advertisement
Skip to content

അവന്റെ പല്ലിൽ നിന്നിറ്റി താടിയിലൂടെ ഒലിച്ചിറങ്ങുന്ന ചോര അവർ കണ്ടു. സഹപ്രവർത്തകൻ്റെ ചോര ! അവർ നടുങ്ങി

രാ.പ്രസാദ്
അധ്യായം 26
രോഗം

ഒരു പഴയ കലുങ്കായിരുന്നു അത്. അതിനു താഴെ വെള്ളം ഒഴുകിയിട്ടുള്ള ലക്ഷണമേയില്ല. അവിടെ ഈർപ്പം ഇല്ലാത്ത ഇരുട്ട് മാത്രം. ഒരറ്റം അടഞ്ഞ്
അതൊരു ഗുഹ പോലെ ആയിരിക്കുന്നു.

മൂന്നു ഭടന്മാർ അതിന്റെ വാതില്ക്കൽ നിന്ന് ഉള്ളിലേക്ക് നോക്കി. പുറത്തെ പകൽവെളിച്ചം ഉള്ളിലേക്ക് പ്രവേശിക്കുന്നില്ല.

അതിനുള്ളിൽ നിന്നും ഒരു കിതപ്പു കേൾക്കാം

ഒരു ഭടൻ ഇങ്ങനെ സംസാരിച്ചു:
"കിഴവാ നിങ്ങൾക്ക് അപൂർവമായ ഒരു ഭാഗ്യം കൈവന്നിരിക്കുകയാണ്. അദ്ദേഹത്തിൻറെ രോഗം ചികിത്സിക്കുവാനുള്ള അവസരം. ദയവായി ഞങ്ങളുടെ ഒപ്പം വരിക."

അകത്തു വൃദ്ധൻ അത് കേൾക്കാത്തതു പോലെ തുറിച്ചിരിക്കുകയാണ്.

രണ്ടാമത്തെ ഭടൻ പുച്ഛത്തോടെ ചോദിച്ചു:
"ഈ കിളവൻ നാറിയാണോ വൈദ്യൻ ? പിടിച്ചു കെട്ടിക്കൊണ്ടു പോകാം."

ഒന്നാമത്തെ ഭടൻ പറഞ്ഞു :
"പാടില്ല ഇവനെ നമുക്ക് ആവശ്യമുണ്ട്. തനിക്കറിയാമോ ?അദ്ദേഹം ഇന്നലെ ഉറങ്ങിയിട്ടില്ല. ദേഹത്തു നിന്നും പൊഴിഞ്ഞു കൊണ്ടിരിക്കുന്ന ചെതുമ്പലുകൾ രാജാവു നടന്നുപോകുന്ന വഴിയെല്ലാം കിടക്കുകയാണ്. അദ്ദേഹത്തിന്റെ ഓജസ് വീണ്ടെടുക്കാൻ ഈ കിഴവനേ കഴിയൂ. "

"ഈ ഭ്രാന്തനോ ?"

" ഹേയ് ! ഇയാൾ. ഒരു പട്ടിക്ക് കാഴ്ചകൊടുത്ത അത്ഭുത മനുഷ്യനാണ്. "
ഭടൻ കിഴവന്റെ മാളത്തിലേക്ക് ശക്തിയേറിയ ലൈറ്റ് പ്രകാശിപ്പിച്ചു. ആ പ്രകാശം കണ്ണിൽ അടിച്ചപ്പോൾ വൃദ്ധൻ അലറി.

വര: രാ.പ്രസാദ്


ഭടന്മാർ കിടുങ്ങിപ്പോയി. കേവലം ഒരു വൃദ്ധന്റെ ശബ്ദം അല്ലായിരുന്നു അത്! അതിനേക്കാളേറെ അവരെ ഭയപ്പെടുത്തിയത് അയാളുടെ മുഖമാണ്.

അത് പേശികൾ വലിഞ്ഞുമുറുകി ഭീകരരൂപം പൂണ്ടിരിക്കുന്നു. തീപ്പൊള്ളലേറ്റ പോലെ!
കണ്ണുകൾ അതിഭയങ്കരമായ വേദന കൊണ്ടെന്നവണ്ണം പുറത്തേക്ക് തുറിച്ചു നിന്നു.

പെട്ടെന്ന് ഒരു മുരളിൽ അവർ കേട്ടു. അതും അവരെ ഭയപ്പെടുത്തി. അവർ തല ഉയർത്തി നോക്കി.

അവർക്ക് മീതെ കലുങ്കിനു മുകളിൽ ബച്ചു നിൽപ്പുണ്ടായിരുന്നു. മരണവും വേദനയും പോലെ രണ്ടു നിറമുള്ള കണ്ണുകൾ അവരെ തുറിച്ച് നോക്കുന്നത് അവൻ കണ്ടു.
ഒരു ഭടൻ അവനെ തിരിച്ചറിഞ്ഞു.

" ഇന്നലെ നമ്മുടെ കൂട്ടത്തിൽ ഒരാളെ കൊന്നവനാണ് അവൻ " അയാളലറി. അയാളുടെ കൈത്തണ്ടയിൽ ഒരു ബാൻഡേജ് ഉണ്ടായിരുന്നു.

ഒരു ഭടൻ തോക്കുയർത്തി ബച്ചുവിൻ്റെ നേരെ തിരിച്ചു. എന്നാൽ ഉന്നം പിടിക്കുന്നതിനു മുമ്പ് തന്നെ ബച്ചു ചാടിവീണു കഴിഞ്ഞിരുന്നു.

കഴുത്തിന് തന്നെയാണ് അവൻ കടിച്ചത്. പട്ടിയും അയാളും കൂടി നിലത്ത് കിടന്നുരുണ്ടു.

മറ്റു രണ്ടു ഭടന്മാർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കടിയേറ്റവൻ്റെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയിരുന്നു. അയാൾ നിശ്ചലനായപ്പോൾ ബച്ചു ശിരസുയർത്തി.

ഒരാൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയിരിക്കുന്നത് അവൻ കണ്ടു. ബച്ചുവിന്റെ കണ്ണുകൾ തിളങ്ങി.

മുഴുവൻ പല്ലുകളും പുറത്തുകാട്ടി അവൻ കുരച്ചു. ദിഗന്തം നടുങ്ങുമാറ് ഉച്ചത്തിലുള്ള കുര.

അവന്റെ പല്ലിൽ നിന്നിറ്റി താടിയിലൂടെ ഒലിച്ചിറങ്ങുന്ന ചോര അവർ കണ്ടു.
സഹപ്രവർത്തകൻ്റെ ചോര !

ഒരു നിമിഷം അവർ ഒന്നു നടുങ്ങി.

ബച്ചുവിന് ആ സമയം ധാരാളമായിരുന്നു. അവൻ തോക്കുധാരിയുടെ നേരെ ചാടി ഉയർന്നതും അയാളുടെ കയ്യിൽ നിന്നും മാംസത്തിന്റെ ഒരു കഷണം കടിച്ചെടുത്തുകൊണ്ട് മറഞ്ഞതും ഒപ്പമായിരുന്നു.

കടികൊണ്ടവൻ പട്ടി പോയ വഴിയേതു കൈചൂണ്ടി അലറി:

" കൊല്ലെടാ. പേപ്പട്ടിയാണത് "
ഭടൻ തോക്കുമായി പാഞ്ഞു, നായ ഓടിയ വഴിയെ.

ബച്ചു കൊണ്ടുപോയ മാംസത്തിൽ നിന്നും ചോര തുള്ളിത്തുള്ളിയായി വഴിയിൽ വീണുകൊണ്ടിരുന്നു. അതു നോക്കിയാണ് തോക്കുധാരി നീങ്ങിയത്.

ബച്ചു മാംസക്കഷ്ണവുമായി കുറേ ഓടി. എന്നിട്ടത് വഴിയിൽ തന്നെ വച്ചു. പിന്നെ ഏതാനും വാര ഓടി. ഓടയ്ക്കുള്ളിൽ ഇറങ്ങി അവൻ കാത്തിരുന്നു.

തോക്കുധാരി കരുതലോടെ നീങ്ങി. നിലത്തെ ചോരത്തുള്ളികൾ അയാൾക്ക് വഴികാട്ടിക്കൊണ്ടിരുന്നു.

ചോര തുള്ളികളുടെ സൂചന അവസാനിച്ചിരുന്നു. മാംസക്കഷണം റോഡിൽ കിടക്കുന്നു. അയാൾ അതിനടുത്ത് നിന്നു.

പെട്ടെന്നൊരോർമ്മയിൽ അയാൾ മരണത്തെക്കണ്ടവനെ പോലെ നടുങ്ങി. പട്ടി തനിക്ക് പിന്നിൽ ഒളിച്ചിട്ടുണ്ടാവും. ഈ മാംസക്കഷ്ണം തന്റെ മരണത്തിന്റെ സൂചനയാണ്.
ശരിയായിരുന്നു. അയാൾ അതു ചിന്തിച്ച നിമിഷത്തിൽ തന്നെ ബച്ചു അയാളുടെ നേരെ കുതിച്ചു കഴിഞ്ഞിരുന്നു. അയാളുടെ നിലവിളി അവിടെങ്ങും മുഴങ്ങി. ബച്ചു അയാളുടെ വയർ കടിച്ചുകീറി. അയാൾ പിടഞ്ഞു.

നാലാമത്തെ ഭടൻ വരാനായി അവൻ കാത്തു.
അയാൾ നിലവിളി കേട്ട ദിക്കിലേക്ക് പാഞ്ഞുവരികയാണ്. കൂട്ടുകാരന്റെ ശവത്തിന്മേൽ വിശ്രമിക്കുന്ന നായയെ കണ്ട് അയാൾ ഒന്നു നിന്നു.
നായ സാവധാനം ശവത്തിനു മേൽ എഴുന്നേറ്റുനിന്നു.
ഭടൻ തോക്ക് ഉന്നം പിടിച്ചു. അപ്പോഴേക്കും നായ ശരവേഗത്തിൽ ഓടിയകന്നു. ഭടൻ പിന്നാലെ പാഞ്ഞു.

ബച്ചു ഓടിയോടി മെയിൻ റോഡ് ക്രോസ് ചെയ്തു.

ഭടന് ക്രോസ് ചെയ്യാൻ കഴിഞ്ഞില്ല അപ്പോഴേക്കും ഒരു വലിയ ജനക്കൂട്ടം റോഡിൽ വന്നു നിറഞ്ഞു കഴിഞ്ഞിരുന്നു.

ബച്ചു റോഡിനപ്പുറം ജനക്കൂട്ടത്തിന്റെ യാത്ര കണ്ടുനിന്നു.
അതൊരു വലിയ ജനതതിയായിരുന്നു. ദരിദ്രരും രോഗികളും വൃദ്ധന്മാരും വികലാംഗരും എല്ലാമടങ്ങുന്ന ഒരു സംഘം. ഇഴഞ്ഞും ഉരുണ്ടും നിരങ്ങിയും നിശബ്ദമായ വിലാപങ്ങളോടെ അവർ പൊയ്ക്കൊണ്ടിരുന്നു. ചിലർ നാലുകാലിൽ നടക്കുകയും ക്ഷീണിക്കുമ്പോൾ നിലത്തുവീണു കിടന്നിട്ട് എഴുന്നേറ്റു നടക്കുകയും ചെയ്തു.

നടക്കാനാകാത്ത സ്ത്രീകളെ ഒപ്പമുള്ളവർ മുടിക്ക് കുത്തിപ്പിടിച്ചും മറ്റും താങ്ങിക്കൊണ്ടാണ് നടന്നത്. പുണ്ണ് ബാധിച്ച മനുഷ്യർ നഗ്നരായി തങ്ങളുടെ രോഗം പ്രദർർശിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം വിരലുകൾ ഒടിച്ചു രസിക്കുന്ന ഒരു കുഷ്ഠരോഗിയെ മറ്റൊരു സ്ത്രീ ശാസിച്ചു. പീഡിതരുടെ ഒരു മഹായാനം.

ബച്ചുവിനും തനിക്കുമിടയിൽ വന്നുപെട്ട ഈ ജനക്കൂട്ടം നിയമപാലകന് ഒരു പ്രശ്നമായി മാറി.

ബച്ചു അപ്പുറം നിന്നു നോക്കുന്നത് അയാൾ ഇടയ്ക്ക് കണ്ടു. അവന്റെ നീലക്കണ്ണിൽ പരിഹാസം. മഞ്ഞക്കണ്ണിൽ പക.

ഭടൻ തന്റെ യന്ത്രത്തോക്കുയർത്തി.

അയാൾ ഫയറിംഗ് ആരംഭിച്ചു. ജനം പിടഞ്ഞുവീണുകൊണ്ടിരുന്നു. പക്ഷേ വീണവരുടെ സ്ഥാനത്തേയ്ക്ക് പിന്നാലെ വരുന്നവർ ഇഴഞ്ഞു കയറിക്കൊണ്ടേയിരുന്നു.

പലരും വെടിയേറ്റ് വീണു. വെടിവെക്കുന്ന പട്ടാളക്കാരനും വെടിയേൽക്കുന്നവർക്കും അതൊരു ലഹരിയായി മാറിയെന്ന് തോന്നി.

ബച്ചു ഇതെല്ലാം കണ്ടുകിടന്നു.

കുറെ കഴിഞ്ഞാണ് ഭടൻ ബച്ചുവിന്റെ കാര്യം ഓർത്തത്.
അപ്പോഴേക്കും അവൻ പോയി കഴിഞ്ഞിരുന്നു.

ഭടൻ ശവങ്ങൾ ചവിട്ടിയും ചവിട്ടാതെയും റോഡ് മുറിച്ച് കടന്നു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest