കുതിരകൾ
അരുണയും കൂട്ടുകാരികളും നടക്കുവാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി.
എല്ലാരുടെയും ഒക്കത്തും ശിരസ്സിലും കുടങ്ങൾ. കാൽക്കീഴിൽ മരുഭൂമി.
അന്തമില്ലാത്ത മണൽപരപ്പിലൂടെ നിരനിരയായി അവർ നടക്കുകയാണ്. അവരുടെ കടുംനിറമുള്ള വേഷങ്ങളും ആഭരണങ്ങളും മരുഭൂമിയുടെ നരച്ച ക്യാൻവാസിൽ ചായങ്ങളായി ചലിച്ചു.
യാത്ര അവസാനിച്ചത് ഒരു കുളത്തിലാണ്. നിശ്ചലമായ ജലം.
സ്ത്രീകൾ കുടം മുക്കി വെള്ളമെടുത്തു. അതിൻറെ ശബ്ദം കേട്ട് അവരുടെ മനസ്സ് കുതിർന്നു.
ഓരോ ദിവസവും പെൺകുട്ടികൾ കേൾക്കുന്നവയിൽ വച്ച് മധുരമുള്ള സ്വരം അതുമാത്രമാണ്. അത് കേൾക്കാൻ വേണ്ടിയാണ് അവർ മരുഭൂമിയിലൂടെ മണിക്കൂറുകളോളം നടന്ന് ഇവിടെ എത്തുന്നത്.
വെള്ളമെടുത്ത് അവർ കുന്നു കയറി. മടക്കയാത്രയിൽ എല്ലാവരും ഒന്നിലധികം കുടങ്ങൾ ശിരസ്സിലേറ്റിയിരുന്നു.
അങ്ങനെ നടക്കുമ്പോൾ അരുണ ഒരു കാഴ്ച കണ്ടു.
അങ്ങ് ദൂരെ മരുഭൂമിയുടെ വെയിൽ പരപ്പിൽ ഒരു കറുത്തവൃത്തം. മുകളിൽ ആകാശത്തിൽ ഒരു ഒറ്റപ്പെട്ട മേഘം ഒരാൾക്ക് കുട പിടിക്കുകയാണ്.
ആ തണലിനുള്ളിൽ നടന്ന് അയാൾ പാട്ടുപാടുന്നു. അരുണ അത് നോക്കി നിന്നു.
അയാളും മേഘവും അകന്നു പോവുകയാണ്. സംഗീതത്തിൻറെ ഒരു നൂലിഴ ഒഴുകി അകന്നു പോയതുപോലെ അവൾക്ക് തോന്നി.
അത്ഭുതമായി തോന്നിയത് മറ്റൊന്നാണ്. മറ്റു പെൺകുട്ടികളൊന്നും ഇത് കാണുന്നുണ്ടായിരുന്നില്ല.
പാട്ടിൻ്റെ ദൃശ്യം മറഞ്ഞപ്പോൾ അരുണയ്ക്ക് വീണ്ടും ഉഷ്ണം അനുഭവപ്പെട്ടു. അവൾ സ്ത്രീകളുടെ പിന്നാലെ നടന്നു. അങ്ങിനെ നടക്കുമ്പോൾ അവൾക്കൊരു കുസൃതി തോന്നി.
ശിരസ്സിലെ കുടത്തിൽ നിന്നും തെറിച്ച് വീഴുന്ന തുള്ളി വെള്ളത്തിനായി
മുന്നോട്ട് നാവു നീട്ടിപ്പിടിച്ച് അവൾ നടക്കാൻ തുടങ്ങി. ഇനി തെറിച്ചുവീഴുന്ന തുള്ളി തന്നേക്കാവുന്ന സാന്ത്വനത്തിനായി കൊതിച്ചിട്ടെന്ന പോലെ.
ആ നിമിഷം ദൂരെ കുതിരക്കുമ്പടി ശബ്ദം ആരംഭിച്ചു. അത് അടുത്തടുത്തു വരുന്നു.
ദൂരെ നിന്നും പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് പാഞ്ഞു വരുന്ന കുതിരകളെ സ്ത്രീകൾ കണ്ടു.
അവരുടെ അടുത്തെത്തിയപ്പോൾ കുതിരകൾ വേഗം കുറച്ചു. അവ നിലത്തു താളം ചവിട്ടി നിന്നു.
കുതിരക്കാർ നാലുപേർ ഉണ്ടായിരുന്നു. നാലു മുഖംമൂടികൾ.
അവർ കുതിരകളെ സ്ത്രീകൾക്ക് ചുറ്റും നടത്തി. സ്ത്രീകൾ ഉള്ളിൽ നടുങ്ങിയെങ്കിലും ശബ്ദം പുറപ്പെടുവിക്കാനാവാതെ നിന്നു.
ഒരാൾ കുതിരപ്പുറത്തുനിന്നും ഇറങ്ങി. അയാൾ അരുണയുടെ നേരെയാണ് നടന്നത്. അയാൾ അവളുടെ തൊട്ടുമുന്നിൽ വന്നുനിന്നു.
കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി. അവൾ ദുപ്പട്ട പിടിച്ച് മുഖം മറച്ചു.
അയാൾ പൊട്ടിച്ചിരിച്ചു.
അരുണ ഭയന്നു.
അപ്പോൾ അയാളുടെ ചിരി ഉച്ചത്തിലായി. അത് കുതിരപ്പുറത്തിരുന്ന മറ്റു മൂന്നു പേരിലേക്കും പടർന്നു. എന്നിട്ട് ഒരു മണൽകാറ്റായി മരുഭൂമിയിൽ ചുറ്റി അടിച്ചു.
അതിന്റെ തരികൾ പെൺകുട്ടികളെ അലോസരപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു.
പെട്ടെന്ന് അയാൾ അരുണയെ പൊക്കിയെടുത്ത് തോളിൽ ഇട്ടു. ഒന്നു കുതറുവാൻ പോലും കഴിയാത്ത വിധം ശക്തമായിരുന്നു ആ പിടുത്തം.
അവൾ നിലവിളിച്ചു. അത് വകവയ്ക്കാതെ അയാൾ അവളെ കുതിരപ്പുറത്തേക്ക് ഇട്ടു. പിന്നാലെ അയാളും കയറി.
കുതിരകൾ ശബ്ദിച്ചു. ആ ശബ്ദത്തിൽ അരുണയുടെ നിലവിളി മുങ്ങി.
കുതിരകൾ പാഞ്ഞു പോയി. അങ്ങ് അകലേക്ക്. പൊടിപടലങ്ങൾ ചമച്ച ഒരു മേഘം പിന്നിൽ അവശേഷിപ്പിച്ചുകൊണ്ട് അരുണയുടെ ശിരസ്സിൽ നിന്നു തെറിച്ചുവീണ, ജലം നിറച്ച കുടങ്ങൾ കുന്നിൻ ചെരിവിലൂടെ താഴേക്ക് ഉരുളുകയായിരുന്നു.
അപ്പോൾ അറ്റുവീണ ശിരസ്സിൽ നിന്നും ചോര എന്നപോലെ , അവയിൽ നിന്നും തൂവിയ വെള്ളം മരുഭൂമിയിൽ ഋജുവല്ലാത്ത ഒരു രേഖ വരച്ചുകൊണ്ടിരുന്നു. മരുഭൂമി അതു മായ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
മറ്റ് സ്ത്രീകൾ ഇതെല്ലാം നോക്കി നിന്നിട്ട് യാത്ര തുടർന്നു. അവർക്ക് ഇതിൽ അത്ഭുതം ഒന്നും തോന്നിയില്ല. ഇത് ഇടയ്ക്ക് സംഭവിക്കാറുള്ളതാണ്. ഇത്തവണ നറുക്ക് വീണത് അരുണയ്ക്കാണെന്നു മാത്രം.
അവർ നടപ്പ് തുടരുകയാണ്. ദൂരെ, രണ്ടര നാഴിക അകലെ, തങ്ങളുടെ പുരുഷന്മാർ കുത്തിയിരുന്ന് പുകവലിക്കുകയും ചീട്ടു കളിക്കുകയും മദ്യപിച്ച് ബഹളം വയ്ക്കുകയും ചെയ്തു നേരംപോകുന്ന ഗ്രാമത്തിലേക്ക്.
അരുണയെ വിട്ടുപിരിഞ്ഞ കുടങ്ങൾ ചലനം നിലയ്ക്കുകയും മണൽക്കാറ്റിൽ മൂടി മറയുകയും ചെയ്തു.