advertisement
Skip to content

അവൻ കണ്ട സ്വപ്നത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ വെടിയുണ്ടയായിരുന്നു അത്. അതിപ്പോൾ ഒരു യാഥാർത്ഥ്യമായി അവനെ തേടിച്ചെന്നു. തൊക്കൻ വെടിയേറ്റ് താഴേക്ക് വീണു

രാ.പ്രസാദ്
അധ്യായം 22
രക്ഷപ്പെടൽ

സ്വപ്നരാമൻ ഉണർന്നു കിടന്നു. സ്വപ്നത്തിന്റെ ഓർമ്മ അയാളെ അസ്വസ്ഥനാക്കി.

ആകാശത്ത് ഉൽക്കകൾ പാഞ്ഞു നടക്കുന്നു.
ചീവീടുകൾ ഒച്ച വയ്ക്കുന്നില്ല. കൊതുകുകൾ പാട്ട് നിർത്തിയിരിക്കുന്നു.
അയാൾ മലർന്നു കിടന്ന് ആകാശത്തേക്ക് നോക്കി. കറുത്ത മച്ചിൻ പുറം. നക്ഷത്രമുത്തുകൾ!

അമ്പിളിക്കല ഒരു പല്ലിയെ പോലെ ആകാശത്തെ താങ്ങിനിർത്തിയിരിക്കുന്നു.
അങ്ങനെ കിടക്കവെ ഒരനക്കം കേട്ടു. അയാൾ ചെവിപ്പികൂർച്ചു. അനങ്ങാതെ ചുറ്റും നോക്കി.

തനിക്ക് ചുറ്റുമായി പാറയുടെ വശങ്ങളിൽ നിന്നും തോക്കിൻകുഴലുകൾ ഉയർന്നുവരുന്നത് അയാൾ കണ്ടു. അയാൾ ഞെട്ടി.

താൻ സ്വപ്നം കണ്ടത് അവർ അറിഞ്ഞിരിക്കണം. രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരു കുറ്റവാളിയായി സ്വപ്നരാമൻ മാറി.

ആലോചിക്കാൻ സമയമില്ല. തനിക്ക് ചുറ്റും പോലീസിന്റെ വലയം ചുരുങ്ങി ചുരുങ്ങി വരുന്നു. തന്നെ വെടിവെച്ച് കൊല്ലാനുള്ള അധികാരം അവർക്കുണ്ട്.

സ്വപ്നരാമൻ ഒറ്റക്കുതിപ്പിന് പാറയ്ക്കുള്ളിലേക്ക് മറഞ്ഞു.പാറ അയാളെ അതിന്റെ ഗർഭത്തിൽ ഒളിപ്പിച്ചു.

അന്വേഷണസംഘം ഗതിമുട്ടിനിന്നു. സ്വപ്നരാമൻ പാറയ്ക്കുള്ളിലേക്ക് മറിഞ്ഞിരിക്കാനുള്ള സാധ്യത അവർ അനുമാനിച്ചു.

പാറ പൊട്ടിക്കാനുള്ള തീരുമാനമായി. പാറയിൽ തമിരടിക്കാൻ ആരംഭിച്ചു. പാറത്തുളകളിൽ വെടിമരുന്നു നിറച്ച് അവർ തിരികത്തികൊളുത്തി.
തോക്ക് ചൂണ്ടി മാറി നിന്ന് കാത്തു.

നിമിഷങ്ങൾക്കകം പാറ ചിതറിത്തെറിച്ചു. വെടിമരുന്നിന്റെയും നോബൽ സമ്മാനത്തിന്റെയും ഗന്ധം പരന്നു. പക്ഷേ സ്വപ്നരാമനെ കണ്ടെത്തിതാനായില്ല. പാറയുടെ ഓരോ തരിയും പരിശോധിക്കപ്പെട്ടു. ഫലമുണ്ടായില്ല.

സ്വപ്നരാമൻ ഒരു ശലഭത്തിന്റെ രൂപത്തിൽ രക്ഷപ്പെട്ടിരുന്നു. തനിക്കു താഴെ ഭൂമിയിൽ പാറകൾ ഉടയുന്നതിന്റെ ശബ്ദം ഉയരുമ്പോൾ ശലഭം പറക്കുകയായിരുന്നു.
പറന്നുപറന്ന് ശലഭത്തിന് ചിറകുകൾ തളർന്നുതുടങ്ങി. തകർന്ന ചിറകുകൾ അത് കൂടുതൽ വേഗത്തിൽ ചലിപ്പിച്ചു. പക്ഷേ ശലഭം താഴേക്ക് വീണുകൊണ്ടിരുന്നു.

സ്വപ്നരാമന് കാരണം മനസ്സിലായി. ശലഭത്തിന്റെ ആയുസ്സ് ഒടുങ്ങാറായിരിക്കുന്നു. മരണത്തെ അതിജീവിക്കാനുള്ള വിഫലമായ ശ്രമമാണ് ഈ ചിറകടി. സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമം.

ശലഭത്തിന്റെ തത്വമറിഞ്ഞ് സ്വപ്നരാമൻ മണ്ണിൽ ഇറങ്ങി.
അയാളപ്പോൾ രൂപമാറ്റം വന്ന് ഒരു കുരുവിയായി മാറിയിരുന്നു.
തൊട്ടടുത്ത മരച്ചില്ലയിൽ ഒരോന്ത് തല കീഴായി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

സ്വപ്നരാമൻ എന്ന കുരുവി അതിനെ ശ്രദ്ധിച്ചു.
കാന്ത് ചുറ്റുപാടുകൾ നിരീക്ഷിക്കുകയാണ്.

അപ്പോൾ ഒരു ചെറിയ മൂളക്കം കേട്ടു. ഒരു ചെറിയ കരിവണ്ടാണ്. ഓന്ത് മനീഷിയുടെ ഭാവം വെടിഞ്ഞ് വണ്ടിനെ പിടികൂടി വിഴുങ്ങാനൊരുങ്ങി. തന്റെ മുഖത്തുനോക്കാതെ ഓന്ത് സംസാരിക്കുന്നത് സ്വപ്നരാമൻ കേട്ടു.

"കരിവണ്ടേ, കള്ളക്കുറുമ്പാ, നീയല്ലേ സ്വപ്നരാമൻ ?''
സ്വപ്നരാമൻ ഒന്ന് ഞെട്ടി.

കുരുവിയായ താനിവിടിരിക്കുമ്പോൾ നിരപരാധിയായ വണ്ട് ശിക്ഷ അനുഭവിക്കുന്നു.
കരിവണ്ട് നിഷേധിക്കുന്നത് അയാൾ കണ്ടു."അല്ല, അല്ല "
" നീ തന്നെ ധിക്കാരീ "

എന്ന് വിളിച്ചുകൊണ്ട് ഓന്ത് വണ്ടിനെ വിഴുങ്ങി. ഇതുകണ്ട് സ്വപ്നരാമൻ നീറി.
കുറ്റബോധം കൊണ്ട് അയാളുടെ ശിരസ്സ് താണു.

ഓന്തിന്റെ മുഖം പോലീസുകാരന്റെ മുഖംമൂടിയാണെന്ന് അയാൾ കണ്ടു. സ്വപ്നരാമൻ ഒരു വണ്ടിന്റെ രൂപമെടുത്ത് ഓന്തിന്റെ മുമ്പിലൂടെ വട്ടംചുറ്റി പറന്നു.

ഓന്ത് അയാളെ ഗൗനിച്ചില്ല. അത് കണ്ണടച്ചിരിപ്പാണ്. കുറച്ചുകഴിഞ്ഞ് ഒരു ശല്യക്കാരനോട് എന്നപോലെ ഓന്ത് ഇങ്ങനെ സംസാരിച്ചു:

"സ്വപ്നരാമാ, ഞങ്ങൾ പോലീസുകാർ അത്ര വിഡ്ഢികളല്ല. നിന്നെ ഞങ്ങൾ എപ്പോഴേ തിരിച്ചറിഞ്ഞതാണ്. നിന്റെ കഴിവ് കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നീ കരുതി. അല്ലേ ?"

സ്വപ്ന രാമൻ ചോദിച്ചു:
"എങ്കിൽ നീ എന്തുകൊണ്ട് എന്നെ പിടികൂടാതെ പാവം വണ്ടിനെയും പാറയെയും നശിപ്പിച്ചു ?"

ഓന്ത് പൊട്ടിച്ചിരിച്ചു.
" പാവം! എപ്പോൾ പിടിക്കണമെന്നും എങ്ങനെ വേണമെന്നുമൊക്കെ തീരുമാനിക്കുന്നത് ഞങ്ങളാണ്.. ഇതുപോലെ എത്രയെത്ര നിരപരാധികളിലൂടെയാണെന്നോ, ഞങ്ങൾ ഒരു പ്രതിയിൽ എത്തിച്ചേരുന്നത് ?"

" ഇതുകൊണ്ടുള്ള പ്രയോജനം എന്താണ് ?" സ്വപ്നരാമന് സങ്കടം തോന്നി.
''ഇങ്ങനെ മരിക്കുന്ന, ഭേദ്യം ചെയ്യപ്പെടുന്ന നിരപരാധികൾ നിന്റെ മേലുള്ള ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകും."

ഓന്ത് ചിരിച്ചു.
" കീഴടങ്ങുന്നത് വിധിയോടുള്ള ഒരു അവഹേളനമാണ്. അതുകൊണ്ട് നീ ഇപ്പോൾ വിശ്രമിക്കുക. രാവിലെ മുതൽ നമുക്ക് ഈ കള്ളനും പോലീസും കളി തുടരാം. നിന്നെക്കുറിച്ച് ഞങ്ങൾ മെനയുന്ന കഥ ജനങ്ങൾ അറിയുംവരെ! "

സ്വർണ്ണരാമൻ തളർന്നുപോയി. അയാൾ ഇളിഭ്യനായിരുന്നു, ദുഖിതനും.
പിന്നീടെപ്പോഴോ ഓന്ത് ഒരു സായുധ പോലീസിന്റെ കുപ്പായം അണിഞ്ഞു മറഞ്ഞു.
സ്വപ്നരാമനും രൂപം മാറി.

അയാൾ ആകാശത്തിലൂടെ പറന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു അരയന്നത്തിന്റെ രൂപത്തിലാണ് അയാൾ പൊയ്ക്കൊണ്ടിരുന്നത്. നീലാകാശത്തിനു താഴെ ഒരു വെളുത്ത മേഘത്തുണ്ടു പോലെ അരയന്നം നീങ്ങി.

താഴെനിന്ന ഒരു പട്ടാളക്കാരന്റെ കണ്ണിൽ ഈ വെളുത്ത മേഘത്തുണ്ട് പ്രത്യക്ഷമായി. അയാൾ ബൈനോകുലർ ഉപയോഗിച്ചു നോക്കി. അരയന്നത്തിന്റെ ഏകാന്തയാനം അവസാനിപ്പിക്കാൻ അയാൾ തയ്യാറെടുത്തു.

സ്വപ്ന രാമൻ താഴേക്കു നോക്കിയപ്പോൾ തോക്കിന്റെ വായ കണ്ടു. അയാൾ വിധിക്കു കീഴടങ്ങാൻ തയ്യാറെടുത്തു. തന്റെ നേരെ പാഞ്ഞു വരുന്ന വെടിയുണ്ടകണ്ട് അയാൾ കണ്ണടച്ചു. കണ്ണടച്ചുകൊണ്ട് പറന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. സ്വപ്നരാമൻ പറന്നുപോയി.

അയാൾ അത്ഭുതപ്പെട്ടു. ചീറി വന്ന വെടിയുണ്ടയ്ക്ക് എന്തുപറ്റി? ഒരുപക്ഷേ ആരെങ്കിലും അത് ഏറ്റുവാങ്ങിയിരിക്കുമോ ? അയാൾ വേദനിക്കുകയും ആശങ്കപ്പെടുകയും ചെയ്തു.

സ്വപ്നം കാണുന്നവരെ എന്തെല്ലാം അസ്വസ്ഥതകളാണ് പിന്തുടരുന്നത് ?
വെടിയുണ്ടയുടെ സത്യം അരയന്നത്തിന്റെ അറിവിനും അപ്പുറത്തായിരുന്നു.

അതേറ്റത് തെക്കൻ എന്ന കാക്കയുടെ ഉടലിലാണ്.
മുമ്പ് അവൻ കണ്ട സ്വപ്നത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ വെടിയുണ്ടായിരുന്നു അത്. അതിപ്പോൾ അതിരു മുറിച്ച് ഒരു യാഥാർത്ഥ്യമായി അവനെ തേടിച്ചെന്നു.

തെക്കൻ വെടിയേറ്റ മുറിവുമായി താഴേക്ക് വീണു.
അരയന്നം അഥവാ സ്വപ്നരാമൻ ഇതൊന്നുമറിയാതെ പറന്നു പോകുകയും ചെയ്തു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest