ചികിത്സ
ബച്ചു വേദനകൊണ്ട് പുളയുകയായിരുന്നു.
അവൻ നിലയ്ക്കാതെ ഓടിക്കൊണ്ടിരുന്നു.
വൃദ്ധനെ കണ്ടെത്തുകയായിരുന്നു അവൻ്റെ ലക്ഷ്യം. അവൻ നാക്ക് നീട്ടിയും ഇടയ്ക്കൊന്നു നിന്ന് കിതപ്പാറ്റിയും യാത്ര തുടർന്നു.
ഇടയ്ക്ക് മുൻകാൽ ഉയർത്തി കണ്ണിൽ തൊട്ടു നോക്കുകയും തടവുകയും ദയനീയമായി കരയുകയും ചെയ്തു.
അവൻ ഓടി. പിന്നെയും ഓടി.
കുറച്ചു ദിവസങ്ങളായി വേദനയുടെ കാഠിന്യം ഏറി വരികയാണ്. തലച്ചോറിൽ പ്രാണികൾ തിമിർക്കുന്നതുപോലെ.
കണ്ണിലാണ് കുഴപ്പം. ലോകത്തിലെ വേദനകൾ മുഴുവൻ അവിടെ കേന്ദ്രീകരിച്ചിരിക്കുന്നതു പോലെ ഒരു അനുഭവം.
ഉറുമ്പുകളുടെ രൂപത്തിൽ അതുതന്നെ കാർന്നു തിന്നുകയാണ്.
ഒരിക്കൽ വൃദ്ധൻ അത് വൃത്തിയാക്കി മുത്തുകൊണ്ട് അടച്ച ശേഷം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ വീണ്ടും!
അവൻ തന്റെ ചികിത്സകനെ തിരക്കി ഓടിനടന്നു. മണം പിടിച്ച് വഴി കണ്ടുപിടിക്കാൻ നോക്കി.
പഴയ റൊട്ടിയുടെയും വാർദ്ധക്യത്തിന്റെയും ഗന്ധം അനുഭവപ്പെട്ട ദിക്കിലേക്കാണ് അവനന്നു പോയത്.
അവൻ അയാളെ കണ്ടു പിടിച്ചു.പ്രതീക്ഷയുടെ ഒരു ശബ്ദം അവൻ പുറപ്പെടുവിച്ചു. അതൊരു കുരയായിരുന്നില്ല.
വൃദ്ധൻ അവനെ കണ്ടു.
ഒരു കൽമണ്ഡപത്തിലെ തണലിലിരുന്ന് റൊട്ടി തിന്നുകയായിരുന്നു അയാൾ.
അവൻ റൊട്ടി കൊതിച്ചെത്തിയതാണെന്ന് അയാൾ ആദ്യം വിചാരിച്ചു. ഒരു കഷ്ണം പൊട്ടിച്ചെടുത്ത് അവൻ്റെ മുന്നിലേക്ക് എറിഞ്ഞു. അവൻ അത് നോക്കിയത് പോലുമില്ല. പകരം, ഒന്ന് കരഞ്ഞു.
അവന്റെ സ്വരത്തിലെ വേദന അയാൾ തിരിച്ചറിഞ്ഞു. സാവധാനം ബച്ചുവിൻ്റെ അടുത്ത് ചെന്ന് അവന്റെ മുഖം പരിശോധിച്ചു.
ബച്ചു സ്നേഹത്തോടെ അയാളോട് ചേർന്നുനിന്നു. ശക്തിയായി വാലാട്ടി.
വെള്ളെഴുത്തിൻ്റെ ദൂരത്തിനപ്പുറം വൃദ്ധൻ കണ്ടു.
വീണ്ടും ഉറുമ്പുകൾ! അവ അവന്റെ കണ്ണിൽ നിറഞ്ഞിരിക്കുന്നു.
മുത്തിന്റെ ദ്വാരത്തിലൂടെ കടന്നുകൂടിയതായിരിക്കും.
കണ്ണ് മുത്തു കൊണ്ടടയ്ക്കുമ്പോൾ ദ്വാരത്തിന്റെ കാര്യം ഓർത്തില്ല. അയാൾ തൻ്റെ അശ്രദ്ധയെ മനസ്സിൽ പഴിച്ചു.
വൃദ്ധൻ മുത്ത് അടർത്തിയെടുത്തു. ബച്ചു ഒന്നു പിടഞ്ഞു.
ഉറുമ്പുകൾ അയാളുടെ വിരലിൽ കടിച്ചു. അയാൾ അത് ഗൗനിച്ചില്ല.
'പഴുപ്പുണ്ടെന്ന് തോന്നുന്നു' അയാൾ മനസിൽ പറഞ്ഞു.
അയാൾ സഞ്ചിയിൽ നിന്നും കുറച്ച് ഉപ്പുപരലുകൾ പുറത്തെടുത്തു. ഒരു കുപ്പിയിലെ വെള്ളം അല്പം ഒരു കപ്പിലേക്ക് പകർന്നു. എന്നിട്ട് ഉപ്പ് അതിൽ ചേർത്തു. അത് കലക്കിയിട്ട്, തെളിഞ്ഞ ശേഷം അവന്റെ കണ്ണിലേക്ക് ഒഴിച്ചു.
തല ആഞ്ഞു കുടയാനുള്ള പ്രേരണ സ്വയമടക്കി അവൻ അച്ചടക്കത്തോടെ നിന്നു.
വൃദ്ധൻ ശുദ്ധീകരണം ആവർത്തിച്ചു.
ഉപ്പുവെള്ളം കടലിന്റെ കരുത്തുമായി രോഗത്തോട് പൊരുതി. ഉറുമ്പുകളുടെ ലോകത്തോടും.
അവസാനം വൃദ്ധൻ ഉറപ്പുവരുത്തി. എറുമ്പുപറ്റം ഒതുങ്ങിയിരിക്കുന്നു. അയാൾ സംതൃപ്തിയോടെ ഒന്നു മൂളി.
വെളളം കൊണ്ട് കഴുകി, തുടച്ചു വൃത്തിയാക്കിയ മുത്തു കൊണ്ട് അയാൾ ബച്ചുവിന്റെ കണ്ണ് വീണ്ടും അടച്ചു.
ഇത്തവണ ഒരു പഴുതുപോലും അവശേഷിച്ചിട്ടില്ല എന്ന് അയാൾ ഉറപ്പുവരുത്തി.
വൃദ്ധനോ ബച്ചുവോ അറിയാത്ത, നേരുവിൻ്റെയും നിമിയുടെയും വംശം അങ്ങിനെ അവസാനിച്ചു.
ബച്ചു നന്ദിപൂർവ്വം അയാളെ നോക്കി.അയാളുടെ കയ്യിൽ നക്കി.
വൃദ്ധൻ അവന്റെ ശിരസ്സിൽ തലോടി. അയാൾ പറഞ്ഞു:
"ആഹാരമാകുക എന്നാൽ മരിക്കുക എന്നാണർത്ഥം. ആർക്കും ആഹാരമാകാതെയിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.അതിനായി ഓടിക്കൊണ്ടിരിക്കുക. അതേ ചെയ്യാനുള്ളു."
വല്ലാത്ത ഒരു ചിരിയോടെയാണ് അയാളത് പിറുപിറുത്തത്.
അയാൾ ഭാണ്ഡം മുറുക്കി എണീറ്റു. അത് തോളിലിട്ടു.
വടിയും നിലത്ത് കുത്തി അയാൾ നടന്നു തുടങ്ങി.എന്തൊക്കെയോ ഓർമ്മകളിലൂടെ..