തൊക്കൻ
അയഥാർത്ഥതയുടെ അതിരുകൾ ഭേദിച്ച് ആ വെടിയുണ്ട തന്നെ തേടി വരുമെന്ന് തോക്കൻ പ്രതീക്ഷിച്ചിരുന്നില്ല.
പറന്നുകൊണ്ടിരുന്ന മുഹൂർത്തങ്ങളിലൊന്നിൽ അത് അവന്റെ മേൽ തറച്ചു. വല്ലാതെ ഒന്ന് കരഞ്ഞിട്ട് പിടഞ്ഞുകൊണ്ട് അവൻ താഴേക്ക് വീണു.
ഏതാനും നിമിഷങ്ങൾ കൊണ്ട് തൊക്കൻ നിലത്തു വന്നു.
അവന്റെ ഒരു ചിറകുനിറയെ ചോരയായിരുന്നു. അത് കണ്ടാൽ ഇത്ര മാത്രം ചോര ഒരു കാക്കയുടെ ദേഹത്തുണ്ടോ എന്ന് ആരും അത്ഭുതപ്പെട്ടു പോകും.
ശരീരവും മനസ്സും തകർന്നവനായി അവൻ കിടന്നു.
അതൊരു റോഡ് ആയിരുന്നു. പിടച്ചും ഞരങ്ങിയും വലഞ്ഞ് അവൻ റോഡരുകിൽ എത്തി. അവൻ ആ വലിയ മതിലിനരികിൽ കിടന്നു. ഇടയ്ക്ക് ദുർബലമായി ചിറകു പിടപ്പിച്ചു.
വേദനയോടൊപ്പം ഒരു മയക്കവും അവനെ ബാധിച്ചു.
ഇത് അവസാനത്തെ മയക്കമാണെന്ന് അവൻ ഓർത്തു. ആ അറിവ് അവനെ ഉണർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
മതിലിനപ്പുറം അന്നയുടെയും സ്വപ്നരാമന്റെയും ശബ്ദം അവൻ കേട്ടു. മതിൽക്കെട്ടുകൾക്കുള്ളിൽ അവർ വഴിയറിയാതെ ബുദ്ധിമുട്ടുകയാണെന്ന് അവൻ അറിഞ്ഞു.
പറന്നുയരാൻ കഴിയുമായിരുന്നെങ്കിൽ അവർക്ക് വഴികാട്ടാമായിരുന്നു. പക്ഷേ, തനിക്കതിനു കഴിയുന്നില്ലല്ലോ. അവൻ ശബ്ദമില്ലാതെ കരഞ്ഞു.
മറ്റു കാക്കകൾ എത്തുമെന്ന് പ്രതീക്ഷിച്ച് പ്രയാസപ്പെട്ട് അവൻ ആകാശത്തേക്ക് നോക്കി. ആരും വരുന്നില്ല.
ചിലപ്പോൾ അവർ മനുഷ്യരെപ്പോലെയാണ്. കൂട്ടാളിയുടെ മരണശേഷം മാത്രമേ എത്തുകയുള്ളൂ,
അവൻ ഓർത്തു.
അപ്പോൾ അടുത്ത്വിടെയോ മണൽത്തരികൾ ഞെരിയുന്ന ശബ്ദം കേട്ട് തുടങ്ങി.
അടഞ്ഞു തുടങ്ങിയ കണ്ണുകൾ ബലമായി തുറന്ന് അവൻ നോക്കി.
' ഭൂമിയെ പോലും നോവിക്കാതെ തനിക്ക് നേരെ നടന്നടക്കുന്ന രണ്ടു പാദങ്ങൾ അവൻ കണ്ടു.
അവ തൊക്കന്റെയടുത്തുവന്നു നിന്നു.
വലതു കൈകൊണ്ട് അവനെ ഉയർത്തി ഇടതു കൈത്തലത്തിൽ വച്ചിട്ട് അയാൾ അവന്റെ ശിരസ്സ് തലോടി.
അവൻ മുഖമുയർത്താൻ ശ്രമിച്ചു. കരുണയുടെ ഒരു കീറ് വെളിച്ചം അവന്റെ മുഖത്ത് തട്ടി.
അയാളുടെ ഇടത്തെ കൈത്തണ്ടയിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാൾ സംസാരിച്ചു. നിലാവു ജലം തൊടും പോലെ ,നിശബ്ദതയോളം പോന്ന ശബ്ദം ഇങ്ങിനെ പറഞ്ഞു:
"തൊക്കനേ, ഇതൊരമ്പിൽ നിന്നുണ്ടായ മുറിവാണ്. ഒരരയന്നത്തിന്റെ വേദന ഞാനെടുത്തത് ഇങ്ങനെയാണ്. നീയും ഒരു പക്ഷിയെ രക്ഷിച്ചു കൊണ്ടാണ് വെടിയേറ്റത്. നിന്റെ വേദനയും ഞാൻ എടുക്കുന്നു."
ആ നിമിഷം തൊക്കന്റെ വേദനകൾ മാഞ്ഞുപോയി. അയാൾ അവനെ താഴെ വച്ചിട്ട് നടന്നേ പോയി.
തൊക്കനിൽ ശാന്തി നിറഞ്ഞു.
അവൻ മരിക്കാനാരംഭിച്ചു.
ഇനിയും തേടിയെത്താത്ത കൂട്ടുകാരെക്കുറിച്ച് അവൻ ചിന്തിച്ചില്ല.
ഉറക്കത്തിലും തുറന്നിരിക്കുന്ന ബച്ചുവിൻ്റെ നീലക്കണ്ണിന്റെ കടങ്കഥ അവനെ അപ്പോൾ അലട്ടിയില്ല.
ആകാശത്ത് ഒരു കറുത്ത പൊട്ട് അവൻ കണ്ടു. ഒന്നല്ല, അനേകം പൊട്ടുകൾ. അവ വലുതായി വന്നു.
നൂറായിരം കാക്കകൾ പറന്നിറങ്ങുകയാണ്. അവർ താഴ്ന്നു വരുന്നു.
തെക്കൻ അത് കണ്ടില്ല. അതിന് മുമ്പ് അവന്റെ ജീവൻ അവനെ വിട്ട് പോയിരുന്നു.
അപ്പോൾ പക്ഷിക്കൂട്ടം ഒരു മഹാ വൃക്ഷത്തിന്റെ ഇലച്ചാർത്ത് പോലെ അവനുമേൽ തണൽ വിരിച്ചുകൊണ്ട് താഴ്ന്നിറങ്ങി.
അത് രാത്രിയായിരുന്നു.
വെറും രാത്രി.