ബാധ
കാനുഭായ് കലുങ്കിനു കീഴിൽ കയറിക്കൂടിയിട്ട് ഏതാനും ദിവസങ്ങളായി.
പുറത്തിറങ്ങാൻ അയാൾ കൂട്ടാക്കിയില്ല. ഒന്നുരണ്ട് ദിവസം പുറത്തു കാത്തു നിന്നിട്ട് ബച്ചു അവൻറെ പാട്ടിനു പോവുകയാണ് ചെയ്തത്.
അവൻ ദുഃഖത്തോടെ കുറച്ചു നേരം മോങ്ങിയിട്ടാണ് പോയത്. പക്ഷേ ആ കരച്ചിൽ എന്തുകൊണ്ടോ വൃദ്ധനെ സ്പർശിച്ചില്ല.
അയാളുടെ പാദത്തിൽ ഒരു വ്രണം പഴുത്ത് വലുതായിക്കൊണ്ടിരുന്നു. വേദന ഓരോ നിമിഷവും അധികരിച്ച് വന്നു. വേദന അനുഭവിച്ചെങ്കിലും ദുർഗന്ധം അയാൾ അറിഞ്ഞില്ല. ബച്ചുവിന്റെ നഖമോ മറ്റോ കൊണ്ട മുറിവായിരുന്നുവെന്ന് അയാൾ ഓർത്തു. പിന്നെ ആ ഓർമയും അയാളിൽ നിന്ന് അപ്രത്യക്ഷമായി.

വ്രണം വലുതാവും തോറും അയാളിൽ എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരുന്നു.
അയാൾ രാത്രിയിൽ മാത്രം പുറത്തിറങ്ങുകയും അതിവേഗം മാളത്തിലേക്ക് മടങ്ങുകയും ചെയ്തു. ഒരു ഇഴ ജന്തുവിനെ പോലെയായി ആ ജീവിതം.
വെളിച്ചം അയാളുടെ കണ്ണിൽ അമ്ളം കോരിയൊഴിച്ചു.
വിശപ്പും ദാഹവും എല്ലാം കെട്ടുപോയിരിക്കുന്നു. വേദന, ഭ്രാന്ത് എന്തൊക്കെയോ അയാളെ പീഡിപ്പിച്ചു.
അണ്ഡാകൃതിയിലുള്ള ഏതോ ജീവികൾ ശിരസ്സിനകത്ത് നിറഞ്ഞിരിക്കുന്നു. തന്റെ ചിന്തകളെ പോലും അവ കാർന്നെടുക്കുന്നു. അത് അയാൾക്ക് കാണാം.

അയാൾ ഉറക്കെ അലറി.
ആ അലർച്ച എവിടെയോ നിന്ന ബച്ചു കേട്ടു. അവൻ എഴുന്നേറ്റ് ഓടി നടന്നു. അവന്റെ രോമങ്ങൾ എഴുന്നുനിന്നു.
വേദനയും പകയും കൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു അവൻ. കുറേ ദിവസമായി അത് തുടങ്ങിയിട്ട്.
ശിരസ്സിനുള്ളിൽ നുരച്ചു പുളയ്ക്കുന്ന വേദന. പഴയ ഉറുമ്പുകൾ വീണ്ടും തലയ്ക്കുള്ളിൽ താമസമാക്കിയെന്നാണ് അവൻ ആദ്യം കരുതിയത്.
പക്ഷേ ഇത് അതല്ല. കൂടുതൽ കഠിനമായ, കൂടുതൽ വ്യാപകമായ ഒന്ന്.
അവൻ അസ്വസ്ഥനായി ചിലപ്പോൾ വെറുതെ ഓതിയിട്ടു. രക്തത്തിൽ അലിഞ്ഞുചേർന്ന പക ഒന്നിച്ച് തിരമാലകളായി തലച്ചോറിലേക്ക് ഇരച്ചു കയറുന്നു. കൺപോളയ്ക്കടിയിൽ രക്തം കിനിഞ്ഞ് കണ്ണിന്റെ പുറംപടലത്തിലൂടെ ഒലിച്ചിറങ്ങുന്നത് അവൻ കണ്ടു.
രക്തച്ചുവപ്പിലൂടെ അവൻ ലോകം കണ്ടു.
ശിരസ്സിനുള്ളിൽ കരിവണ്ടുകൾ പറക്കുന്നു. പ്രാണികൾ തിമിർക്കുന്നു.
ബച്ചു ഉറക്കെ മോങ്ങി.
