന്നിൽ പറന്നുകൊണ്ടിരുന്നു.
അരുണ ചാട്ടവാർ ചുഴറ്റിയടിച്ചു.