advertisement
Skip to content

'" പൂച്ചയുടെയോ, വികൃതിയായ ഒരു കുട്ടിയുടെയോ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒരു ഗൗളി വാൽമുറിക്കും പോലെ, ഇരതേടിയിറങ്ങുന്ന കാലത്തിൽ നിന്നും രക്ഷപെട്ടോടുകയാണു നമ്മൾ."

അദ്ധ്യായം 14
കറുത്ത ബുദ്ധൻ

രാത്രി.

ഇരുട്ട് നിറഞ്ഞൊഴുകുന്ന പുഴയുടെ കരയിൽ സ്വപ്നരാമൻ ഇരുന്നു.

പുഴ.

അതിൻ്റെ സ്മരണകളിലൂടെ ധാരാളം ജലം ഒഴുകിപ്പോയി.

ജലത്തിലൂടെ കാലവും കാലത്തിലൂടെ ചരിത്രവും ചരിത്രത്തിലൂടെ ചോരയും ഒഴുകിക്കൊണ്ടിരുന്നു. അനാദിയും അനന്തവുമായ വേദനകളുടെ പുഴ.

ഇപ്പോൾ അതിൽ ഇരുട്ടു മാത്രം ബാക്കിയായി.

ഇരുട്ടിന് എന്തൊക്കെയോ ഗന്ധം.

സ്വപ്നരാമൻ അത് ശ്വസിച്ചു. ചോരയുടെ ഗന്ധം.

അയാളുടെ കൈകളിൽ നനവ് അനുഭവപ്പെട്ടു. അയാൾ നോക്കി.

തനിക്കരുകിൽ പുഴയിലേക്ക് ഒലിച്ചിറങ്ങുന്ന നനവ്.

അയാൾ കൈകൾ പരിശോധിച്ചു. ഇരുട്ടിലും ചോരയുടെ നിറം അയാൾ തിരിച്ചറിഞ്ഞു.

ചോരയുടെ മണവും.


അയാൾ ചോരച്ചാലിന്റെ ഉത്ഭവം തേടി നടന്നു. ഒരു മിന്നാമിനുങ്ങ് എവിടെനിന്നോ വന്നു.

അത് അയാൾക്ക് വഴികാട്ടിയായി കൂട്ടത്തിൽ കൂടി. വെളിച്ചത്തിന്റെ മുത്തുകൾ എണ്ണിയറിഞ്ഞുകൊണ്ട് അത് അയാൾക്കു മീതെ പറന്നു.

അല്പം നടന്നപ്പോൾ ഒരു പഗോഡയുടെ വെളുപ്പ് അയാളുടെ കണ്ണിൽപ്പെട്ടു.

മിന്നാമിനുങ്ങ് അങ്ങോട്ടു പറക്കുകയാണ്.

അവിടെ ഒരു കൈ നഷ്ടപ്പെട്ട ബുദ്ധൻ ഇരിക്കുകയാണ്. ധ്യാനസ്ഥൻ്റെ കറുത്ത രൂപത്തിനു മുന്നിൽ സ്വപ്നരാമൻ നിന്നു.

ബുദ്ധൻ്റെ അനാഥമായ ഇടത്തെ തോളിൽ നിന്നും രക്തം ഉത്ഭവിക്കുന്നത് അയാൾ കണ്ടു. അത് പഗോഡയ്ക്കും അപ്പുറത്തേക്ക് ഒഴുകിയിറങ്ങുന്നതും കണ്ടു..

മിന്നാമിനുങ്ങ് പഗോഡയുടെ മേൽക്കൂരയിലൊട്ടി. നിമിഷങ്ങളെ പോലെ പൊലിയുന്ന തീത്തരികൾ ഭിത്തിയിൽ പതിച്ചുകൊണ്ട് അത് പരതി നടന്നു
സ്വപ്നരാമൻ ബുദ്ധന്റെ ചോര തുടയ്ക്കാൻ ഒരുങ്ങി.

പുഞ്ചിരിയോടെ ബുദ്ധൻ പറഞ്ഞു:

" വേണ്ട സ്വപ്നരാമാ, തടയേണ്ട. ഞാൻ വാർന്നൊലിക്കട്ടെ. ഇനിയുമിനിയും."
" പക്ഷേ വേദന "
സ്വപ്നരാമൻ ശങ്കിച്ചു.|

ബുദ്ധൻറെ സ്വരം ഇരുട്ടിൽ തിളങ്ങി:

" മുറിവുകൾ ചിലപ്പോൾ നല്ലതാണ്. ഓരോ മുറിവിലും

ജീവനുള്ള ഓരോ കണ്ണുണ്ട്.
ഈ കണ്ണിലൂടെയാണ് നാം അന്യന്റെ വേദന കാണുന്നത്.
അവനെ അറിയുന്നത്. "

ബുദ്ധന്റെ ചോര സുതാര്യമായി ഇരുട്ടിലും
വായുവിലും അലിഞ്ഞുകൊണ്ടിരുന്നു.
സ്വപ്നരാമൻ നിലത്തിരുന്നു.

ബുദ്ധൻ തുടർന്നു:

" നോക്കൂ സ്വപ്നരാമാ. പുറത്ത് മഴ പെയ്യുകയാണ്."
സ്വപ്നരാമൻ നോക്കി.

തോരാമഴ നനഞ്ഞ് രാത്രി പുഷ്പിക്കുന്നത് അയാൾ കണ്ടു.

" പെയ്യുന്നത് മഴയല്ല, സ്വപ്നരാമാ.
വേദനകളാണ്. വെറും വേദനകൾ.
ചോരത്തുള്ളികൾ.
മുറിഞ്ഞുവീഴുന്ന അവയവങ്ങൾ. പക്ഷികൾ, നിലവിളികൾ,
അങ്ങനെ എന്തെല്ലാം.

അവ പെയ്തുകൊണ്ടിരിക്കെ ജീവിതം മുന്നോട്ടു പോകുന്നതായി നാം സങ്കൽപ്പിച്ചുകൊണ്ടുമിരിക്കും."

സ്വപ്നരാമൻ പുറത്തെ മഴയിലേക്ക് സൂക്ഷിച്ചു നോക്കി.

പെയ്യുന്നത് എന്തെല്ലാമാണെന്ന് അയാൾ എണ്ണിത്തുടങ്ങി.

ഒരു ചിറക്!
-ജഡായുവിന്റെ !
നാരായം പോലെ മുനയുള്ള ഒരു കൊമ്പ്.
ഒരു കാട്ടാളച്ചെക്കന്റെ പെരുവിരൽ.
ഒരു കാമുകന്റെ മുറിഞ്ഞ ചെവി.
അമ്പേറ്റ ഒരു അരയന്നം.
നീതിമാനായ രാജാവിന്റെ തുടയിലെ മാംസം.

പിന്നെ-
ഛേദിക്കപ്പെട്ട അനേകം അവയവങ്ങൾ."

സ്വപ്നരാമൻ ബുദ്ധന്റെ മുറിവിലേക്ക് സംശയത്തോടെ നോക്കി.

ബുദ്ധൻ പറഞ്ഞു:
" പൂച്ചയുടെയോ, വികൃതിയായ ഒരു കുട്ടിയുടെയോ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഒരു ഗൗളി വാൽമുറിക്കും പോലെ, ഇരതേടിയിറങ്ങുന്ന കാലത്തിൽ നിന്നും രക്ഷപെട്ടോടുകയാണു നമ്മൾ."

സ്വപ്നരാമൻ പുറത്തിറങ്ങി. പുറത്തെ കറുത്ത മഴ ഇപ്പോൾ കാണാനേയില്ല.

സ്വപ്നരാമൻ തിരിഞ്ഞു നോക്കിയപ്പോൾ , പഗോഡയ്ക്കുള്ളിൽ മിന്നാമിനുങ്ങ് ബുദ്ധന്റെ മുറിവിനെ സ്നേഹിക്കുകയാണ്.

മിന്നാമിനുങ്ങിന്റെ നിസ്സഹായമായ കരുണ.

അയാൾ നടന്നു. ആകാശത്തുനിന്ന് ഒരു വലിയ ഇരമ്പം പെയ്തു.

ഒരു ഹെലികോപ്റ്റർ അയാൾക്ക് മുകളിലൂടെ പറന്നുപോയി. അതിന്റെ ഇരമ്പം അയാൾക്കുമേൽ പെയ്യുകയായിരുന്നു..

അതിന്റെ ഇലക്ട്രിക് കണ്ണുകൾ ഇരുട്ടിൽ തിളങ്ങി.

അയാൾ ഹെലികോപ്റ്റർ പോയ ദിശയിലേക്ക് നടന്നു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest