അന്ന
അന്ന അഥവാ അന്നപൂർണ എന്നു പേരുള്ള പത്തു വയസ്സുകാരി താൻ വരച്ച ചിത്രം ഭിത്തിയിൽ ഒട്ടിക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ വാതിൽക്കൽ ഒരു മുട്ട് കേട്ടു.
അവൾ ഓടിച്ചെന്ന് വാതിൽ തുറന്നു. അവരുടെ അച്ഛനും അമ്മയും ജോലി കഴിഞ്ഞ് വന്നതാണ്.
അച്ഛൻ അവൾക്ക് ബാലമാസികയുടെ പുതിയ ലക്കം സമ്മാനിച്ചു. അന്ന അവളുടെ കൊച്ചു കസേരയിലിരുന്ന് അത് വായിക്കാൻ ആരംഭിച്ചു.
വർണ്ണപ്പേജുകൾ മറിച്ച് അവൾ എത്തിയത് കുറേ പ്രശ്നചിത്രങ്ങളുടെ ഇടയ്ക്കാണ്.
അവൾ പേന എടുത്ത് ആ പസിൽസ് പൂരിപ്പിക്കാൻ തുടങ്ങി. അതിനുമുമ്പായി അവൾ പേജിന്റെ മൂലയിൽ അവളുടെ പേരെഴുതി: 'അന്നപൂർണ്ണ. എസ് '
അപ്പോൾ തെരുവിൽ എന്തൊക്കെയോ ബഹളങ്ങൾ കേട്ടു. അന്നയുടെ അച്ഛൻ പുറത്തേക്കോടി. പിന്നാലെ ഒരു നിലവിളിയോടെ അമ്മയും. അവർ പിന്നീട് തിരിച്ചുവരികയുണ്ടായില്ല.
അന്ന ഒരു പസ്സിലിന് ഉത്തരം കാണുകയായിരുന്നു. ഒന്നുമുതൽ ഇരുപത്തിരണ്ടു വരെ കുത്തുകൾ യോജിപ്പിച്ചാൽ നിങ്ങൾക്ക് ഒരു കാഴ്ച കാണാം എന്ന വാഗ്ദാനം അവളെ പ്രലോഭിപ്പിച്ചു. അന്ന കുത്തുകൾ യോജിപ്പിക്കുവാൻ ആരംഭിച്ചു.
പതിനഞ്ചുവരെ എത്തിയപ്പോൾ അവൾ ചിത്രം ശ്രദ്ധിച്ചു. മനോഹരമായ ഒരു സൂര്യകാന്തിപ്പൂവ് വിരിഞ്ഞു വരുന്നതിന്റെ അപൂർണ്ണ ദൃശ്യം. അവൾക്ക് സന്തോഷമായി.
ആവേശത്തോടെ അവൾ ചിത്രത്തിന്റെ ബാക്കിഭാഗം പൂർത്തിയാക്കാൻ ആരംഭിച്ചു. ഏതാനും കുത്തുകൾ കൂടി കഴിഞ്ഞപ്പോൾ അവളുടെ കൈകൾക്ക് നേർത്ത വിറയൽ അനുഭവപ്പെട്ടു. വരച്ചുതീർന്നപ്പോഴേക്കും അവൾക്കു ഭയമായി. അവൾ കണ്ടത് ഭീകരനായ ഒരു സിംഹത്തെയാണ്.
സിംഹം ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെ അവളെ നോക്കി.
അന്ന ഞെട്ടി.
സ്വന്തം ഇഷ്ടപ്രകാരം വരച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരാപത്ത് വരുമായിരുന്നില്ല. പകരം തനിക്കൊരു സൂര്യകാന്തിപ്പൂവ് ലഭിക്കുമായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൾ വേഗം പേജുകൾ മറിച്ചു.
അടുത്ത പേജിലൊന്നിൽ മറ്റൊരു പസിൽ. ഒരു ചതുരം. അതിൽ നേടുകയും കുറുകയും നേർരേഖകൾ. ഇടയ്ക്കുള്ള വിള്ളലുകൾ. ചതുരത്തിന്റെ ഒരു മൂലയ്ക്ക് ഒരു മുയൽ. മറ്റേ അറ്റത്ത് മാളം. മുയലിനെ മാളത്തിൽ എത്തിക്കാൻ സഹായിക്കുക എന്നാണ് അഭ്യർത്ഥന.
വഴിതെറ്റിയാൽ ചെന്നുപെടുക വേട്ടക്കാരന്റെയോ സിംഹത്തിന്റെയോ മുന്നിലായിരിക്കും. അവൾക്ക് മുയലിനോട് സഹതാപം തോന്നി. അതിനെ രക്ഷപ്പെടുത്താതെ അടുത്ത പേജിലേക്കു പോകാൻ അവൾക്കായില്ല. നേർ രേഖകൾ സൃഷ്ടിക്കുന്ന കെണിയിലൂടെ വേണം അതിന് കടന്നു പോകേണ്ടത്. സഹായിക്കാൻ അവൾ തയ്യാറായി.
അവൾ പേന കയ്യിലെടുത്ത് മുയലിനു വഴികാട്ടാൻ തുടങ്ങി. മുയൽ തലയുയർത്തി സംശയഭാവത്തിൽ അവളെ ഒന്നു നോക്കി. മുഖഭാവം കണ്ടപ്പോൾ മുയലിന് സമാധാനമായി.
അത് അന്ന കാട്ടിയ വഴിയെ മെല്ലെ മുൻപോട്ട് നീങ്ങി.
അന്ന നിൽക്കുമ്പോൾ മുയലും നിൽക്കും. അങ്ങനെ അവർ രണ്ടുമൂന്നു വളവുകൾ പിന്നിട്ടു. ഇനി തിരിച്ചു പോകുന്നതും സൂക്ഷിച്ചു വേണം.
വഴിതെറ്റാൻ ഇടയുണ്ട്.
യാത്ര തുടങ്ങിയപ്പോൾ വെറും വരകളായി തോന്നിയത് ഇപ്പോൾ വലിയ മതിലുകൾ ആയി അവൾക്ക് അനുഭവപ്പെട്ടു. അന്ന മതിലിൽ തൊട്ടുനോക്കി. കനത്ത കോൺക്രീറ്റ് ഭിത്തിയാണ്. അവൾക്ക് മനസ്സിടിഞ്ഞു.
മുയലും അന്നയും പരസ്പരം നോക്കി. അവർ ഇപ്പോൾ ഒരേപോലെ നിസ്സഹായരാണ്. മുകളിൽ നിന്ന് തുറിച്ചു നോക്കുന്ന സൂര്യൻ അവരുടെ അവസ്ഥക കണ്ട് ചിരിച്ചു.
ഇപ്പോൾ തങ്ങൾ ചതുരത്തിന്റെ ഏതാണ്ട് നടുക്ക് എത്തിയിരിക്കും. അവയുടെ അനന്തത അന്നയെ ഭയപ്പെടുത്തി.
ചിലപ്പോൾ മാറിയുള്ള വാതിലുകൾ കാണാം. അവയും തുറക്കുന്നത് മറ്റൊരു ഇടനാഴിയിലേക്കും.
വഴിതെറ്റുമ്പോൾ അവരെ ഭയപ്പെടുത്തിക്കൊണ്ട് സിംഹത്തിന്റെ മുരൾച്ച കേൾക്കും.
അല്ലെങ്കിൽ വേട്ടക്കാരന്റെ കാലടിശബ്ദം. അയാളുടെ ഷൂസിനടിയിൽ ഞെരിയുന്ന ചരലിന്റെ മർമ്മരം.
അന്ന ഭിത്തിയിൽ ചാരിയിരുന്നു കരഞ്ഞു. മുയൽ അവളുടെ അടുത്തു ചെന്ന് ഒന്നു മണത്തു. എന്നിട്ട് പിൻകാലിൽ എഴുന്നേറ്റുനിന്ന് മീശ വിറപ്പിച്ചു. അത് എന്തോ ശ്രദ്ധിച്ചു.
പെട്ടെന്ന് ഭയന്ന മുയൽ അന്നയോട് ചേർന്നിരുന്നു കിതച്ചു. അവൾ അതിനെ ചേർത്തുപിടിച്ചു. അവരുടെ നേരെ ആരോ നടന്നടുക്കുന്നുണ്ടായിരുന്നു.
അയാൾ അവരുടെ അടുത്തുചെന്നു നിന്നു.
അന്ന ഭയത്തോടെ മുഖമുയർത്തി.
ഒരു അപരിചിതൻ. പക്ഷേ അയാളുടെ കണ്ണിൽ സ്നേഹത്തിന്റെ പ്രകാശമുണ്ട്. കുട്ടികളുടേത് മാത്രമായ കഴിവുകൊണ്ട് അന്ന അത് തിരിച്ചറിഞ്ഞു.
അവൾ കരഞ്ഞു.
സ്വപ്നരാമൻ നിലത്തു മുട്ടുകുത്തിയിരുന്നു. അയാൾ അവളുടെ മുഖം പിടിച്ചുയർത്തി. ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചു.
അയാൾ ഒരു കൈകൊണ്ട് മുയലിനെ എടുത്തുയർത്തി മൃദുവായി തലോടി.
അന്നയെയും കൂട്ടി അയാൾ നടന്നു.
ഒരു ശബ്ദം അവർ കേട്ടു. സ്വപ്നരാമൻ അവരെയും കൂട്ടി ഇരുണ്ട ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു. പട്ടാളക്കാരുടെ ഒരു കവചിതവാഹനം അവരെ കടന്നുപോയി. അതിന്റെ ശബ്ദം പൂർണമായും അകന്നശേഷം അവർ ഇരുട്ടിൽ നിന്ന് പുറത്തുവന്നു.
പെട്ടെന്ന് ആരൊക്കെയോ ഓടിവരുന്നത് അവർ കണ്ടു. അവർ എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് രണ്ടുപേർ അവരുടെ മുന്നിൽ ചാടിവീണു.
അവർ രണ്ടുപേരും വലതു കയ്യിൽ ഊരിയ വാളുകൾ പിടിച്ചിരുന്നു. ഒരാളുടെ കയ്യിൽ ഒരു തീപ്പന്തം എരിഞ്ഞു കത്തി.
'' പന്തത്തിന്റെ വെളിച്ചത്തിൽ അവരുടെ അർത്ഥനഗ്നമായ വെളുത്ത ഉടലുകൾ തിളങ്ങി. വാളുകളുടെ മൂർച്ച മരണത്തിളക്കം പൂണ്ടുനിന്നു.
മുയലും അന്നയും സ്വപ്നരാമനോട് ഒട്ടിനിന്നു, അയാളുടെ അവയവങ്ങൾ പോലെ.
അടുത്തനിമിഷം അവർ സ്വപ്നരാമന്റെ മേൽ ചാടിവീണു. ഒരാൾ സ്വപ്നരാമനെ പിടിച്ചപ്പോൾ അപരൻ അന്നയെ തൂക്കിയെടുത്തു. അയാൾ അവളെ അടിമുടി നോക്കിയിട്ട് നാവു നീട്ടി സ്വന്തം ചുണ്ടിൽ നക്കുന്നത് സ്വപ്നരാമൻ കണ്ടു.
അയാൾ ഒരു കാൽമുട്ട് കൊണ്ട് തന്നെ പിടിച്ചിരിക്കുന്നവൻ്റെ വയറ്റിൽ ആഞ്ഞിടിച്ചു. പിടി ഒന്നയഞ്ഞു.
അയാൾ വാളുയർത്തുമ്പോഴേക്കും സ്വപ്നരാമന്റെ കൈപ്പത്തി അവന്റെ മുഖത്ത് പതിച്ചുകഴിഞ്ഞിരുന്നു. അയാൾ വീണുപോയി.
അപ്പോഴേക്കും അന്നയെ പിടിച്ചിരിക്കുന്നവൻ അലറി. അയാൾ വാൾമുന അന്നയുടെ കഴുത്തിൽ ചേർത്തു പിടിച്ചു. സ്വപ്നരാമൻ പിടിച്ചുനിർത്തിയത് പോലെ നിശ്ചലനായി.
താഴെ വീണയാൾ കോപത്തോടെ എഴുന്നേറ്റു വന്നു. പെട്ടെന്ന് ഒരു മുരൾ ച്ചകേട്ട് എല്ലാവരും തിരിഞ്ഞുനോക്കി.
ഇരുട്ടിൽ രണ്ടു കണ്ണുകൾ തിളങ്ങുന്നത് അവർ കണ്ടു.
ഒന്നു നീല. ഒന്നു മഞ്ഞ.
എല്ലാവരും നടുങ്ങി. ബച്ചു ഒറ്റച്ചാട്ടത്തിന് അന്നയെ പിടിച്ചയാളുടെ കഴുത്തിന് പിടികൂടി. അയാൾക്ക് അനങ്ങാനുള്ള സമയം പോലും ലഭിച്ചില്ല.
' സ്വപ്നരാമൻ ഈ സമയം കൊണ്ട് അന്നയെ മാറ്റുകയും തന്റെ നേരെ ചാടിയ ഭടനെ നേരിടുകയും ചെയ്തു. പട്ടിയുടെ കടിയേറ്റയാൾ നിലത്തു കിടന്ന് പിടയുന്ന സമയം അത് മറ്റേ ഭടനെ ആക്രമിച്ചു.
അയാൾ പന്തം എടുത്ത് വീശി. പക്ഷേ നായ അയാളുടെ കൈത്തണ്ടയിൽ നിന്നും ഒരു കഷണം മാംസം കടിച്ചുപറിച്ചെടുത്തുകളഞ്ഞു.
അവർ ഒന്നിച്ച് നിലത്ത് കിടന്നുരുണ്ടു. നായക്കും കടിയേറ്റതായി സ്വപ്നരാമൻ കണ്ടു.
ഒരു ഭടന്റെ ചലനം നിലച്ചിരുന്നു. മുറിവേറ്റ ശരീരവുമായി അപരൻ നിലവിളിച്ചുകൊണ്ട് മറഞ്ഞു. കൂസലില്ലാതെ ബച്ചു മറ്റൊരു വഴിക്കും ഓടി മറഞ്ഞു.
അന്നയും മുയലും ജീവിതം കണ്ടു ഭയന്നു. സ്വപ്നരാമൻ അവരെ ആശ്വസിപ്പിച്ചു.
അണഞ്ഞു കൊണ്ടിരുന്ന പന്തം നിലത്ത് ഒന്നാളിക്കത്തി. അതിന്റെ വെളിച്ചം അന്നയുടെ മുഖത്ത് പേടിയുടെ നിറമുള്ള ചിത്രങ്ങൾ വരച്ചു.