advertisement
Skip to content

"ചോദ്യം ചോദിക്കാൻ മാത്രമേ വേതാളത്തിന് അവകാശം ഉണ്ടായിരുന്നുള്ളൂ. ഉത്തരം മുട്ടുമ്പോൾ ചുറ്റും ചിതറി വീഴുന്ന തലച്ചോറുകൾ അത് ചികയാറില്ലായിരുന്നു."

അദ്ധ്യായം 13
വേതാളം

അയാൾ മരത്തിൽ കയറി. അതിൻ്റെ കൊമ്പിൽ തൂങ്ങിക്കിടന്ന ശവം അടർത്തിയെടുത്തു തോളിലിട്ടു. ഒരു ബ്രാഹ്മണന്റെ ശവം ആയിരുന്നു അതെന്ന് തോളിലെ പൂണൂലിൽ നിന്നും വ്യക്തമായി.

അതിപ്രകാരം അയാളോട് സംസാരിച്ചു:

" ഹേ സഞ്ചാരി. ഞാനാണ് വേതാളം. ഞാനൊരു കഥ പറയാൻ പോവുകയാണ്. അത് ശ്രദ്ധിച്ചു കേൾക്കുക.

ശേഷം ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരവും നൽകുക.

ഉത്തരം തെറ്റുന്നപക്ഷം നിങ്ങളുടെ തല നൂറായി പൊട്ടിച്ചിതറുമെന്ന് ഓർമ്മയിരിക്കട്ടെ."

അയാൾ തൻ്റെയും വേതാളത്തിന്റെയും ഭാരം ചുമന്ന് ചുറ്റും നോക്കി.

അവിടെമ്പാടും ചിതറിയ ശിരസ്സുകൾ കിടന്നിരുന്നു.

ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളിൽ മുട്ടിത്തകർന്ന തലച്ചോറുകൾ.

ചോദ്യങ്ങൾക്ക് മറുചോദ്യമെയ്യുന്ന മരിച്ചിട്ടും മരിക്കാത്ത തുറുകണ്ണുകൾ.

വേതാളം കഥ ആരംഭിച്ചു:

"ചാവുപുരി എന്ന രാജ്യത്ത് മരണസേനൻ എന്ന രാജാവ് ഭരിച്ചിരുന്ന കാലം. ജനങ്ങൾ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.

അദ്ദേഹം നടപ്പിലാക്കിയ നിയമപരിഷ്കാരങ്ങളിൽ ഒന്ന് സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ളതായിരുന്നു.

അതുപ്രകാരം ഓരോ മനുഷ്യനും ഇഷ്ടമുള്ള രീതിയിൽ മരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു.

പ്രസ്തുത നിയമം നടപ്പാക്കുന്ന കാര്യത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധാലുമായിരുന്നു. മരണം എപ്പോൾ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം മാത്രം രാജാവിൽ നിക്ഷിപ്തമായിരുന്നു.

വൻകാടുകളെ നഗരങ്ങളാക്കിയതും, പുഴകൾ പാതകൾ ആക്കിയതും,

വഴിയോരങ്ങളിൽ നീളെ കാറ്റാടി മരങ്ങൾ വച്ച് പിടിപ്പിച്ചതും, സ്വന്തം കഥ ശിലാഫലകങ്ങളിൽ കൊത്തിവെയ്പ്പിച്ചതും, തനിക്ക് അറിഞ്ഞുകൂടാത്ത ഭാഷയിൽ പോലും പുസ്തകങ്ങൾ രചിച്ചതും എല്ലാം അദ്ദേഹത്തിൻറെ കീർത്തികളിൽ പെടുന്നു.

തന്റെ സന്തതിപരമ്പരകൾക്ക് അവകാശപ്പെട്ട രാജസിംഹാസനം, അദ്ദേഹം സ്വർണം പൂശുകയും രത്നങ്ങൾ പതിച്ച് മനോഹരമാക്കുകയും ചെയ്തു. വരുംതലമുറയിലെ ഓരോ രാജാവും കൊല്ലപ്പെടുമ്പോൾ അവരുടെ പ്രതിമകൾ സ്ഥാപിക്കാൻ ഓരോ വഴിക്കവലകളിലും പീഠങ്ങൾ പണിതു സൂക്ഷിക്കുവാൻ അദ്ദേഹം കാണിച്ച ശുഷ്കാന്തി ദീർഘദൃഷ്ടിയുടെ ഉദാഹരണമായി സ്കൂളുകളിൽ പഠിപ്പിച്ചു പോന്നു.

കാലം കടന്നുപോകെ ചാവുപുരിയിൽ വസന്തകാലം വന്നു. അസംബന്ധങ്ങളുടെ വസന്തകാലം എന്ന് ഭാവിയിൽ ചരിത്രകാരന്മാർ രേഖപ്പെടുത്താൻ പോകുന്ന ഒരു വർത്തമാനകാല സത്യമായിരുന്നു അത്.

നിയമങ്ങളും ശിക്ഷാവിധികളും ജീവിതങ്ങളും ഭക്ഷണങ്ങളും മരണങ്ങളും പകലുകളും അർദ്ധരാത്രികളും ഉച്ചകളും പൂക്കളും വെയിലും പാട്ടുകളും മണലും ശവങ്ങളും ഗർഭങ്ങളും മരങ്ങളും കുട്ടിയുടുപ്പുകളും കപ്പലുകളും ഉച്ചഭാഷിണികളും ഔഷധങ്ങളും സാഹിത്യസൃഷ്ടികളും വെറുപ്പുകളും യാത്രയും ചെലവും മൂട്ടകളും അലങ്കാരഗോപുരങ്ങളും പല്ലിമുട്ടകളും എഴുത്തുപെട്ടികളും
രാജകിരീടങ്ങളും വെടിയുണ്ടകളും പിടിവണ്ടികളും രതിയും കഠാരമുനകളും അങ്ങനെ ഒത്തിരിയെല്ലാം കൂടിക്കുഴഞ്ഞ് കലങ്ങിക്കൊണ്ട് ഒരേ നിമിഷം തന്നെ ദേശത്തെ 120 കോടി ബില്യൺ സംഭവങ്ങളായി തരംതിരിക്കുന്ന ഒരു അവസ്ഥ. ആമുഖവും കഥയും അനുബന്ധവും എല്ലാം ഒന്നാകുന്ന , ഒന്നുമല്ലാതാകുന്ന, അവസ്ഥയെന്ന പേരിനുള്ളിൽ തന്നെ നിരവധി ന്യൂക്ലിയാർ സ്ഫോടനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന, വാക്കുകൾ തന്നെ ഇല്ലാതാക്കുന്ന ഒന്ന്. എന്നാൽ എല്ലാത്തിനെയും ചുഴുന്ന ഏറ്റവും ലളിതമായ ഒരു പ്രശ്നവും ഉത്തരവും മാത്രമായി പ്രപഞ്ചം ചുരുങ്ങുന്ന അവസ്ഥയും.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവം ഞാൻ വിവരിക്കാം. നാലു കുതിരക്കാർ ചേർന്ന് ഒരു യുവതിയെ ഭക്ഷിക്കുന്നു. അവളുടെ കുട്ടിയെ ഒരു നായ ഭക്ഷിക്കുന്നു.

നായയെ ശുശ്രൂഷിക്കുന്ന വൃദ്ധൻ ഉറുമ്പുകളെ ദ്രോഹിക്കുന്നു. ഇതിൽ ആരുടെ കൃത്യമാണ് കൂടുതൽ ക്രൂരമായത് എന്ന ചോദ്യം അപ്രസക്തമാണ്. പക്ഷേ- "
പെട്ടെന്ന് കഥ കേട്ട് നടന്നയാൾ കഥയിൽ ഇടപെട്ടു:

" നിർത്ത്"

വേതാളം നിൽത്തിയതും അയാൾ തുടർന്നു:

" ഉത്തരം കിട്ടാത്ത കുറെ കഥകളുമായി, മരക്കൊമ്പിൽ ഒരു ചോദ്യചിഹ്നം പോലെ കിടക്കുന്ന വേതാളമേ-

നിന്റെ കഥകൾ ലോകമെമ്പാടും പറന്നു നടക്കുന്നതിന് ആരാണ് ഉത്തരവാദി ? ആ കഥകൾ പറഞ്ഞുപറഞ്ഞ് അമ്മമാർ കുട്ടികളെ ഉറക്കികികിടത്തി. കഥയുടെ അവസാനം നീ ഇടുന്ന ചോദ്യചിഹ്നങ്ങൾ അവരെ ഉറക്കത്തിൽ പോലും വേദനിപ്പിക്കുന്നുണ്ടാവും."

വേതാളം ഒന്നു പകച്ചു. പിന്നെ ആരാഞ്ഞു:

" നീ ആരാണ് രാജാവേ ?"

മറുപടി ഇപ്രകാരമായിരുന്നു:

"ഞാൻ രാജാവല്ല, അസംബന്ധങ്ങളുടെ വസന്തകാലത്തെ ഒരു സാധാരണ മനുഷ്യൻ. പേര് സ്വപ്നരാമൻ.

നിന്റെ കഥകൾ കേട്ടുറങ്ങുന്ന കുട്ടികളെ ഉണർത്താൻ കവിത തേടി നടക്കുന്ന ഒരു സഞ്ചാരി. "

വേതാളം പിന്നെയും ഒരു ചോദ്യത്തിൽ തൂങ്ങി.

" കഥയും കവിതയും തമ്മിലെന്ത് ?"

സ്വപ്നരാമൻ പ്രതിവചിച്ചു കഥ പറയുന്നവന്റെ പിന്നാലെ ധനം വരും .ധനലക്ഷ്മിയാണൊപ്പം.

എന്നാൽ കവിതയുടെ കൂട്ട് സരസ്വതി മാത്രമാണ്. കവിത ധനം അല്ല. വേദന മാത്രമാണ്. കവിയെ ലോകം നിരാകരിക്കും. ശിക്ഷിക്കും.

കാരണം കഥയെന്നാൽ ഒരു പെരും നുണയാണ്. കവിത കേവലമായ സത്യവും. സത്യമായ കഥകൾ പോലും കവിതകൾ മാത്രമാണ്. "

കഥകേട്ട കുറ്റത്തിന് എന്നോ ശിക്ഷിക്കപ്പെട്ട വേതാളം അസ്വസ്ഥനായി. ശാപമേറ്റ വിപ്രൻ്റെ പ്രാചീനമായ അസ്വസ്ഥത.

സ്വപ്നരാമൻ്റെ മറുപടിയിൽ ലോകം ഒരു കവിതയായി ചുരുങ്ങുന്നത് വേതാളം കണ്ടു.

ചോദ്യം ചോദിക്കാൻ മാത്രമേ വേതാളത്തിന് അവകാശം ഉണ്ടായിരുന്നുള്ളൂ. ഉത്തരം മുട്ടുമ്പോൾ ചുറ്റും ചിതറി വീഴുന്ന തലച്ചോറുകൾ അത് ചികയാറില്ലായിരുന്നു.

സ്വപ്നരാമൻ പറഞ്ഞു:

നിന്റെ കഥയിലെ അമ്മയെയും കുഞ്ഞിനെയുമോർക്കെ എന്റെ ഹൃദയം നുറുങ്ങിപ്പോകുന്നത് നീ കാണുന്നുണ്ടോ?"

ഉത്തരം മുട്ടിയ വേതാളം മടങ്ങിപ്പോയി. ശ്മശാനത്തിലെ ഒരേയൊരു വൃക്ഷത്തിൽ അത് ഒരു ചോദ്യചിഹ്നമായി വീണ്ടും തൂങ്ങി.

സ്വപ്നരാമൻ മുമ്പോട്ട് നീങ്ങി. അയാൾക്ക് ചുറ്റും ശ്മശാനം വളർന്നുകൊണ്ടിരുന്നു.

"വൃക്ഷമാണ് ഉത്തരം ''

അയാൾ വിചാരിച്ചു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
⏭️ തുടരും

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest