സ്വപ്നങ്ങളുടെരാത്രി
ആകാശം ഒരു മഴവില്ല് വിരിയിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ വിരിയും മുമ്പുതന്നെ അത് നുറുങ്ങിപ്പോവുകയാണ് ഉണ്ടായത്.
കവിത പോലെ, പഞ്ഞിതുണ്ടുകൾ പോലെ അത് താഴേക്ക് ചിതറി വീണുകൊണ്ടിരുന്നു.
പിന്നാലെ വന്ന രാത്രിക്കുമേൽ നക്ഷത്ര മുത്തുകൾ ആയി അത് പെയ്തു. നിദ്രകൾക്ക് മേൽ മഴയായി ഇറങ്ങിവന്നു.
നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം വരുന്ന സ്വപ്നങ്ങളുടെ രാത്രിയായിരുന്നു അന്ന്.
കാനുഭായ് ഒരു സ്വപ്നം കണ്ടത് ഇപ്രകാരമായിരുന്നു. രാജാക്കന്മാർ ഉപയോഗിക്കുന്നതുപോലെ ഭംഗിയുള്ള ഒരു രഥത്തിൽ അയാൾ സവാരി ചെയ്യുകയാണ്.
മരിച്ച ഇരുപതുമനുഷ്യരാണ് ആ രഥം വലിക്കുന്നത്.
അവർ നീങ്ങുന്ന തെരുവിലെമ്പാടും കുന്തിരിക്കമെരിയുന്ന ഗന്ധം നിറഞ്ഞുനിന്നു.
ആകാശത്തുനിന്നും തിളങ്ങുന്ന എന്തൊക്കെയോ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
നക്ഷത്രങ്ങൾ പോലെ അവ വഴിയിൽ കിടന്നു തിളങ്ങി.
അതെന്താണെന്ന് അറിയണം. അയാൾ രഥം നിർത്തുവാൻ കൽപ്പിച്ചു.
രഥത്തിൽ നിന്നിറങ്ങി നടന്നു. തെരുവിലെ തിളക്കങ്ങളിലേക്ക് അയാൾ കുനിഞ്ഞു നോക്കി. അതെന്താണെന്ന് പരിശോധിച്ചു.
ഒരു കുഞ്ഞു കണ്ണ് അയാളെ നോക്കി കിടന്നു. വിരൽ കൊണ്ട് അയാളതിൽ തൊട്ടു. ഒരു കുഞ്ഞുമുത്ത് അയാളുടെ വിരൽത്തുമ്പിൽ ഒട്ടിപ്പിടിച്ചു. പിന്നെ മണ്ണിലടർന്നു. അത്തരം മുത്തുകൾ തെരുവിലെമ്പാടും ചിതറിക്കിടക്കുന്നു. അയാൾ അവയെല്ലാം ശേഖരിക്കുവാൻ തുടങ്ങി.
അപ്പോഴേക്കും ഒരു ഹെലികോപ്റ്ററിന്റെ ഇരമ്പം അയാളെ ഉണർത്തി. വർഷങ്ങളായി താൻ ഒരു സ്വപ്നം കണ്ടിട്ട്! അതിനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലല്ലോ എന്നോർത്ത് അയാൾ സന്തോഷിച്ചു.
ഒരു പാറപ്പുറത്താണ് സ്വപ്നരാമൻ ഉറങ്ങിയത്. അയാൾ അതിന്റെ ഇളംചൂടാസ്വദിച്ചു കിടക്കുകയായിരുന്നു.
പാറയ്ക്കുള്ളിലെ ജലഹൃദയമിടിക്കുന്നത് അയാൾ കേൾക്കുകയും അനുഭവിക്കുകയും ചെയ്തു.
ഉള്ളിൽ പിടയ്ക്കുന്ന ഹൃദയമുള്ള ഒന്നിൽ ഉറങ്ങുക എത്ര മനോഹരമാണ്. അരുണയുടെ സ്നേഹത്തിന്റെ മേൽ ഉറങ്ങിയിട്ട് എത്രയോ വർഷങ്ങൾ കടന്നു പോയതായി അയാൾക്ക് തോന്നി.
സ്വപ്നരാമൻ പാറയുടെ വാത്സല്യത്തിൽ കിടന്നുറങ്ങി.
അപ്പോൾ സ്വപ്നത്തിന്റെ വേദിയിൽ തിരശ്ശീല ഉയർന്നു. പ്രേക്ഷകനെ പ്രധാന കഥാപാത്രം ആക്കികൊണ്ട് അത് ഇപ്രകാരം ആരംഭിച്ചു-
ഒരു വലിയ സ്റ്റേഡിയത്തിലാണ് സ്വപ്നരാമൻ എത്തിപ്പെട്ടത്. ഗ്യാലറി നിറഞ്ഞിരിക്കുന്ന മുഖമില്ലാത്ത മനുഷ്യർ. അവരുയർത്തുന്ന ആരവം.
പച്ചനിറത്തിൽ കൃത്രിമപരവതാനി വിരിച്ച ഗ്രൗണ്ടിൽ സ്വപ്നരാമൻ നിന്നു. ഫ്ലഡ്ലൈറ്റുകൾ കൺമിഴിച്ചു. അതിന്റെ തീക്ഷ്ണത കാരണം അയാൾക്ക് ഗാലറി കണ്ടുകൂടാ.
എന്നാൽ ആൾക്കാരുടെ ശബ്ദം കേൾക്കാം. ഒരു കടലിരമ്പം പോലെ.
തിരമാലകളായി അത് ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് സഞ്ചരിച്ചു.
സ്വപ്നരാമൻ ഒറ്റയ്ക്ക് ഗ്രൗണ്ടിൽ നിന്നു. മുന്നിൽ ഒരു പന്ത്.
കൂടെ കളിക്കേണ്ടവരെയോ എതിർ ടീമിനെയോ കാണുന്നില്ല.
പെട്ടെന്ന് അയാൾ ഒരു വെടിശബ്ദം കേട്ടു. കാൽപാദത്തിനടുത്തിരുന്ന പന്ത് പൊട്ടിത്തകർന്നു.
സ്റ്റേഡിയത്തിലെ ജനം ഒന്നടങ്കം ഗ്രൗണ്ടിലേക്ക് ഇറങ്ങുകയാണ്. ജനക്കൂട്ടത്തിനു മുന്നിൽ താൻ ഒറ്റയ്ക്ക്! അയാൾ ഭയന്ന് വിറച്ചു. ആൾക്കാർ ഭ്രാന്തുപിടിച്ചതുപോലെ അലറിയടുക്കുന്നു.
ഒരു നിമിഷം ഞെട്ടലോടെ അയാൾ മനസ്സിലാക്കി, താൻ പൂർണനഗ്നനാണ്.
ലജ്ജ കൊണ്ട് ഭൂമിയോളം താണുപോകുന്നതുപോലെ.
ജനത്തിന്റെ ആക്രമണത്വര കണ്ട് അയാൾ ഭയന്നോടി. എവിടേയ്ക്കോടാനാണ് ?
അവർ അയാളെ വളഞ്ഞു. അവർ തന്നെ പിടിച്ചു,പിടിച്ചില്ല എന്നായപ്പോൾ സ്വപ്നരാമൻ വിയർത്തുണർന്നു.
സ്വപ്നരാമൻ പാറയിൽ കമിഴ്ന്നു കിടന്നുകിതച്ചു.
വളരെ നാളുകൾക്കു ശേഷം അയാളുടെ ചുണ്ടുകൾ ഉരുവിട്ടു: 'അമ്മേ' എന്ന്.
സ്വപ്നത്തിന്റെ അവക്ഷിപ്തങ്ങൾ അയാളുടെ കൺകോണുകളിൽ പറ്റിപ്പിടിച്ചിരുന്നു. അയാളത് വിരലുകൊണ്ട് തിരുമ്മിയകറ്റി.