കുലം
ബച്ചുവിന്റെ കണ്ണിനുള്ളിൽ താമസമാക്കിയതിനുശേഷം നേരു വല്ലപ്പോഴും മാത്രം പുറത്തിറങ്ങി.
ഒരിക്കൽ മുത്തുവാതിൽ തുറന്നു പുറത്തിറങ്ങിയ അവൻ ഉറങ്ങിക്കിടന്ന ബച്ചുവിന്റെ ശിരസ്സിനു മുകളിലേക്ക് നടന്നു കയറി. മിനുത്ത രോമങ്ങൾ നിറഞ്ഞ കഴുത്തിലൂടെ അവൻ തലകീഴായി കുനിഞ്ഞിറങ്ങി.
അങ്ങനെ നടക്കവെ, രോമക്കാടുകൾക്കിടയിൽ ഒരനക്കം അവൻ കണ്ടു. നേരു അനങ്ങാതെ നിന്ന് ശ്രദ്ധിച്ചു. ആ ചലനം അവന്റെ നേരെ മുന്നിലായി അവസാനിച്ചു.
അതൊരു പെണ്ണുറുമ്പ് ആയിരുന്നു.
അവർ പരസ്പരം പരിചയപ്പെട്ടു. അവളുടെ പേര് നിമി എന്നായിരുന്നു.
ഏതോ ഉണക്കമരത്തിൻ്റെ കമ്പിൽനിന്ന് വീണതാണ്. അങ്ങിനെ ബച്ചുവിൻ്റെ ദേഹത്തിലെത്തിപ്പെട്ടു.
നേരുവിന് അവളെ ഇഷ്ടമായി. അവൻ നിമിയെയും കൂട്ടി തന്റെ താവളത്തിലേക്ക് മടങ്ങി.
അവർ മുത്തുപ്പാതയിലൂടെ വീട്ടിനകത്ത് പ്രവേശിച്ചു.
അവൾക്ക് എല്ലാം വിസ്മയമായിരുന്നു. ഒറ്റയായ ഉറുമ്പിന് കൂടുണ്ടോ ഇല്ലയോ എന്നൊന്നും അവൾ ഇതുവരെ ആലോചിച്ചിട്ടേ ഇല്ലായിരുന്നു'
നേരു അവളുടെ വിചാരങ്ങളെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു. അവർ അവിടെ ഓടി നടന്നുല്ലസിച്ചു.
സ്വന്തം സ്വകാര്യങ്ങൾ പറഞ്ഞു രസിച്ചു.
ഏകാന്തത അവസാനിക്കുകയായിരുന്നു. അവളെ കണ്ടിരുന്നപ്പോൾ ജീവിതം ആഹ്ലാദകരമാണെന്ന് അവന് തോന്നി.
അവർ ഒന്നിച്ച് ജീവിതം ആരംഭിച്ചു.
താമസിയാതെ അവർക്ക് നാല് കുട്ടികൾ ഉണ്ടായി. ച, ല, ഗ, വ എന്നിങ്ങനെ പേരുകൾ ഇട്ട് നേരു അവരെ വളർത്തി.
അവർ മുത്തുവാതിൽ കടന്ന് പുറത്തുപോകാതെ അവരെപ്പോഴും ശ്രദ്ധിച്ചു പോന്നു , ഒരിക്കൽ പുറത്തു പോകേണ്ടവരാണ് അവരെന്ന് അറിയാമായിരുന്നെങ്കിലും.
ദിവസങ്ങൾക്കകം ഉറുമ്പുകൾ ജനിച്ചും വളർന്നും പെരുകി. എണ്ണമറ്റ ഉറുമ്പുകൾ ഗുഹയ്ക്കുള്ളിൽ തിക്കിത്തിരക്കി.
ഒരു നിമിഷത്തിൽ നിമി മരിച്ചു.
കുട്ടികൾ അവളുടെ മൃതദേഹം വഹിച്ചുകൊണ്ടുവരുന്നത് വരണ്ട കണ്ണുകളുമായി നേരു കണ്ടുനിന്നു .
ആചാരപ്രകാരം അവർ ഒന്നിച്ച് നിമിയുടെ ശരീരം ഭക്ഷിച്ചു. നേരു അകന്ന് മാറി എല്ലാം കണ്ടു നിന്നു.
അവൻ നിമിയെ ഓർത്ത് വേദനിച്ചു.
വംശത്തിന്റെ പെരുപ്പം അവനെ ആശങ്കാകുലനാക്കി. തങ്ങളുടെ ഭൂമികയെ നാശം കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. അവൻ ഭയന്നു.
താനും നിമിയും മാത്രമുള്ളപ്പോൾ ആഹാരം സമൃദ്ധമായി ഉണ്ടായിരുന്നു.
ബച്ചുവിൻ്റെ കണ്ണിലാണ് നിലനില്പ് എന്ന് ഓരോ നിമിഷവും ഓർത്തിരുന്നു. അതവരെ ബച്ചു എന്ന ലോകത്തോട് ബന്ധിപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ പഴുപ്പ് ബാധിച്ച കോശങ്ങൾ മാത്രമേ തങ്ങൾ ഭക്ഷിച്ചിരുന്നുള്ളൂ. അത് ബച്ചുവിന് ദോഷകരമല്ലല്ലോ.
ഇന്ന് കുട്ടികളിലൂടെ കുലം വളർന്നു.
ആഹാരപദാർത്ഥത്തിനുള്ളിലെ താമസം അവരെ അലസരും അഹങ്കാരികളുമാക്കിത്തീർത്തു.
ആരോഗ്യമുള്ള കോശങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല. ഇത് നേരുവിനെ അസ്വസ്ഥനാക്കി. ഇടയ്ക്ക് അവനിൽ ഒരു ഭയവും വളർന്നു തുടങ്ങി.
ബച്ചു ഇടയ്ക്കിടെ ഞരങ്ങാറുണ്ടായിരുന്നു. അത് കണ്ണിലെ വേദന കൊണ്ടാകാം എന്ന് നേരു മനസിലാക്കി. അതായത് ഏതു നിമിഷവും ഒരു തിരിച്ചടി ഉണ്ടായേക്കാം.
ഉറുമ്പുകൾ നേരുവിനെ വകവയ്ക്കാറില്ല. ചിലപ്പോൾ അവനെ ദേഷ്യത്തോടെ നോക്കാനും പരിഹസിക്കാനും മടിച്ചില്ല. അവരിൽ ചിലരുടെ നോട്ടത്തിൽ അവൻ അതു കണ്ടു , ആർത്തി. താൻ ഏതു നിമിഷവും ഇവരുടെ ഭക്ഷണമായേക്കാം എന്നവന് തോന്നി.
നേരു എന്തൊക്കെയോ ആലോചിച്ചു. ഇവിടെ എന്തും സംഭവിക്കാം. അവൻ പോകാൻ തീരുമാനിച്ചു.
ഉറുമ്പുകൾ ഉറങ്ങിക്കിടന്ന ഒരു നിമിഷത്തിൽ അവൻ മുത്തുവാതിലിനെ സമീപിച്ചു. അത് കറക്കി തുറന്നു.
പുറത്തിറങ്ങും മുമ്പ് ,താനും നിമിയും ജീവിച്ച ഇടം അവനൊന്നു നോക്കി.
മനസിൽ പറഞ്ഞു:
"വിട! ഏവർക്കും "
പിന്നെ മുത്തിൻ്റെ തുരങ്കത്തിലൂടെ അവൻ ലോകത്തിൻ്റെ വെട്ടം കണ്ടു. ആ വാതിലിലൂടെ പുറത്തിറങ്ങി അവൻ മെല്ലെ നടന്നു. നടന്നകന്നു.
പെരുത്ത രോമങ്ങളുടെ ഉയരം കുറഞ്ഞു കുറഞ്ഞു വന്നു. അവൻ നടന്ന് മൃദുലമായ ഒരു സ്ഥലത്ത് എത്തി. അവിടെ കറുത്ത നിറമായിരുന്നു.
അത് ബച്ചുവിന്റെ നാസികാഗ്രമായിരുന്നു.
മൂക്കിന്റെ രോമത്തിനു നേരെ എത്തി അവൻ നിന്നു. ഇതിനപ്പുറമാണ് താൻ നിമിയെ കണ്ടുമുട്ടിയ സ്ഥലം. എല്ലാം കഴിഞ്ഞ കഥകൾ.
അവൻ ബച്ചുവിന്റെ മൂക്കിനുള്ളിൽ കയറിയിരുന്നു.
പതിയെ ചലിച്ചു.
ബച്ചുവിന് മൂക്കുചൊറിഞ്ഞു.
അവൻ ശക്തിയായി മൂക്കു ചീറ്റി!
നേരുവിന്റെ കണക്കുകൂട്ടൽ പിഴച്ചില്ല. ബച്ചുവിന്റെ നിശ്വാസത്തിന്റെ ശക്തിയിൽ അവൻ താഴേക്ക് പറന്നു. പറന്നിറങ്ങി ഭൂമിയെ തൊട്ടു.
അവനു മുകളിൽ ആകാശത്തിലൂടെ ബച്ചു എന്ന ലോകം അകന്നുപോയി.
നേരു ബച്ചുവിനെ മറന്നു. നിമിയെ മറന്നു. കുലത്തെ മറന്നു. പിന്നെ നേരു തന്നെ ഒരു മറവിയായി.