പുക
തൊക്കൻ ആകാവുന്നിടത്തോളം ഉയരത്തിൽ പറന്നു. അതിവേഗം മാനത്ത് വട്ടം കറങ്ങിക്കൊണ്ട് അവൻ ഭൂമിയിലേക്ക് നോക്കി.
ഭൂമി താഴെ ഒരു ഗ്രാമഫോൺ റിക്കോർഡ് പോലെ കറങ്ങി.
അവൻ അതിവേഗത്തിൽ താഴേക്ക് ഇറങ്ങി. അവന്റെ പ്രിയപ്പെട്ട ആകാശം ഇന്ന് അപരിചിതമായിരിക്കുന്നു. എങ്ങും കനത്ത പുക. ആകാശത്തിന്റെ തെളിമയെ അത് ആക്രമിച്ചിരിക്കുന്നു. സങ്കടം തോന്നി.
പുക കൊണ്ട് അവന്റെ കണ്ണുനീറി. കണ്ണിൽ വെള്ളം പൊടിഞ്ഞു. നെഞ്ചിലെ ചെറിയ ശ്വാസകോശങ്ങൾ വെമ്പി.
തൊക്കൻ പറന്നു നിലത്തിറങ്ങി.
അവിടെ ഒരു കൽമണ്ഡപം ഉണ്ടായിരുന്നു.
ഒരു വൃദ്ധൻ ഉറങ്ങുന്നു വൃദ്ധന്റെ നെഞ്ച് ഉയർന്നുതാഴ്ന്നു. നാസികയിലൂടെ ഒരു ശബ്ദവും കേൾക്കാം. അയാളുടെ അടുത്ത് ഒരു നായ ചരിഞ്ഞു കിടന്ന് ഉറങ്ങുന്നു.
തൊക്കൻ ഒന്നു ഞെട്ടി. നായ ഉറങ്ങുകയല്ല. ഉറങ്ങുന്ന ഭാവമഭിനയിച്ച് ഒരു കണ്ണുകൊണ്ട് തന്നെ നോക്കുകയാണ്.
അവൻ ചിറകൊരുക്കി ഏതുനിമിഷവും പറക്കാൻ പാകത്തിൽ നിന്ന് ശ്രദ്ധിച്ചു. അപ്പോൾ അവന് അത്ഭുതമേറി.
സത്യമായും നായ ഉറക്കത്തിലാണ്. കൂർക്കം വലി കേട്ടാൽ തെക്കന്തിരിച്ചറിയാം. പക്ഷെ തുറന്നിരിക്കുന്ന ഒരു കണ്ണ് ലോകത്തെ നിരീക്ഷിക്കുകയുമാണ്.
എന്തെല്ലാം അത്ഭുതങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തൊക്കൻ തല ചെരിച്ച് നോക്കി.
ഈ നഗരത്തിൽ ഇപ്പോൾ അത്ഭുതങ്ങളേ ഉള്ളൂ. കുറച്ചുദിവസം മുമ്പുവരെ ആഹാരത്തിന് എന്തൊരു പഞ്ഞമായിരുന്നു. മനുഷ്യർ എന്നാൽ ആഹാരം പൂഴ്ത്തിവെക്കുന്ന ഉറുമ്പുകളെ പോലെയാണ് എന്നാണ് കാക്കകൾ കരുതിയിരുന്നത്.
എത്ര കാത്തിരുന്നാലാണ് എന്തെങ്കിലും കഴിക്കാൻ കിട്ടുക! മനുഷ്യന്റെയോ ജന്തുക്കളുടെയോ ആകട്ടെ, മൃതദേഹങ്ങൾ പോലും അവർ കാക്കകൾക്ക് കൊടുക്കാറില്ലായിരുന്നു.
കാക്കകൾക്കിടയിൽ വഴക്കുകൾ കുറവായിരുന്നു. കറുത്തുമിനുത്ത തൂവലുകൾ ഉള്ള കരുണിക്കു വേണ്ടി ഒരിക്കൽ തൊക്കൻ വഴക്കു കൂടിയിട്ടുണ്ട്, മറ്റൊരു ആൺകാക്കയുമായി. അവസാനം കരുണിയെ താൻ നേടിയപ്പോൾ എതിരാളി അതംഗീകരിച്ചു. തുടർന്ന് അവൻ തന്റെ സുഹൃത്തായി.
കരുണിയെ ഓർത്തപ്പോൾ അവന് ഒരു വേദനയുണ്ടായി. അറിയാതെ തൻ്റെതന്നെ ചിറകിലേക്ക് ഒന്ന് നോക്കുകയും ചെയ്തു.
ഇപ്പോൾ നഗരമെമ്പാടും ആഹാരം ചിതറിക്കിടക്കുകയാണ്. ചീഞ്ഞതും ചീയാത്തതുമായ ഭക്ഷണസാധനങ്ങൾ. കൂടാതെ മനുഷ്യന്റെയും മൃഗങ്ങളുടെയും ശവങ്ങൾ. മനുഷ്യൻ ഒളിച്ചുവച്ചതെല്ലാം തെരുവിൽ ധാരാളിത്തത്തോടെ കിടക്കുന്നു.
പക്ഷേ കാക്കകൾക്ക് മടുത്തു. അപഹരണമോ തട്ടിയെടുക്കലോ അല്ലാതെ വെറുതെ കയ്യിൽ എത്തുന്നവ സംതൃപ്തി നൽകിയില്ല.
ഇതേ മണ്ഡപത്തിൽ ജനം കൂടിയിരുന്നു ഭജിക്കുമായിരുന്ന അവസരത്തിൽ തൊക്കൻ ഇവിടെ വന്നിട്ടുണ്ട്. ഭജിക്കുന്നവർ കാക്കകൾക്കൊന്നും കൊടുത്തിരുന്നില്ല. എങ്കിലും ഭജന കഴിയുമ്പോൾ അവിടെ മലരും മധുരവും അവശേഷിക്കു. തൊക്കൻ അതുകൊത്തിത്തിന്നും. അപ്പോൾ അവിടെ എങ്ങും ചന്ദനത്തിരി കത്തുന്ന ഗന്ധം ഉണ്ടായിരുന്നതായും അവൻ ഓർത്തു.
ചന്ദനത്തിരിക്ക് മരണവീട്ടിലെ ഗന്ധമാണ്.
മരണവീട്ടിൽ കാക്കകൾക്ക് പരിഗണനയുണ്ട്. അത് പക്ഷേ വല്ലപ്പോഴും മാത്രം.
മരണവീട്ടിൽ കാക്കകൾ എത്തും. മരക്കൊമ്പിൽ സ്ഥാനം പിടിക്കും. അധികം പേരുണ്ടാവാൻ പാടില്ല. ആര്‍ത്തി കാണിക്കാനും പാടില്ല. കാക്കകൾ ഈ നിയമങ്ങൾ അച്ചടക്കത്തോടെ പാലിച്ചു പോന്നു.
ഇലയിൽ ബലിച്ചോറ് ഉരുട്ടി വെച്ചിട്ട് കൈകൊട്ടി വിളിക്കും. അപ്പോൾ ചെന്ന് ഭക്ഷിക്കാം. മനുഷ്യർ തങ്ങളെ അപ്പോൾ ഓടിക്കാറില്ല. പകരം ആദരവോടെ നോക്കും. മനുഷ്യൻ തങ്ങളുടെ ആരെല്ലാമോ ആണെന്ന് കാക്കകൾക്ക് തോന്നുന്നത് അപ്പോൾ മാത്രമാണ്. മനുഷ്യർക്കും മരണത്തിനും ഇടയിൽ കാക്കയ്ക്ക് എന്താണ് സ്ഥാനം ? അവൻ ചിന്തിക്കാറുണ്ട്.
തൊക്കനറിയില്ല. ഇവിടെ ഇപ്പോൾ മരണം മാത്രമേയുള്ളൂ. മനുഷ്യന് മരണത്തോടുള്ള ആദരവ് നഷ്ടപ്പെട്ടിരിക്കുന്നു. പകൽ മുഴുവൻ തിരക്കിയിട്ട് ജീവനുള്ള ഒരു മനുഷ്യനെ മാത്രമേ അവൻ കണ്ടുള്ളൂ. അതീ വയസനാണ്. അതുകൊണ്ടുതന്നെ അവരെ വിട്ടു പോകാൻ അവന് തോന്നിയില്ല.
അവൻ മണ്ഡപത്തിന്റെ മുകളിൽ പറഞ്ഞിരുന്നു. കാത്തിരിക്കുക തന്നെ. അവർ ഉണരട്ടെ.
നീലക്കണ്ണുള്ള പട്ടിയുടെ രഹസ്യം അവനു പിടികിട്ടിയില്ല.
അങ്ങനെയിരിക്കുമ്പോൾ ദൂരെ ഒരു പാട്ട് കേട്ടു. ഒരു പെൺകുട്ടിയുടെ ശബ്ദത്തിലുള്ള പാട്ട്. മധുരമായ സ്വരം. ഉറങ്ങിക്കിടന്ന നായയും വൃദ്ധനും വേഗം ഉറക്കമുണർന്നു.
വൃദ്ധനും നായയും കാതോർത്തു. പാട്ടിന്റെ അലകൾ അവരിൽ എവിടെയൊക്കെയോ തൊടുന്നുണ്ട് .
തൊക്കനൊന്നു കരഞ്ഞു:
'കാ'
അവർ തൊക്കനെ നോക്കി. ആ നോട്ടത്തിൽ വിദ്വേഷമില്ല. തൊക്കൻ ആശ്വസിച്ചു. പുതിയൊരു ജീവിയെ പരിചയപ്പെട്ട ആശ്വാസമാണ് അവരുടെ മുഖത്ത്. അവർ ചങ്ങാതിമായതു പോലെ.
മൂന്നുപേരും പാട്ടിന്റെ ഉത്ഭവം തേടി പുറപ്പെട്ടു. തൊക്കൻ പറന്നു നീങ്ങി. വൃദ്ധനും ബച്ചുവും നടന്നു.
തൊക്കൻ പറക്കുന്നതിനിടയ്ക്ക് മേൽക്കൂരകളിലിരുന്ന് കൂട്ടുകാർ വരാൻ കാത്തു.
വൃദ്ധന്റെ സാവകാശത്തോട് സഹകരിച്ചാണ് നായയും കാക്കയും സഞ്ചരിച്ചത്.
ഇടയ്ക്ക് 'കാ' എന്ന് വിളിച്ച് കാക്ക വൃദ്ധനെ പ്രോത്സാഹിപ്പിച്ചു.
അവർ പാട്ടിന്റെ ഉത്ഭവസ്ഥാനത്ത് ചെന്നെത്തി.
ഒഴിഞ്ഞൊരു വീട്ടുമുറ്റം. വെയിലിൽ ഇരുന്ന് തിളങ്ങുന്ന ഒരു വെള്ളിത്തളിക. ഒരു പെൺകുട്ടിയുടെ ശിരസ്സ് കഴുത്തുവച്ച് മുറിക്കപ്പെട്ട നിലയിൽ തളികയിൽ ഇരിക്കുന്നുണ്ട്. കഴുത്തിന് താഴെ തളികയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നു.
സുന്ദരമായ ആ മുഖത്തു നിന്നാണ് ശബ്ദം വരുന്നത്. അവൾ തുറന്നു പിടിച്ച കണ്ണുകൾ കൊണ്ട് സന്ദർശകരെ കാണുന്നുണ്ടാകണം. അവർ മൂവരും ആ പാട്ട് കേട്ട് നിന്നു.
മുറിഞ്ഞ ശിരസ് പാടിയത് ഇപ്രകാരമാണ്:
" ഉറങ്ങുന്ന കാന്തയെ ചിന്തിക്കാതെ,
പനിക്കുന്ന ഉണ്ണിയെ തലോടാതെ
ഉറങ്ങാത്ത മനസ്സുമായി
ഉറങ്ങുന്ന ലോകത്തിലേക്ക്
നടന്നുപോയത് എന്തിനാണ് ?
മന്ത്രം ശരണമറ്റവന്റെ നാവിലെ
കയ്പായി
സംഘം, കൂട്ടം പിരിഞ്ഞവന്റെ
മരണത്തിന് വഴികാട്ടിയായി
ധമ്മം മറഞ്ഞിരിക്കുന്ന
കാമക്കണ്ണുകൾക്കിരയായി"
പെൺകുട്ടിയുടെ സുന്ദരമായ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. . ചുണ്ടുകൾ വിറച്ചും കാണപ്പെട്ടു. നെറ്റിയിലെ ചുരുൾമുടിത്തുമ്പുകൾ വിയർപ്പിൽ ഒട്ടിപ്പിടിച്ചു.
കവിളിൽ ഇളവെയിൽ തട്ടി വാടിയ കലകൾ. അതുപോലും മനോഹരമായിരുന്നു. അവൾ പാട്ട് തുടർന്നു:
'' ആര്യാവർത്തത്തിലെ
പകലുകളെ കടുംനിറം
കയ്ക്കുന്നു.
സ്വർണത്തിന്റെ
നാണയ ഹുങ്കുകളേ
ചിരി നിർത്തുക.
വേദം പഠിച്ച വിപ്രൻ്റെ നാവ്
പിഴപിഴയ്ക്കുക.
മണ്ണുതിന്ന് മരിച്ചവരേ
ഇങ്ങു വരിക.... "
ശിരസ് പാട്ട് തുടരുമ്പോൾ കാനുഭായി ആത്മഗതം ചെയ്തു:
' അരുണേയും ദാനുവിനെയും
ഉപേക്ഷിച്ചോ, മറ്റെന്തോ അന്വേഷിച്ചോ സ്വപ്നരാമൻ പോയതെങ്ങോട്ടാണ് ?'
ചോദ്യം കേട്ട് പെൺകുട്ടിയുടെ പാട്ട് നിന്നു. അവൾ ഒന്ന് ഞെട്ടിയെന്ന് തോന്നി. അവളുടെ കണ്ണുകളടഞ്ഞു. കവിളിലെ രക്തത്തുടിപ്പ് മാഞ്ഞു. ജീവൻ ആശിരസിനെ വിട്ടകന്നു.
വെയിൽ തട്ടി അവളുടെ മൂക്കുത്തിക്കല്ല് തിളങ്ങി. ആ തിളക്കം തൊക്കൻ്റെ കണ്ണിൽ കൊത്തി.
തൊക്കൻ പറന്നു.അവന്റെ ചിറകിൽ നിന്നും വീണ കാറ്റ് വൃദ്ധന്റെ ശിരസ്സിൽ തട്ടി.