സ്വപ്നങ്ങളുടെ രാത്രി തുടരുന്നു.
ബച്ചുവിൻ്റെ സ്വപ്നം:
ബച്ചു ധാരാളം സ്വപ്നം കാണാറുള്ള കൂട്ടത്തിലാണ്. അവനെപ്പോലെതന്നെ ഉള്ള മറ്റേതോ നായ്ക്കളാണ് അവന്റെ സ്വപ്നത്തിൽ കടന്നുവരാറുള്ളത്.
അവ കുരയ്ക്കുകയോ വഴക്കു കൂട്ടുകയോ ചെയ്യാതെ അവനു ചുറ്റും നടന്നു മണം പിടിക്കും. എന്നിട്ട് മാറിക്കിടന്ന് അവനെ നിരീക്ഷിക്കും.
ഈ നോട്ടം ബച്ചുവിനെ കോപാകുലനാക്കും. അവറ്റയെ കടിച്ചുകീറാനുള്ള കോപമുണ്ടാകും.
പക്ഷേ ഇത് സ്വപ്നമാണെന്ന നിസ്സഹായത അവനെ തളർത്തും.
അന്നു കണ്ട സ്വപ്നം അല്പം വ്യത്യസ്തമായിരുന്നു.
ബച്ചുവിന്റെ മുന്നിൽ ഒരു മൊരിച്ച റൊട്ടിയിരിക്കുന്നു. അവനത് തിന്നാൻ ഒരുങ്ങവേ ഒരു തുമ്പി പറന്നു വന്ന് അതിന്മേലിരുന്നു. നീണ്ട വാലും സുതാര്യമായ ചിറകുകളും അവയിൽ നിറയെ ചോരനിറമുള്ള പിണയുന്ന ഞരമ്പുകളും ഉള്ള ഒരു തുമ്പി.
അതിന്റെ കണ്ണുകൾ ബച്ചുവിന്റെ മുഖത്തു തറച്ചു.
തുമ്പി ബച്ചുവിനോട് സംസാരിക്കുവാൻ തുടങ്ങി:
"നായേ,
നിനക്കില്ലാത്ത ഒരു കഴിവ് എനിക്കുണ്ട്, പറക്കാനുള്ള കഴിവ്. അതിന് കാരണം എന്താണെന്ന് നിനക്കറിയാമോ ?"
'അറിഞ്ഞുകൂടാ' എന്നവൻ ചെവിയാട്ടി കാണിച്ചു. അവന്റെ മുഖത്തടിച്ചതുപോലെയുള്ള മറുപടിയാണ് തുമ്പി കൊടുത്തത്.
"എനിക്കുമുണ്ട് ഒരു വാൽ. നിനക്കുള്ളതു പോലെത്തന്നെ. ഞാനത് ചുരുട്ടുകയും നിവർത്തുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷേ, നിന്നെപ്പോലെ ആരുടെയും മുന്നിൽ അത് ആട്ടാറില്ല."
ബച്ചുവിന്റെ അഭിമാനം വ്രണപ്പെട്ടു. അവൻ ചാടിയെഴുന്നേറ്റ് കുരച്ചു.
കുരച്ചുകൊണ്ടുതന്നെ അവൻ ഉണർന്നു.
സ്വപ്നം അവന്റെ മനസ്സിൽ ഒരു അപമാനമായി തങ്ങിക്കിടന്നു.
തൊക്കൻ കണ്ട സ്വപ്നം:
അപ്പോൾ തൊക്കൻ എന്ന കാക്ക മറ്റൊരു സ്വപ്നം കാണുകയായിരുന്നു.
തൊക്കൻ ആകാശത്തുകൂടെ പറന്നു പോകേ ഒരു വെടി ശബ്ദം കേട്ടു. താഴെ നിന്നാണ്.
ഭൂമിയിൽനിന്ന് ഒരു വെടിയുണ്ട മുകളിലേക്ക് പറന്നു വരുന്നത് അവൻ കണ്ടു.
കാക്കകളെ ആരും വെടിവെച്ച് കൊല്ലാറില്ല എന്ന്, അവന് ഒരു വിശ്വാസം ഉണ്ടായിരുന്നു.
ഇപ്പോൾ പക്ഷേ , എല്ലാറ്റിനെയും തിന്നുതീർത്ത മനുഷ്യൻ കാക്കകളുടെ മേലും കണ്ണുവെച്ചുതുടങ്ങിയിരിക്കുന്നു.
അവൻ വിചാരിച്ചു.
ഒടുങ്ങാത്ത കൊതിയുടെ ഇരയാകേണ്ടി വന്നതിൽ അവൻ ദുഃഖിച്ചു. പെട്ടെന്നുണ്ടായ ഒരു പ്രേരണയിൽ അവൻ ആ വെടിയുണ്ട കൊത്തിയെടുത്തു.
തനിക്ക് മുകളിൽ കൂടി അരയന്നങ്ങൾ പറന്നുപോകുന്നത് അവൻ കണ്ടു. ഇപ്പോൾ അവനെല്ലാം മനസ്സിലായി. ആരോ അരയന്നത്തെ വെടിവച്ചതാണ്.
താൻ അതിനെ രക്ഷിച്ചിരിക്കുന്നു.
വെടിയുണ്ട അവന്റെ ചുണ്ടിൽ തങ്ങിയിരിക്കുകയാണ്. അതിന് നല്ല ചൂടുണ്ടായിരുന്നു. അവന്റെ കൊക്ക് പൊള്ളി.
അപ്പോൾ താഴെ ഒരു ഞരക്കം കേട്ടു, ഒരു അടക്കിയ കരച്ചിലും.
അവൻ താഴേക്ക് ഇറങ്ങി. അവിടെ ഒരു വേട്ടക്കാരൻ നിലത്തുകിടന്ന് പിടയുന്നുണ്ടായിരുന്നു.
തോക്കിൻകുഴൽ തിരിഞ്ഞു വളഞ്ഞുചെന്ന് അയാളുടെ കഴുത്ത് മുറുക്കുകയായിരുന്നു. അയാൾ മരണവെപ്രാളം തുടർന്നു.
അയാൾ മരിച്ചുകഴിഞ്ഞ നിമിഷത്തിൽ സ്വപ്നം തീർന്ന് തൊക്കൻ ഉണർന്നു.
അവൻ രണ്ടുമൂന്നു പ്രാവശ്യം കണ്ണുകൾ അടച്ചുതുറന്നു.
അപ്പോഴും വെടിയൊച്ച അവന്റെ കാതിൽ നിന്നും വിട്ടകന്നിരുന്നില്ല.
സ്വപ്നത്തിൽ കണ്ട വെടിയുണ്ട, ഒരിക്കൽ നിദ്രയുടെ അതിർത്തികൾ കടന്ന് തനിക്കുനേരെ വരുമെന്ന് അവനപ്പോൾ അറിഞ്ഞില്ല.
അരുണ കണ്ട സ്വപ്നം:
മരിച്ചുപോയ അരുണയും ഒരു സ്വപ്നം കണ്ടു.
ഒരു സൂര്യകാന്തിപ്പാടത്തിലൂടെ, നിലംതൊടാതെ ഒഴുകിനീങ്ങുകയാണ് അവൾ. കുട്ടികളുടെ മുഖമുള്ള ആയിരക്കണക്കായ പൂക്കൾ അവളെ നോക്കി.
മരിച്ചവളാകയാൽ മാത്രം പൂക്കൾ അരുണയെ വണങ്ങി.
അപ്പോൾ അവൾ കണ്ടു.
ഓരോ പൂവും ഓരോ കണ്ണാണ്.
സ്വപ്നങ്ങളും ആകാശവും അവയിൽ ഉരുകിയൊലിക്കുന്നുണ്ട്.
അരുണ സ്വപ്നമായി അത്രയേറെ കണ്ണുകളിലേക്കും ഇറങ്ങിച്ചെന്നു.
അവൾ അതിലോരോന്നിലും മുലപ്പാലിറ്റിച്ചു. അപ്പോൾ ഉണ്ടായ ഗന്ധം, ആകാശത്തെയും മയക്കി.
സ്വപ്നമായി അരുണ ഒരുചെടിയെ വലംവച്ചു. ചെടിയുടെ വേരുകൾ അപ്പോഴും ഭൂമിയുടെ ഹൃദയത്തിൽ ആയിരുന്നിരുന്നു.