advertisement
Skip to content

"ഇരുവശവും മതിലുകൾ ഉയർന്നുനിന്നു വളരുകയാണെന്ന് സ്വപ്നരാമന് തോന്നി കണ്ണും കാതും തുറന്നുവച്ച ഒറ്റുകാരന്റെ മനസ്സുള്ള മതിലുകൾ''

രാ.പ്രസാദ്
അധ്യായം 25
വേദന

ആ രാത്രിയിൽ അന്നയ്ക്ക് വയറുവേദനയുണ്ടായി.

സ്വപ്നരാമന്റെ മടിയിൽ കിടക്കുകയായിരുന്നു അവൾ. രണ്ടു കൈകൾ കൊണ്ടും അവൾ വയർ അമർത്തിപ്പിടിച്ചു.

അയാൾ അവളുടെ വയർ പതിയെ അമർത്തി നോക്കി.

'വിരയാകണം'
അയാൾ ചിന്തിച്ചു.

ശരിയായിരുന്നു. വിരയുടെ ശല്യം കൊണ്ട് അവൾക്ക് ഇടക്കിടയ്ക്ക് വേദന വരാറുണ്ട്.

വര: രാ.പ്രസാദ്

മണ്ണിലെമ്പാടും വിരയുടെ മുട്ടകൾ കിടന്നിരുന്നു. അവ തീരെ ചെറുതും നഗ്നനേത്രങ്ങൾക്ക് അദൃശ്യവുമായിരുന്നു. മണ്ണിൽ പുതഞ്ഞു കിടന്ന അവ കാറ്റടിക്കുമ്പോൾ പൊടിപടലങ്ങൾക്കൊപ്പം പറന്നുയരും. എന്നിട്ട് നാസികയിലൂടെ കയറി ശ്വാസകോശത്തിൽ എത്തിച്ചേരും. അവിടെനിന്ന് അവ രക്തചംക്രമണത്തിൽ ഉൾപ്പെട്ട് ഹൃദയത്തിൽ എത്തുകയായി. വീണ്ടും ഹൃദയമിടിപ്പിന്റെ സമ്മർദ്ദത്തിൽ ഒഴുകി നീങ്ങുന്ന ആ യാത്ര അവസാനിക്കുന്നത് അന്നയുടെ കുടലിലാണ്.

മുട്ട വിരിഞ്ഞുണ്ടായ വിരകൾ കുടലിന്റെ ഭിത്തികളിൽ കൊളുത്തി കിടക്കും.
ഈ പരാന്നഭോജികളുടെ ആക്രമണമേറുമ്പോൾ അന്നയ്ക്ക് വേദനിക്കും. ശരീരം ക്ഷീണിക്കും.

അവൾക്ക് നൽകുവാൻ ഔഷധം ഇല്ലല്ലോ എന്ന് സ്വപ്നരാമൻ ദുഃഖിച്ചു.

സ്പർശനം കൊണ്ടും സ്നേഹവാക്കുകൾ കൊണ്ടും അയാൾ അവളെ ആശ്വസിപ്പിച്ചു.

കരഞ്ഞുതളർന്ന അവൾ അയാളുടെ മടിയിൽ മയങ്ങി.

അവർക്ക് പോകേണ്ടിയിരുന്നു. അയാൾ അവളെ തോളിലെടുത്തുകൊണ്ട് നടന്നു.
മുയൽ അവരുടെ പിന്നാലെതന്നെ ഉണ്ടായിരുന്നു.

അപ്പോൾ ഹെലിക്കോപ്റ്ററിന്റെ ശബ്ദം കേട്ടു. അതടുത്തു വരുന്നു.

വര: രാ.പ്രസാദ്

അത് അവരെ തേടുകയായിരിക്കണം.

മുയൽ ഭയത്തോടെ അയാളെ നോക്കി. സ്വപ്നരാമൻ ഒരൊളിയിടത്തിനായി ചുറ്റും നോക്കി.

അവർ ഒരു മറ കണ്ടുപിടിച്ചു. ഒരു കോൺക്രീറ്റ് സ്ലാബ്. അവർ ഓടിയെത്തി അതിനടിയിൽ ഒളിച്ചു. ശ്വാസമടക്കി പതുങ്ങിയിരുന്നു.

ഹെലിക്കോപ്റ്റർ ഒരു തുമ്പിയെപ്പോലെ കുറച്ചു നേരം ആകാശത്തു പറന്നുനിന്നു.

അതിൽ നിന്നും വെളിച്ചത്തിൻ്റെ സുതാര്യമായ ഒരു സ്തംഭം താഴേക്കിറങ്ങി വന്നു.

വെളിച്ചത്തിൻ്റെ ഒരു വൃത്തം വെള്ളപ്പാറ്റയെപ്പോലെ അവിടെല്ലാം ചുറ്റിത്തിരിഞ്ഞു.
കുറച്ചു കഴിഞ്ഞ് ഹെലിക്കോപ്റ്റർ മടങ്ങിപ്പോയി.

അതിന്റെ ശബ്ദം അകന്നപ്പോൾ സ്വപ്നരാമൻ പുറത്തുവന്നു.

അവർ നടപ്പുതുടർന്നു. ഇരുവശവും മതിലുകൾ ഉയർന്നു നിന്നു.

അവ അപ്പോഴും വളരുകയാണെന്ന് സ്വപ്നരാമന് തോന്നി.

കണ്ണും കാതും തുറന്നു വച്ച, ഒറ്റുകാരന്റെ മനസ്സുള്ള മതിലുകൾ.

വഴിക്ക് അവരൊരു കാക്കയുടെ ജഡം കണ്ടു. അതിന്റെ ഇടത്തെ ചിറക് അറ്റ് തൂങ്ങിയിരുന്നു. പാവം കാക്ക. ഒരിക്കലവർക്കൊപ്പം സഞ്ചരിച്ച ചങ്ങാതി.

അതിൻ്റെ മുഖത്ത് വേദനയല്ല, ശാന്തിയാണ് അവർ കണ്ടത്.

അവർ മൂവരും ചേർന്ന് കാക്കയുടെ ശരീരം സംസ്കരിച്ചു.

തുടർന്ന് വീണ്ടും നടപ്പാരംഭിച്ചു. കുറെ ചെന്നപ്പോൾ ഒരു വേട്ടക്കാരൻ്റെ ജഡം കണ്ടു. അതിൽ പാതിയും ഉറുമ്പുകൾ കൂട്ടം ചേർന്ന് ഭക്ഷിച്ചിരുന്നു.

അയാളുടെ തോക്കിൻ്റെ കുഴൽ സ്വന്തം കഴുത്തിൽ ഒരു പാമ്പിനെ പോലെ വളഞ്ഞു ചുറ്റിക്കിടക്കുന്നു. അങ്ങിനെ ശ്വാസംമുട്ടി മരിച്ചതാകണം.

ശവശരീരങ്ങളുടെ ഋതുക്കൾ പിന്നിട്ട് അവർ നടന്നു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest