ബാലപാഠം
അന്ന അഥവാ അന്നപൂർണ്ണ എന്നു പേരുള്ള പത്തു വയസ്സുകാരി പെൺകുട്ടി അവളുടെ ഗൃഹപാഠങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു. ചരിത്രവും പൗരധർമ്മവും ആയിരുന്നു അവളുടെ അന്നത്തെ വിഷയം.
ചീട്ടുകൊട്ടാരത്തിലെ രാജാവിന്റെ ജീവിതമായിരുന്നു പാഠത്തിൽ വിവരിച്ചിരുന്നത്. ഓരോ ചോദ്യത്തിനും അധ്യാപകർ ഉത്തരം തയ്യാറാക്കി കൊടുത്തിരുന്നു.അന്ന അതു പകർത്തിത്തുടങ്ങി. ഓരോ ചോദ്യങ്ങളും അവയ്ക്ക് അന്ന എഴുതിയ (ശരിയായ) ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു.
ചോ: 1 . രാജാവ് രാവിലെ എഴുന്നേറ്റ് പുഞ്ചിരിച്ചത് എന്തുകൊണ്ടാണ് ?
ഉത്തരം: രാജാവിന്റെ കയ്യിൽ എപ്പോഴും ഒരു മദ്യചഷകം ഉണ്ടായിരിക്കും (ചക്ഷകം എന്നാണ് അന്ന എഴുതിയത്) . അത്എപ്പോഴും നിറഞ്ഞിരിക്കും.
താൻ ഉറങ്ങാൻ പോകുമ്പോൾ കയ്യിൽ പിടിച്ചിരുന്ന ചഷകം ഒട്ടും തുളുമ്പാതെ രാവിലെയും കയ്യിലിരിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ സംതൃപ്തി കൊണ്ടാണ് രാജാവ് ചിരിച്ചത്.
ചോ: 2 ചൂണ്ടയിടീൽ വിനോദം വിവരിക്കുക.
ഉത്തരം: കരുത്തരായ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുവന്ന് ഒരു കിണറ്റിൽ നിക്ഷേപിക്കും. കിണറ്റിൽ കഴുത്തൊപ്പം വെള്ളമുണ്ടാകും. അതിൽ നീന്തിത്തുടിച്ച് അവർ ഒന്നുരണ്ട് ദിവസം കിടക്കും. ഭക്ഷണം ഒന്നും കൊടുക്കാതെയാണ് ഇവരെ വെള്ളത്തിലിടുക. മൂന്നാം ദിവസം രാജാവ് ചൂണ്ടയിടാൻ എത്തും. ഇത് കാണാൻ ധാരാളം ജനങ്ങളും എത്തും. പൊരിച്ച ഒരിറച്ചിക്കഷണം ചൂണ്ടയിൽ കോർത്ത് കിണറ്റിലേക്ക് ഇറക്കും ഇത് നേടിയെടുക്കാനായി കിണറ്റിൽ കിടക്കുന്നവർ മത്സരിക്കും. വെള്ളത്തിന്റെ നിറം കടും ചുവപ്പ് ആകുന്നത് വരെ ഈ ചൂണ്ടയിടീൽ തുടരും.
ചോ: 3 രാജാവിന്റെ ദയാശീലത്തിന് ഉദാഹരണം എഴുതുക.
ഉത്തരം: ചൂണ്ടയിടീലിന്റെ അന്ത്യത്തിൽ ഇറച്ചിക്കഷണം യുവാക്കൾക്ക് തന്നെ ഇട്ടു കൊടുക്കുവാൻ രാജാവ് കൽപ്പിക്കും. മുൻകാലങ്ങളിൽ അങ്ങനെ ചെയ്യാറില്ലായിരുന്നു. ഇതിനെ ഇപ്പോഴത്തെ രാജാവിന്റെ ദയാവായ്പ്പിന്റെ ഉത്തമ ഉദാഹരണമായി വിശേഷിപ്പിക്കാറുണ്ട്.
ചോ: 4 ചാവുപുരിയിലെ ചില അമ്മമാർ ആൺകുട്ടികളെ സ്ത്രീ വേഷത്തിൽ വളർത്താൻ കാരണമെന്ത് ?
ഉത്തരം: രാജാവിന്റെ ഇഷ്ടഭോജനങ്ങളിൽ ഒന്ന് ആൺകുട്ടികളുടെ ലിംഗം പൊരിച്ചുണ്ടാക്കിയ ഒരു പ്രത്യേകവിഭവമായിരുന്നു. ഇതിനു വേണ്ടത്ര ലിംഗങ്ങൾ ശേഖരിക്കാനായി ഭടന്മാർ വീടുകളിൽ കയറിയിറങ്ങുന്ന പതിവുണ്ട്. അവരെ പേടിച്ച് കുട്ടികൾ കിളിക്കൂട്ടുകളിലും ചിതൽപ്പുറ്റുകളിലും മറ്റു ഒളിച്ചിരിക്കും. അവിടെയും ഭടന്മാരുടെ പരിശോധന തുടങ്ങിയപ്പോൾ അതിബുദ്ധിമതികളും നിയമനിഷേധികളും ആയ ചില അമ്മമാർ ആൺകുട്ടികളെ പെൺ വേഷം അണിയിച്ചു വളർത്തിത്തുടങ്ങി.
ചോ: 5 രാജ്യത്തെ ഏറ്റവും വലിയ ക്രിമിനൽ കുറ്റം ഏത് എന്ന് എഴുതുക.
ഉത്തരം: സ്വപ്നം കാണുക എന്നതാണ് ഏറ്റവും വലിയ ക്രിമിനൽ കുറ്റം.
ഇത്രയും എഴുതിയപ്പോഴേക്കും അന്ന തളർന്നു. കാണാതെ പഠിച്ച് എഴുതിയതാകയാൽ അവൾക്ക് ഏറെയും മനസ്സിലായിരുന്നില്ല. എങ്കിലും എന്തൊക്കെയോ ഭയങ്ങൾ ഉള്ളിൽ തോന്നുകയും ചെയ്തു.
സ്വപ്നം കാണരുതേ എന്ന് അവൾ പ്രാർത്ഥിച്ചു.
അന്ന ഒരു ചിത്രം വരയ്ക്കാൻ തീരുമാനിച്ചു. അവൾ കടലാസും ചായപെൻസലുകളും എടുത്ത് നിലത്തിരുന്നു. പിന്നെ കമിഴ്ന്നുകിടന്ന് അവൾ വരയ്ക്കാൻ തുടങ്ങി.
നീലനിറത്തിലുള്ള ആകാശമാണ് അവൾ ആദ്യം വരച്ചത്. അതിനു നടുവിൽ പച്ചനിറമുള്ള ഒരു വൃത്തം. അത് സൂര്യനായിരുന്നു. അവൾ സൂര്യനു ചുറ്റും രശ്മികൾ കുത്തിനിർത്തി.
പിന്നെ അവൾ തവിട്ടു നിറത്തിൽ തിരശ്ചീനമായ ഒരു രേഖ വരച്ചു. അത് ഭൂമിയായിരുന്നു. അവിടെ മരങ്ങൾ വളർന്നുവന്നു. തവിട്ടുനിറത്തിൽ തടിയും ശാഖകളുമുള്ള പച്ചിലകൾ നിറഞ്ഞ വൃക്ഷം.
പിന്നെ ഒരു വീടാണ് വരച്ചത്. അതിനു വാതിലുകൾ ഉണ്ടായിരുന്നില്ല. ഒരു ജനാല മാത്രം.
വീടിന്റെ മുറ്റത്ത് ചെടിച്ചട്ടികൾ നിരന്നു. അവയിൽ മഞ്ഞയും വയലറ്റും പിങ്കും നിറത്തിൽ പൂക്കൾ വിരിഞ്ഞു നിന്നു. മഞ്ഞച്ചിറകുകളും നീല ഉടലും ഉള്ള ശലഭങ്ങൾ പൂക്കളിലേക്കിറങ്ങിവന്നു.
ഇടയ്ക്കിടെ പെൻസിലിൻ്റെ മുന നാവിൽ തൊടുവിച്ച് അവൾ നിറങ്ങൾക്ക് ബലം നൽകി. അവളുടെ നാക്കിലും ചുണ്ടിലും നിറപ്പാടുകൾ വീണു.
താടിയിൽ ഒരു നീലവര. ചിലപ്പോൾ മുഖത്തേക്ക് വീഴുന്ന തലമുടി മാടിയൊതുക്കുന്നത് പെൻസിൽ പിടിച്ച കൈകൊണ്ടാകും. അപ്പോൾ മുഖത്ത് വീണ്ടും വരകൾ വീഴും.
അന്ന വര തുടർന്നു.വീടിനോളം വലിപ്പം ഉണ്ടായിരുന്നു ചെടിച്ചട്ടികൾക്ക്. വീടിനുമുകളിൽ ഒരു പക്ഷി ഇരുന്നു. കാക്കയായിരിക്കണം.
മരച്ചുവട്ടിൽ ഒരു മനുഷ്യൻ ഇരിക്കുന്നതാണ് തുടർന്നു വരച്ചത്.
കടും ചുവപ്പ് നിറമുള്ള ഒരു പട്ടി അയാൾക്ക് നേരെ നടക്കുന്നതും അവൾ വരച്ചു ചേർത്തു. പിന്നെ ആകാശത്ത് ചിറകില്ലാതെ പറക്കുന്ന പക്ഷികളെയും അവൾ വരച്ചുവച്ചു.
താൻ വരച്ച ചിത്രം ഭിത്തിയിൽ ഒട്ടിക്കാൻ വേണ്ടി മാറ്റിവെച്ചിട്ട് അന്ന അച്ഛനും അമ്മയും വരുന്നത് കാത്തിരുന്നു. അന്ന് വൈകിട്ട് പുതിയ ബാലമാസിക കൊണ്ടുവരാമെന്ന് അച്ഛൻ പറഞ്ഞിരുന്നു.