advertisement
Skip to content

ചോരത്തുള്ളികൾ അച്ഛന്റെ മുഖത്ത് വീഴുന്നത് കാനു കണ്ടു. ഓരോന്നും ഓരോ ഉപ്പൻ കണ്ണു പോലെ. പിന്നെ അനേകം ഉപ്പൻകണ്ണുകൾ അച്ഛന്റെ ദേഹമെമ്പാടും മിഴിച്ചു.

രാ.പ്രസാദ്
അദ്ധ്യായം 17
കാനു

ചേച്ചി കാനുവിനെ കുളിപ്പിച്ചു. അവൻറെ ദേഹം തുടച്ച് അലക്കിയ ധോത്തി ഉടുപ്പിച്ചു.

എന്നിട്ട് അവന്റെ കവിളത്ത് ഒരുമ്മയും നൽകി.

ചേച്ചിയുടെ ഉമ്മയ്ക്ക് ഉള്ളിയുടെ മണമായിരുന്നു.

ഇത്രയും ചെയ്തിട്ട് അവൾ മുറിയുടെ മൂലയിൽ പോയി തളർന്നു കിടന്നു.o അവളെ നോക്കി കാനു നിന്നു.

അവന് ചേച്ചിയെ ഇഷ്ടമാണ്. ചേച്ചി പാവാടച്ചരട് അഴിച്ച് ഒന്നുകൂടി മുറുക്കിയുടുത്തിട്ട് നെടുവീർപ്പിട്ട് കിടക്കുന്നത് കാനു കണ്ടു.

അടുക്കളയിൽ അമ്മ അനുജത്തിയെ ശാസിക്കുകയാണ്. അവൾ വിശന്നു കരയുകയാണ്.

കൊതിച്ചിയാണ് അവൾ. അമ്മ എപ്പോഴും പറയും.

അമ്മ കാനുവിനെ വിളിച്ചു.

കാനു അടുക്കളയിലേക്ക് ഓടിച്ചെന്നു.

അമ്മ അവനെ നെയ്ച്ചോറൂട്ടി. അനുജത്തി വാതിൽനപ്പുറം വന്നുനിന്ന് കൊതിയോടെ അവനെ നോക്കി. അവളുടെ കണ്ണിൽ കണ്ണീരും കൊതിയും നിറഞ്ഞിരിക്കുന്നു. അമ്മ അവളെ ഓടിച്ചുവിട്ടു. അവൾ ഏങ്ങലടിച്ചു കൊണ്ട് പാഞ്ഞു.

അമ്മയോട് പറഞ്ഞു:
" വേഗം വളരണം, ബേട്ടാ "

അന്ന് വാതിൽ മറഞ്ഞുനിന്ന് അവൻറെ റൊട്ടിയിലേക്ക് കൊതിയോടെ നോക്കിയ അനുജത്തിയെ അവൻ ശ്രദ്ധിച്ചില്ല. പക്ഷേ ഇന്ന് അറുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ആ നോട്ടം തന്നെ തേടി വരുന്നത് അയാൾ വിറയലോടെ കാണുന്നുണ്ട്.

അനുജത്തി അധികനാൾ ജീവിച്ചിരുന്നില്ല. ഒരു ദിവസം വീടിന്റെ മൂലയിൽ അവളുടെ, എല്ലുന്തിയ ദേഹം ജീവനില്ലാതെ കിടന്നു. മരണത്തിലും അവളുടെ കൊതിപിടിച്ച കണ്ണുകൾ തുറിച്ചിരുന്നു.

അമ്മ അവളെ തൊഴിച്ചു കൊന്നതാണെന്ന് ഒരു ദിവസം അയൽപക്കത്തെ തള്ള, അമ്മയുമായി വഴക്കിടുന്നതിനിടയ്ക്ക് തെറികൾക്കൊപ്പം വിളിച്ചു പറഞ്ഞത് അവൻ കേട്ടിരുന്നു.

അത് കേട്ടപ്പോൾ അമ്മ വഴക്കു നിർത്തി കരഞ്ഞുകൊണ്ടും അവരെ ശപിച്ചുകൊണ്ടും മുറിക്കകത്തേക്ക് ഓടിപ്പോവുകയും അകത്ത് ചെന്ന് കമഴ്ന്ന് കിടന്ന് കരയുകയും ചെയ്തു.

ചേച്ചിയെ കാണാതായ ദിവസവും അവന് ഓർമ്മ വന്നു.

ആ ദിവസങ്ങളിൽ അവന് സങ്കടമായിരുന്നു.

"ചേച്ചി എവിടെയാണ്?"
അവൻ അമ്മയോട് ചോദിച്ചു.

അമ്മയൊന്നും പറഞ്ഞില്ല. പകരം പലഹാരങ്ങൾ നൽകി അവനെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പലഹാരത്തിന്റെ മധുരം നാവിൽ നിന്ന് മായുമ്പോൾ അവൻ വീണ്ടും ചേച്ചിയെക്കുറിച്ച് ഓർത്തു.

ആ ദിവസങ്ങളിൽ വീട്ടിൽ മൂന്നുനേരവും സമൃദ്ധമായ ഭക്ഷണമുണ്ടായിരുന്നു. അമ്മ മുന്തിയ വസ്ത്രങ്ങളും കൈമുട്ട് വരെ വളകളും ധരിച്ചു നടന്നു. അമ്മയുടെ സാരിയിലെ ചെറിയ കണ്ണാടികൾക്കുള്ളിൽ ഇരുന്ന് കാനു ചിരിച്ചു.

അച്ഛൻ നാലുകാലിൽ നടക്കുകയും നാക്കു കുഴഞ്ഞ് എന്തൊക്കെയോ പുലമ്പുകയും ചിലപ്പോൾ പാട്ടുപാടുകയും ഒക്കെ ചെയ്തു. കൈകൾ നിലത്തു കുത്തി നിന്ന് ശർദ്ദിക്കുന്ന അച്ഛനെ കാനു നോക്കിനിന്നു. നാലു കാലിൽ നിന്ന് കുരയ്ക്കുന്ന ഒരു നായയെയാണ് അവനപ്പോൾ ഓർമ്മവന്നത്.

അച്ഛൻ സ്നേഹത്തോടെ അവനെ വിളിച്ചു. അയാൾ സന്തോഷം പ്രകടിപ്പിക്കാൻ ചില ചീത്ത വാക്കുകൾ പറഞ്ഞു. കാനുവിന് അച്ഛനെ ഭയമായിരുന്നു.

അപ്പോൾ അവരുടെ നായ വന്ന് അച്ഛൻറെ ഛർദിയിൽ നക്കുന്നത് അവൻ കണ്ടു.
ആ നായയുടെ അന്ത്യം അവന് ഇന്നും ഓർമ്മയുണ്ട്.

അച്ഛൻ അതിനെ തല്ലിത്തല്ലി കൊല്ലുകയായിരുന്നു. അതിന്റെ കരച്ചിൽ ഇപ്പോഴും അയാൾ ഓർക്കുന്നുണ്ട്.

അതിനെ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.
അതിന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല.

അത് ശ്രമിച്ചുമില്ല. വലിയൊരു വടികൊണ്ട് അച്ഛൻ അതിനെ ആഞ്ഞടിക്കുന്നത് കാനു വാതിലിന്റെ മറവിൽ നിന്ന് കണ്ടു.

അടികൊണ്ട് നായ ദയനീയമായി മോങ്ങി. അതൊരിക്കലും ദേഷ്യപ്പെട്ടില്ല.
വടി ഉയർന്നു താണുകൊണ്ടേയിരുന്നു.
ഓരോ അടിക്കും നായ ഞരങ്ങി.

അത് ആവർത്തിച്ചുകൊണ്ടിരിക്കെ മുറിപ്പാടുകളിൽ നിന്നും ചോര തെറിക്കാൻ തുടങ്ങി.
ചോരത്തുള്ളികൾ അച്ഛന്റെ മുഖത്ത് വീഴുന്നത് കാനു കണ്ടു. ഓരോന്നും ഓരോ ഉപ്പൻ കണ്ണു പോലെ.

പിന്നെ അനേകം ഉപ്പൻ കണ്ണുകൾ അച്ഛന്റെ ദേഹമെമ്പാടും മിഴിച്ചുനിന്നു.

അമ്മ പുരയ്ക്കകത്ത് സാധാരണ ജോലികളിൽ മുഴുകിയിരുന്നു. അമ്മയ്ക്ക് പട്ടിയോട് വെറുപ്പായിരുന്നു. ഒരു കോഴിയെ കൊന്നതായിരുന്നു അത് ചെയ്ത കുറ്റം.

പട്ടി കോഴിയെ കൊല്ലുന്നത് കാനു കണ്ടതാണ്. അവനത് തടയാമായിരുന്നു. അമ്മയോട് പറയുകയെങ്കിലും ചെയ്യാമായിരുന്നു.

പക്ഷേ, അവൻ അനങ്ങിയില്ല. കോഴിയുടെ മരണപ്പിടച്ചിൽ കണ്ടാസ്വദിക്കുന്നതായിരുന്നു അവനിഷ്ടം.

കോഴി പിടയുന്നത് കണ്ടപ്പോൾ എവിടെയൊക്കെയോ പൊട്ടിത്തരിക്കുന്നതായി അവനു തോന്നി. കോഴിയുടെ ചലനം നിലയ്ക്കുന്ന നിമിഷമാണ് ഏറ്റവും പ്രധാനം. അപ്പോൾ അവൻ ആനന്ദമൂർച്ഛയിൽ എത്തിയിരുന്നു.

അച്ഛൻ പട്ടിയെ തല്ലിക്കൊല്ലുന്ന കാഴ്ച അവനെ മെല്ലെ രസിപ്പിക്കാൻ തുടങ്ങി. മരണവും പിടച്ചിലും ഏറെ ദീർഘിച്ചതായിരുന്നു അതിന് കാരണം.

പട്ടിയെ അവ നിഷ്ടമായിരുന്നെങ്കിലും അതിന്റെ മരണം കാണുന്നതായിരുന്നു അവനേറെ ഇഷ്ടം.

മരിക്കുന്ന പട്ടി എതിർക്കുക പോലും ചെയ്യാതെ അച്ഛനെ നോക്കി വാലാട്ടിക്കൊണ്ടിരുന്നു. പട്ടിയുടെ അവസാനത്തെ നോട്ടവും കരച്ചിലും വന്നത് കാനുവിൻ്റെ നേർക്കാണ്.

ആ നോട്ടം കാനുഭായ് ഇന്നും കണ്ടു. ബച്ചുവിന്റെ കണ്ണിലെ ഇരുൾ ഗുഹയിൽ നിന്നും.
പത്തുവയസ്സുള്ളപ്പോഴാണ് അവൻ ആദ്യം അപകടമരണം കണ്ടത്.

മരത്തിൽ നിന്നും വീണ് ചോരയിൽ കുളിച്ച് കിടക്കുന്ന ചെല്ല. മരത്തിന്റെ കൊമ്പ് വെട്ടിയിറക്കാൻ കയറിയതായിരുന്നു ചെല്ല.

പിടിവിട്ടുപോയി. അന്ന് അവന് നിർവൃതിയുണ്ടായി. കൂടുതൽ മരണങ്ങൾ കാണാൻ അവൻ കൊതിച്ചു.

സ്വാഭാവിക മരണങ്ങൾ അല്ല അപകടമരണങ്ങൾ. അതായിരുന്നു അവനിഷ്ടം.

അസ്തമയത്തിന്റെ സ്വാഭാവിക ഭംഗികൾ അല്ല, മരണത്തിന്റെ വികൃത ചിത്രങ്ങൾ.
അവസാനം അത് കണ്ടെത്തിയത് ഇവിടെയാണ്. ഈ നഗരത്തിൽ.

മരണം മരണം
കൊല കൊല
ശവം ശവം
രക്തം രക്തം

കണ്ണിൽ ഒക്കെയും ഒഴുകിനിറഞ്ഞു കവിഞ്ഞു.
ഈ നഗരം ലോകത്തിന് കാഴ്ചവച്ച കാണിക്ക.
ഒടുവിൽ അയാൾക്ക് മടുത്തു. ഉള്ളിൽ എന്തൊക്കെ തികട്ടി വന്നു.
ഒന്ന് ശർദ്ദിക്കാൻ അയാൾ ആഗ്രഹിച്ചു. കഴിഞ്ഞില്ല.

ആഴ്ചതോറും കോശിയുടെ വൈദ്യശാലയിൽ നിന്നും അഭയാദിമോദകം വാങ്ങിക്കഴിച്ച് വയറിളക്കുന്ന പതിവുണ്ടായിരുന്നു അയാൾക്ക്.

ഓരോ തവണയും വിരേചനം നടത്തുമ്പോൾ അനുജത്തിയും ചേച്ചിയും കോഴിയും പട്ടിയും ചെല്ലയും അച്ഛനും അമ്മയും എല്ലാം ദഹിച്ചൊഴുകിപ്പോകുമെന്ന് അയാൾ പ്രതീക്ഷിച്ചു.

താൽക്കാലികമായ ഒരു ആശ്വാസം മാത്രമേ അതിൽനിന്ന് കിട്ടിയിരുന്നുള്ളൂ.
ഒരാഴ്ചയാകുംമുമ്പ് വീണ്ടും സ്മരണകൾ അയാൾക്കുള്ളിൽ ഇരച്ചു പൊന്തും.
വീണ്ടും അയാൾ കമ്പിച്ച ഉദരവുമായി കോശിയുടെ വൈദ്യശാലയിൽ എത്തും.
ഈ പതിവ് വർഷങ്ങളായി തുടരുന്നു.

ഒരിക്കൽ അയാൾക്ക് ശാന്തി ലഭിച്ചിരുന്നു. അത് സ്വപ്നരാമന്റെ പാട്ടുകേട്ട ദിവസമാണ്.
നിലാവുള്ള ഒരു രാത്രിയായിരുന്നു അത്. പാട്ട് കേട്ട് അയാൾ ഉറക്കമുണർന്നു.
ഒരു കടത്തിണ്ണയിലായിരുന്നു അയാൾ കിടന്നിരുന്നത്. പാട്ട് അയാളെ വല്ലാത്ത ഒരാകർഷണത്തിൽ പെടുത്തി.

അയാൾ പാട്ടുകേട്ട ഇടത്തേക്ക് നടന്നു. കുറേ നടന്നപ്പോൾ ഒരു മറച്ചുവട്ടിൽ ഇരുന്ന് സ്വയം മറന്നു പാടുന്ന സ്വപ്നരാമനെ അയാൾ കണ്ടു.

അയാൾ ആ കാഴ്ച നോക്കി ഒരേ നിൽപ്പ് നിന്നു.
അയാളുടെ കൺമുന്നിൽ പാട്ടുവളർന്ന് ചില്ലകൾ പടർത്തി. അതിനു താളം എന്നോണം ചിറകടികൾ ഉയർന്നു.

ധാരാളം പക്ഷികൾ വന്നെത്തിത്തുടങ്ങി. അവ മരച്ചില്ലകളിൽ ഇരിപ്പുറപ്പിച്ചു.
അതുകണ്ട് കാനുഭായ് അമ്പരന്നു. രാത്രിയിൽ ഇത്രയധികം പക്ഷികളോ ?
അതെ!

പ്രാവുകൾ ,കാക്കകൾ, മാടത്തകൾ, തത്തകൾ, കുരുവികൾ, സൂചീമുഖി, തുന്നാരൻ കിളികൾ, എരണ്ടകൾ. അരയന്നങ്ങൾ, കൊറ്റികൾ, പൊന്മാൻ തുടങ്ങി അനേകമനേകം പക്ഷികൾ.

അവ മരക്കൊമ്പുകളിൽ ഇരിപ്പുറപ്പിച്ചു. ചിലവ ആകാശത്ത് ചുറ്റിതിരിഞ്ഞു. അവ ശബ്ദിച്ചതേയില്ല.

സ്വപ്നരാമന്റെ ശബ്ദം മാത്രം ഒരു തെന്നൽ പോലെ ചുറ്റിപ്പറന്നു.
പാട്ടുകേട്ടിരുന്ന് കാനുഭായി എപ്പഴോ ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ പകലായിരുന്നു.
ഒന്നും ഉണ്ടായിരുന്നില്ല. അയാൾ കണ്ണു തിരുമ്മി നോക്കി.
ഇളംവെയിലും ഉണക്കമരവും അയാളും മാത്രം. കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന് അയാൾ വിചാരിച്ചു.

പക്ഷേ, അവിടെല്ലാം കൊഴിഞ്ഞു വീണു കിടന്ന അസംഖ്യം തൂവലുകൾ അയാളെ കുഴപ്പിച്ചു.ഇവ എങ്ങിനെ വന്നു ? തന്നിലെ നിറഞ്ഞ ശാന്തി എങ്ങിനെ സത്യമായി ?
രാത്രിയിൽ കണ്ടതൊന്നും സ്വപ്നമല്ലായിരുന്നു എന്ന് അയാൾ അറിഞ്ഞു.
വർദ്ധക്യമേശാത്ത ഓർമ്മകളുമായി അയാൾ നടന്നു.

ഇടയ്ക്ക് ഒന്നു തിരിഞ്ഞുനോക്കി.
മഞ്ഞയും നീലയും കണ്ണുകൾ പിന്നാലെയുണ്ട്.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest