മേഘമൽഹാർ
വൃദ്ധൻ ഇഴഞ്ഞിഴഞ്ഞു യാത്രയാരംഭിച്ചു.അതവസാനിച്ചത് സ്വപ്ന രാമൻ്റെയടുത്താണ്. അയാളെ കണ്ട് അന്ന ആദ്യമൊന്ന് ഭയന്ന് പോയതാണ്.
സ്വപ്നരാമന് മനസിലായി., വൃദ്ധ നിപ്പോൾ ഒരു രോഗിയാണ്.
അയാൾ അടുത്തുചെന്ന് വൃദ്ധനെ തൊട്ടു വൃദ്ധന് എഴുന്നേൽക്കാനായില്ല. നിലത്തെ പൂഴിമണ്ണിൽ കിടന്ന് കിതയ്ക്കുകയായിരുന്നു കിഴവൻ.
സ്വപ്നരാമൻ അയാളുടെ അടുത്തിരുന്നു. ശിരസ്സെടുത്ത് സ്വന്തം മടിയിൽ വച്ചു. അന്ന അടുത്തുവന്ന് കുത്തിയിരുന്നു. മുയൽ അവളോട് ചേർന്നിരുന്നു.അത് വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു.
മുകളിൽ സൂര്യൻ എരിഞ്ഞു നിന്നു. മരുഭൂമിയുടെ വാത്സല്യത്തിൽ അവർ മൂന്നു പേരും ഉരുകിക്കൊണ്ടിരുന്നു.
അങ്ങു ദൂരെ ആരവങ്ങൾ കേട്ടു .അന്നയെ നടുക്കുന്ന ആരവങ്ങൾ. വൃദ്ധൻ അവശേഷിക്കുന്ന ശക്തി മുഴുവൻ എടുത്ത് പിറുപിറുത്തു.
" അവർ ഇപ്പോഴെത്തും. അവർക്ക് വേണ്ട ഔഷധം ഇവളാണ്"
വൃദ്ധൻ അന്നയെ ചൂണ്ടി പറഞ്ഞു.
അന്നപൂർണ ഞെട്ടി. സ്വപ്നരാമൻ അവളെ ആശ്വസിപ്പിക്കാനായി തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു.
അതു കണ്ട വൃദ്ധൻ അവൾക്കു നേരെ കൈ നീട്ടി. അയാൾ മുഷ്ടി ചുരുട്ടിപ്പിടിച്ചിരുന്നു. അതിലെന്തോ ഉണ്ടായിരുന്നു.
സ്വപ്നരാമന്റെ മൗനാനുവാദത്തോടെ അവളത് കൈ നീട്ടി സ്വീകരിച്ചു. അയാൾ കൊടുത്ത ഓഷധം അവളുടെ കൈത്തലത്തിലാരുന്ന് വിറച്ചു.
അതൊരു പച്ചപ്പുല്ലിൻ്റെ നാമ്പായിരുന്നു..
അന്ന അത് മുയലിന് കൊടുത്തു. മുയലത് ചവച്ചുതിന്ന് വിശപ്പാറ്റി.
വൃദ്ധന്റെ രോഗം അധികരിച്ചു.
തലച്ചോറിൽ തീയെരിയുന്ന അനുഭവം.അയാളുടെ മനസ്യം ശരീരവും നൊന്തു.
അന്നയുടെ കയ്യിൽ സ്വപ്ന രാമൻ കൊടുത്ത കളിവീണയുണ്ടായിരുന്നു. വൃദ്ധൻ ശ്രമപ്പെട്ട് അതിലേക്ക് നോക്കി.
അപ്പോഴേക്കും അയാൾ അവശനായി. അയാൾ ഉരുണ്ടു പിടഞ്ഞെണീറ്റു. അയാൾ നാലുകാലിൽ നിന്ന് കുരച്ചു. ഉറക്കെ.
സ്വപ്നരാമൻ പാടുവാൻ തുടങ്ങി
അന്നപൂർണ്ണയും മുയലും മരിച്ചുകൊണ്ടിരിക്കുന്ന വൃദ്ധനും ശ്രോതാക്കളായി. കളിവീണയുടെ ഒറ്റക്കമ്പി ഒരു വിരൽസ്പർശം കൊതിച്ച് നിലത്ത് കിടന്നു. .
പാട്ടിന്റെ തന്മാത്രകൾ ചുറ്റും പറന്നു. നൃത്തം വെച്ച് അവ ഒരു ഹാർമണി തീർത്തു. അദൃശ്യമായ അവിരാമമായ ഒരു ചലനത്തിന്റെ ശ്രേണി.
അതിന്റെ കമ്പനങ്ങളിൽ പ്രപഞ്ചത്തിന്റെ മൗനകോശങ്ങൾ ഇളകി.
തന്മാത്രകൾ ഓളങ്ങൾ ചമച്ചൊഴുകി.
അവിടെനിന്ന് വെയിലിലേക്ക് വെയിലിൽ നിന്ന് അതിലലിഞ്ഞ സപ്ത വർണ്ണങ്ങളിലേക്ക്.
താപത്തിലേക്ക്. താപത്തിൽ നിന്ന് ഭൂമിയുടെ ഹൃദയത്തിലേക്ക്. അഭ്രപടലങ്ങളിലേക്ക്. പകലൊളിപ്പിച്ചു വച്ച ഇരുട്ടിലേക്ക്.
പ്രകൃതിയുടെ മനസ്സ് തുടിച്ചു.
തപ്ത തന്മാത്രകൾ ഉയർന്നപ്പോൾ ശീതവായുവിന്റെ പ്രവാഹം ഉണ്ടായി.
വർത്തമാനത്തിന്റെ പുറംപോക്കുകളിൽ പാട്ട് ചുറ്റിയടിച്ചു. മേഘപാളികളെ തുളച്ച് അത് ശൂന്യാകാശത്തിലേക്ക് പാഞ്ഞു.
പാട്ടിന്റെ ചുവന്ന രക്താണുക്കൾ അന്തരീക്ഷത്തിൽ നിറഞ്ഞു. സൂര്യമുഖം മറഞ്ഞു.
മേഘങ്ങൾ അടരാടി. മിന്നൽ പിണരുകളുടെ ഉലയിൽ ഊതിപ്പൊലിപ്പിച സംഗീതത്തിന്റെ അണുക്കൾ തീത്തിളക്കം കൊണ്ടു.
ഭൂമിയുടെ സ്വനദ്വാരങ്ങൾ തുറന്ന് ഈയാംപാറ്റകൾ പറന്നു. കൂണുകൾ വെളിച്ചത്തിലേക്ക് കുതിക്കാൻ അസ്ത്രം തൊടുത്തു.
അദൃശ്യമായ മഴയുടെ ആരവം കേട്ട് അയാൾ പിടഞ്ഞു. അയാളുടെ ശിരസ്സിലെരിഞ്ഞ തീ അണയാൻ ആരംഭിച്ചു.
തലച്ചോറിൽ പതഞ്ഞ അമ്ളം ക്ഷാരവും ജലവും ആയി വേർപിരിഞ്ഞു.
അയാളുടെ ആത്മാവ് ഒരു തണുത്ത കാറ്റിലേറി പറന്നുപോയി. അല്പം കഴിഞ്ഞപ്പോൾ ആത്മാവും ഇല്ലാതെയായി. തണുത്ത കാറ്റു മാത്രം ചുറ്റിക്കറങ്ങി.
ദൂരത്തു നിന്നും ഓടിയെടുക്കുന്ന ഭടന്മാരുടെ സംഘത്തെ സ്വപ്നരാമൻ കണ്ടു അന്നയെ കണ്ടപ്പോൾ അവർ ആർത്തു വിളിച്ചു.
മണൽപ്പരപ്പിൽ ഇരകളാകാൻ വിധിക്കപ്പെട്ടവരെ പോലെ മൂവരും നിന്നു.
പാട്ടിന്റെ കമ്പനങ്ങൾ അപ്പോഴും നിലച്ചിരുന്നില്ല.
സ്വപ്നം പോലെ പറന്നുവന്ന ഒരു മേഘം അവർക്കുമേൽ സവാരി ചെയ്തു. ലയതരംഗത്തിന്റെ അദൃശ്യ നൂലുകൾ അതിനെ പിടിച്ചു നിർത്തി.
അകലെ ഉണങ്ങിയ മരക്കൊമ്പുകൾ ഉലഞ്ഞു. എവിടെയൊക്കെയോ പക്ഷികൾ ചിറകു കുടഞ്ഞു വിരിഞ്ഞുണർന്നു.
അന്നയുടെ പാറിപ്പറന്ന തലമുടിയിൽ സ്വപ്നരാമൻ തലോടി അതിൽ നിറയെ മണൽ തരികൾ പറ്റിയിരുന്നു. അവളുടെ നെറ്റിയിലെ വിയർപ്പിന്റെ ബിന്ദുക്കൾ പോലും മരുഭൂമിയിലെ ചൂടുവായു നക്കിയെടുത്തിരുന്നു.
അപ്പോൾ മണ്ണിൽ ഒരു മഴത്തുള്ളി പതിക്കുന്നത് സ്വപ്നരാമനും അന്നയും കണ്ടു.
ഒരു മഴത്തുള്ളി. അത് മണ്ണിന്റെ മനസ്സിലേക്ക് ആഴ്ന്നു പോയി.
മറ്റൊന്ന് അന്നയുടെ കൺപീലിയിൽ പതിഞ്ഞു.
ഒന്ന്
രണ്ട്
മൂന്ന്
അവ എണ്ണത്തിൽ പെരുകി വന്നു. കളിവീണയുടെ കമ്പിയിലുതിർന്നു സംഗീതം ഉണർത്തി.
മഴ പെരുത്തു. ഒരു പെരും നൃത്തത്തിലേക്ക്.
ആ മഴക്കോട്ടയിലേക്ക് സ്വപ്നരാമനും അന്നയും മുയലും മറഞ്ഞു.
മഴയുടെ കൊടുങ്കാട് കണ്ട് പേപിടിച്ച ഭടന്മാർ ഞെട്ടി. അവർ വെള്ളം കണ്ടു ഭയന്നു. പിന്നെ പിന്തിരിഞ്ഞോടി.
തുറന്ന വായിലൂടെ ഉമിനീരൊലിപ്പിച്ച് , അനവധിയനവധി - നായ്ക്കൾ എവിടുന്നൊക്കെയോ നിരത്തുകളിൽ ഇറങ്ങുകയായിരുന്നു അപ്പോൾ.
അവ ജനപദങ്ങളിലേക്ക് പല വഴിയെ പാഞ്ഞു പോയി